വികസനത്തുടർച്ചക്കായി യു. പ്രതിഭ
text_fieldsദേവികുളങ്ങര ത്രിവേണി കടവിലെ സ്വീകരണകേന്ദ്രത്തിൽ
ഇടത് സ്ഥാനാർഥി യു. പ്രതിഭ
കായംകുളം: അകവും പുറവും പൊള്ളുന്ന വേനൽചൂട് ഉച്ചസ്ഥായിയിലേക്ക് കടക്കുന്നതിന് മുമ്പ് രാവിലത്തെ സ്വീകരണപര്യടനം തീർക്കണമെന്ന ലക്ഷ്യവുമായാണ് ദേവികുളങ്ങരയിലെ ത്രിവേണി കടവിൽനിന്ന് ഇടത് സ്ഥാനാർഥി യു. പ്രതിഭയുടെ സ്വീകരണങ്ങൾക്ക് തുടക്കമായത്. സി.പി.എം ജില്ല സെക്രട്ടറി ആർ. നാസറായിരുന്നു ഉദ്ഘാടകൻ. സർക്കാറിന്റെ തുടർച്ചയുടെ അനിവാര്യത അക്കമിട്ടുനിരത്തിയായിരുന്നു പ്രസംഗം. തിങ്കളാഴ്ച രാവിലെ ഒമ്പതിന് രണ്ടാമത്തെ സ്വീകരണ കേന്ദ്രമായ ചെങ്ങാപ്പള്ളി കടവിൽ എത്തേണ്ട സ്വീകരണം വൈകുന്നതിന്റെ ആശങ്ക നേതാക്കളുടെ മുഖത്ത് നിറഞ്ഞുനിൽക്കുന്നു. 9.30ഓടെ സ്ഥാനാർഥി സ്വീകരണ കേന്ദ്രത്തിലേക്ക് എത്തിയതോടെ ഉദ്ഘാടനപ്രസംഗം അവസാനിച്ചു.
പിന്നെ കാര്യങ്ങൾ വേഗത്തിലായി. ഹാരാർപ്പണത്തിന് ശേഷം ഹ്രസ്വമായ വാക്കുകളിൽ സ്ഥാനാർഥിയുടെ മറുപടി. വികസന വിഷയങ്ങൾക്ക് ഒപ്പം തനിക്ക് നേരെയുണ്ടായ അധിക്ഷേപത്തെ വിശദീകരിക്കുന്ന പ്രസംഗം. തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി കെ.എച്ച്. ബാബുജാൻ മുഖ്യ അജണ്ടയായി ഉയർത്തിയതും യു.ഡി.എഫ് നേതാവിൽനിന്നും പ്രതിഭക്ക് നേരെയുണ്ടായ അധിക്ഷേപത്തിന് വോട്ടിലൂടെ മറുപടി നൽകണമെന്ന ആഹ്വാനമായിരുന്നു.n സ്വീകരണം കഴിഞ്ഞപ്പോൾ സെൽഫിക്കാർ സ്ഥാനാർഥിയെ വളഞ്ഞു.
സമയം ഓർമിപ്പിച്ച് നേതാക്കളുടെ ഇടപെടൽ. ഇതോടെ സ്ഥാനാർഥി തുറന്ന ജീപ്പിലേക്ക്. കൈകൾ ഉയർത്തി വീശി നിറപുഞ്ചിരിയോടെ പാതവക്കിൽനിന്നവർക്ക് അഭിവാദ്യവുമായി മുന്നോട്ട്. കായംകുളത്തിന്റെ വികസന നായിക, നാട് അറിയുന്ന നാട്ടുകാർ അറിയുന്ന വികസന വിപ്ലവത്തിന്റെ നായിക യു. പ്രതിഭ ഇതാ കടന്നുവരുന്നുവെന്ന ശബ്ദം പൈലറ്റ് വാഹനത്തിൽനിന്ന് കേട്ട് ജനം പാതയോരങ്ങളിലേക്ക് ഇറങ്ങുമ്പോഴേക്കും അകമ്പടിവാഹനങ്ങളുടെ പ്രഭയിൽ ഇടത് സ്ഥാനാർഥിയുടെ സ്വീകരണപര്യടനം ആവേശം വിതറി മുന്നോട്ട് നീങ്ങി. അകമ്പടിയായി നിരവധി ഇരുചക്രവാഹനങ്ങളും പര്യടനത്തിന് കൊഴുപ്പേകി. നഷ്ടമായ സമയം തിരികെ പിടിക്കുന്നതിനായി ഓരോ സ്വീകരണ കേന്ദ്രങ്ങളിലും അതിവേഗതയിൽ ഹാരാർപ്പണ നടപടികൾ തീർക്കുന്നതിൽ നേതാക്കളുടെ കർശന ഇടപെടൽ.
റോഡുകളും പാലങ്ങളും വികസിച്ചത് ഗ്രാമവും നഗരവുമായുള്ള അകലം കുറക്കുന്നതിന് കാരണമായതായി നേതാക്കൾ ഓരോ കേന്ദ്രങ്ങളിലും വിശദീകരിച്ചു. സ്വീകരണ കേന്ദ്രങ്ങളിൽ കാത്തുനിൽക്കുന്നവരുടെ വിരസതയകറ്റാൻ കൈകൊട്ടിക്കളിക്കാരുടെ സംഘവും പരിപാടിക്ക് കൊഴുപ്പേകുന്നു. രാവിലെ 10.30ന് നിശ്ചയിച്ച ചിറക്കടവം കുറ്റിക്കാട്ട് വയലിൽ സ്വീകരണത്തിനായി സ്ഥാനാർഥി എത്തിയപ്പോൾ സൂര്യൻ ഉച്ചസ്ഥായിയിൽ എത്തിയിരുന്നു. എൽ.ഡി.എഫ് ചെയർമാൻ അഡ്വ. എ. ഷാജഹാൻ, സെക്രട്ടറി കെ.എച്ച്. ബാബുജാൻ, ഷേക് പി. ഹാരീസ്, പി. ഗാനകുമാർ, കോശി അലക്സ്, ബി. അബിൻഷ, പി. അരവിന്ദാക്ഷൻ, എ.എസ്. സുനിൽ, സക്കീർ മല്ലൻചേരിൽ, എസ്. നസീം, എൻ. ശിവദാസൻ തുടങ്ങിയവരാണ് പൈലറ്റ് പ്രാസംഗികരായും അകമ്പടിക്കാരായും ഒപ്പമുണ്ടായിരുന്നത്.
വോട്ടർമാരെ കാണുന്നതിനിടയിലാണ് പ്രതിഭ ‘മാധ്യമത്തോട്’ പ്രതികരിച്ചത്. നൂറുശതമാനം ആത്മവിശ്വാസത്തോടെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നായിരുന്നു പ്രതികരണം. സമാനതകളില്ലാത്ത വികസനമാണ് നടപ്പാക്കിയത്. എം.എൽ.എ എന്ന നിലയിൽ എല്ലാവിഭാഗം ജനങ്ങളുമായി സംവദിക്കാൻ കഴിഞ്ഞു. കഴിഞ്ഞ 10 വർഷത്തെ പ്രവർത്തനങ്ങളിലൂടെ നേടിയ ബന്ധങ്ങളാണ് കരുത്ത്. വലിയൊരു വിഭാഗവുമായി ഹൃദയബന്ധം കാത്തുസൂക്ഷിക്കുന്ന അടുപ്പമുണ്ട്. ഇതെല്ലാം ഭൂരിപക്ഷം വർധിപ്പിക്കുന്ന ഘടകമായി മാറുമെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

