ആലപ്പുഴയുടെ ‘ചരിത്രപുരുഷൻ’ മടങ്ങുന്നു
text_fieldsകല്ലേലി രാഘവൻപിള്ള
ആലപ്പുഴ: നഗരത്തിന്‍റെ മുക്കുമൂലകളിൽ ഒളിഞ്ഞിരിക്കുന്ന ചരിത്രാംശങ്ങൾ പറഞ്ഞുതരാൻ ഇനി കല്ലേലി സാറില്ല. തലമുറകൾക്ക് അക്ഷരത്തെളിച്ചവും അറിവും പകർന്ന പ്രിയപ്പെട്ട അധ്യാപകനും ഗ്രന്ഥകർത്താവും സാംസ്കാരിക സംഘാടകനുമൊക്കെയായി നിറഞ്ഞുനിന്ന് ഒരു നൂറ്റാണ്ടോടടുത്ത ജീവിതത്തിന് വിരാമചിഹ്നമിട്ടാണ് കല്ലേലി സാർ മടങ്ങുന്നത്. 97 വയസ്സായിരുന്നു.
കടൽരേഖകൾ പോലെ മാഞ്ഞുപോയ തുറമുഖവും അസ്ഥികൂടം മാത്രമായ കടൽപ്പാലവും ഇന്നും വെളിച്ചത്തിലേക്ക് ദിശകാണിച്ച് തലയുയർത്തി നിൽക്കുന്ന വിളക്കുമാടവും ചൂണ്ടിക്കാട്ടി രാജാ കേശവദാസൻ ആലപ്പുഴ നഗരം പടുത്തുയർത്താനുള്ള കാരണങ്ങൾ പറഞ്ഞുതരാൻ ഇനി ഈ നഗരത്തിൽ ആരുമില്ല.
നഗരവഴികളിൽ ഉയർന്നുനിൽക്കുന്ന ഓരോ കെട്ടിടത്തിലും അടയാളങ്ങളിലും ശേഷിപ്പുകളിലും അമർന്നുകിടക്കുന്ന ചരിത്രം ഇത്രയേറെ ഹൃദിസ്ഥമായ മറ്റൊരാൾ ആലപ്പുഴ നഗരത്തിലില്ല. വട്ടപ്പള്ളിയെന്നും പുലയൻവഴിയെന്നും തിരുവമ്പാടിയെന്നും പിച്ചു അയ്യർ ജങ്ഷൻ എന്നുമൊക്കെ പേരു വന്നതിന്‍റെ പിന്നിലെ ചരിത്രം കുട്ടികൾക്കും മുതിർന്നവർക്കും കഥപോലെ അദ്ദേഹം പറഞ്ഞുകൊടുക്കുന്നത് കേട്ടിരിക്കേണ്ട അനുഭവമായിരുന്നു. ‘ആലപ്പുഴയുടെ വിക്കിപീഡിയ’ എന്ന് അദ്ദേഹത്തെ വിശേഷിപ്പിച്ചത് ജില്ല ഭരണകൂടമാണ്. സുകുമാർ അഴീക്കോട് അദ്ദേഹത്തെ വിളിച്ചത് ‘ആലപ്പുഴയുടെ പുരാണപുരുഷൻ’ എന്നായിരുന്നു. 1985ൽ മികച്ച അധ്യാപകനുള്ള രാഷ്ട്രപതിയുടെ പുരസ്കാരത്തിനും അർഹനായി.
1929 മാർച്ച് 21ന് കളത്തിൽ ഗോപാലപിള്ളയുടെയും കമലമ്മയുടെയും മകനായി ജനിച്ച കല്ലേലി രാഘവൻപിള്ള, സനാതന ധർമ വിദ്യാശാല, ആലപ്പുഴ എസ്.ഡി കോളജ്, ചങ്ങനാശ്ശേരി എൻ.എസ്.എസ് ഹിന്ദു കോളജ്, തിരുവനന്തപുരം യുനിവേഴ്സിറ്റി കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തിരുവനന്തപുരം മാർ തിയോഫിലസ് ട്രെയിനിങ് കോളജിലെ പരിശീലനത്തിനുശേഷം 1952ൽ തന്റെ മാതൃവിദ്യാലയമായ ആലപ്പുഴ എസ്.ഡി.വി സ്കൂളിൽ അധ്യാപകനായി. സാമൂഹികശാസ്ത്രവും ഇംഗ്ലീഷുമായിരുന്നു അദ്ദേഹത്തിന്‍റെ വിഷയം. 1989ൽ പ്രധാനാധ്യാപകനായി വിരമിക്കുന്നതുവരെ 37 വർഷം അവിടെ സേവനമനുഷ്ഠിച്ചു. കഥാസന്ദർഭങ്ങൾ അഭിനയത്തികവോടെ അവതരിപ്പിക്കുന്ന അദ്ദേഹത്തിന്‍റെ ക്ലാസുകൾ ശിഷ്യർ കാലമേറെ കഴിഞ്ഞിട്ടും ഓർത്ത് പറയാറുണ്ട്.
പിന്നീട് 18 വർഷം ആലപ്പുഴ എം.ഇ.എസ് ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ നായകത്വം വഹിച്ചു. ദേശീയ പ്രസ്ഥാനത്തിലും സ്വാതന്ത്ര്യസമരത്തിലും സജീവമായിരുന്നു. ചങ്ങനാശ്ശേരി എൻ.എസ്.എസ് കോളജിൽ പഠിക്കുമ്പോഴാണ് സർ സി.പി. രാമസ്വാമി അയ്യരുടെ ദിവാൻ ഭരണത്തിനെതിരെ വിദ്യാർഥി പ്രതിഷേധമുണ്ടായത്. അതിന്‍റെ മുൻനിരയിലും കല്ലേലിയുണ്ടായിരുന്നു. ക്വിറ്റ് ഇന്ത്യ സമരം, പുന്നപ്ര-വയലാർ സമരം തുടങ്ങിയ ചരിത്രനിമിഷങ്ങളുടെ സാക്ഷികൂടിയാണ് ഓർമയാകുന്നത്.
എം.കെ. സാനു സഹപാഠിയായിരുന്നു. ആലപ്പുഴയിലെത്തിയാൽ കല്ലേലിയെ കാണാതെ സാനു മാസ്റ്റർ മടങ്ങുമായിരുന്നില്ല. നാടകാചാര്യൻ കാവാലം നാരായണപണിക്കർ, ഗാനരചയിതാവ് വയലാർ രാമവർമ തുടങ്ങിയ പ്രമുഖരുമായി ആഴത്തിലുള്ള സൗഹൃദമുണ്ടായിരുന്നു. കാവാലത്തോടൊപ്പം ചേർന്ന് ‘ജനരഞ്ജിനി സഭ’ രൂപവത്കരിച്ച കല്ലേലി, നാടക രചനയിലും അഭിനയത്തിലും സജീവമായിരുന്നു. ജവഹർ ബാലഭവൻ ആരംഭിക്കുന്നതിൽ കാവാലത്തിനൊപ്പം പ്രധാന പങ്കുവഹിച്ച കല്ലേലി സ്ഥാപക ഡയറക്ടറായിരുന്നു.
ചിൽഡ്രൻസ് ഫിലിം സൊസൈറ്റി, ബാലജനസഖ്യം എന്നിവയുടെയൊക്കെ രക്ഷാധികാരിയായിരുന്നു. 13 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. 1964 ൽ ‘നല്ല കുട്ടി’ എന്ന കൃതിക്ക് മികച്ച ബാലസാഹിത്യ പുരസ്കാരം ലഭിച്ചു. പത്രമാസികകളിൽ 500 ലധികം രചനകളും മലയാളരാജ്യം വാരികയിൽ സ്ഥിരം കോളങ്ങളും എഴുതി. മികച്ച പ്രഭാഷകനുമായിരുന്നു.
നെഹ്റു ട്രോഫി വള്ളംകളി സംഘാടക സമിതിയിൽ സുവനീർ എഡിറ്ററായും (1990-2000) പതിറ്റാണ്ടുകളോളം സജീവസാന്നിധ്യമായിരുന്നു. ആലപ്പുഴയുടെ പൈതൃകനഗരം പദ്ധതിയിൽ റിസർച്ച് ആൻഡ് റിസോഴ്സിന് നേതൃത്വം നൽകിയതും അദ്ദേഹമായിരുന്നു. ഭാരത് സേവക് സമാജ്, സാക്ഷരത സമിതി അക്കാദമിക് കൗൺസിൽ, ആലപ്പുഴ രൂപതയുമായി ചേർന്നുള്ള പാലിയേറ്റീവ് കെയർ-രക്തദാന പ്രവർത്തനങ്ങൾ എന്നിവയിലെല്ലാം പങ്കുവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

