കീച്ചേരിക്കടവ് പാലം തകര്‍ന്ന സംഭവം; അപകടം ക്ഷണിച്ചുവരുത്തിയത്
text_fieldsഅച്ചൻകോവിലാറ്റിൽ കീച്ചേരിക്കടവിൽ തകർന്ന പാലം
ആലപ്പുഴ: നിര്‍മാണത്തിനിടെ മാവേലിക്കര കീച്ചേരിക്കടവ് പാലം തകര്‍ന്ന് രണ്ടുപേര്‍ മരിച്ച സംഭവം ഉദ്യോഗസ്ഥർക്കും കരാറുകാരനുമുണ്ടായത് വലിയ വീഴ്ച. അപകടത്തെ കുറിച്ച് അന്വേഷിച്ച പൊതുമരാമത്ത് വിജിലന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടിൽ വീഴ്ച വ്യക്തമായി വിവരിക്കുന്നു. അച്ചന്‍കോവില്‍ ആറ്റില്‍ മഴവെള്ളത്തിന്റെ കുത്തൊഴുക്കിന് ഒപ്പമെത്തിയ തടി ഇടിച്ചു നിര്‍മാണത്തിലിരുന്ന പാലത്തിന്റെ തൂണിന്റെ ട്രസ് തകര്‍ന്നിരുന്നു. ഇതു കൃത്യമായി ഉറപ്പിക്കാതെ നിര്‍മാണം തുടര്‍ന്നതാണ് അപകടത്തിന് ഇടയാക്കിയത്. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി പെയ്ത മഴയിൽ അച്ചൻകോവിലാറ്റിൽ വലിയതോതിൽ ജലനിരപ്പ് ഉയർന്നിരുന്നു.
വനംവകുപ്പിന്റെ കോന്നി തടി ഡിപ്പോക്ക് സമീപത്തുകൂടി ഒഴുകിവരുന്ന അച്ചൻകോവിലാറ്റിൽ കുത്തൊഴുക്ക് രൂപപ്പെടുമ്പാൾ വൻ തടികൾ ഒഴുകിവരുന്നത് പതിവാണ്. ഇങ്ങനെ എത്തിയ തടി തൂണിന്റെ ട്രസിൽ ഇടിച്ചിരുന്നു. ഇത് കണ്ട സമീപവാസികൾ വിവരം ഉദ്യോഗസ്ഥരെയും കരാറുകാരനെയും അറിയിച്ചു. തടി ഇടിച്ചതിന്റെ ആഘാതത്തിൽ തൂണിന്റെ ചുറ്റുമായി ഇരുമ്പ് പാളങ്ങൾ ഉപയോഗിച്ച് നിർമിച്ചിരുന്ന താങ്ങ് പാടെ ഉലഞ്ഞുവെന്നും അത് ഉറപ്പിക്കാതെ നിർമാണം തുടർന്നാൽ അപകടമാണെന്നും നാട്ടുകാർ ഉദ്യോഗസ്ഥരെയും കരാറുകാരനെയും അറിയിച്ചിരുന്നു. ഇത് മുഖവിലയ്ക്കെടുക്കാതെ നിർമാണവുമായി കരാറുകാരൻ മുന്നോട്ടുപോകുകയായിരുന്നു. ഇതാണ് അപകടത്തിലേക്കും മരണത്തിലേക്കും നയിച്ചതെന്നാണു വിജിലൻസ് റിപ്പോർട്ടിൽ പറയുന്നത്.
വീഴ്ച ബോധ്യമായതിനെ തുടർന്നാണ് കരാറുകാരന് വല്യത്ത് ഇബ്രാഹിംകുട്ടിയെ കരിമ്പട്ടികയില്‍പെടുത്താന്‍ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍ദേശം നല്‍കിയത്. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ട ചുമതലയുണ്ടായിരുന്ന പൊതുമരാമത്ത് പാലം വിഭാഗം അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ടെസി തോമസ്, അസി. എന്‍ജിനീയര്‍ എസ്. ശ്രീജിത്, ഓവര്‍സിയര്‍ വൈ. യതിന്കുമാര് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. പൊതുമരാമത്ത് വകുപ്പ് ജില്ല വിജിലൻസ് ഓഫിസർ കൂടിയായ അസി. എക്സിക്യൂട്ടിവ് എൻജിനീയർ ജീനയുടെ നേതൃത്വത്തിലാണ് തെളിവെടുപ്പും പരിശോധനയും നടന്നത്.
തിങ്കളാഴ്ചയാണ് മാവേലിക്കര കീച്ചേരിക്കടവ് പാലം നിർമാണത്തിനിടെ തകർന്നുവീണത്. അപകടത്തിൽ രണ്ട് തൊഴിലാളികൾ മരണപ്പെട്ടു. സംഭവത്തെത്തുടർന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. മരാമത്ത് വിജിലൻസ് വിഭാഗത്തോടാണ് മൂന്ന് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് മന്ത്രി നിർദേശിച്ചത്.
പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ അജിത് കുമാറും സ്ഥലം സന്ദർശിച്ചിരുന്നു. അദ്ദേഹത്തിനൊപ്പം ഇപ്പോൾ സസ്പെൻഷനിലായ അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ടെസി തോമസും അസി.എൻജിനീയർ ശ്രീജിത്തും ഉണ്ടായിരുന്നു. പാലം നിർമാണത്തിൽ എന്തെങ്കിലും അപാകതകൾ സംഭവിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ ഡെപ്യൂട്ടി ചീഫ് എൻജിനീയറുടെ വിശദ പരിശോധനയിൽ വ്യക്തമാവുമെന്നാണ് കരുതുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.