തേരോട്ടസ്മരണകൾ പുതുക്കി ചെട്ടികുളങ്ങര കുംഭഭരണി ഇന്ന്
text_fieldsആഞ്ഞിലിപ്രാ കരയുടെ കുംഭഭരണി കെട്ടുകാഴ്ചയായ തേരിന്റെ മേൽക്കൂടാരം ഉയർത്തിയപ്പോൾ
മാവേലിക്കര: ഓണാട്ടുകരയുടെ ചരിത്രപ്രസിദ്ധമായ ചെട്ടികുളങ്ങര ഭരണി ഉത്സവം ചൊവ്വാഴ്ച. ഓണാട്ടുകരയിലെ തേരോട്ടസ്മരണകൾ പുതുക്കുന്ന കുംഭഭരണി കെട്ടുകാഴ്ചകൾ ഉച്ചകഴിഞ്ഞ് ക്ഷേത്രത്തിലേക്ക് വന്നുതുടങ്ങും. സന്ധ്യയോടെ കാഴ്ചക്കണ്ടത്തിൽ അണിനിരക്കും. 13 കരകളിൽനിന്നായി കുതിരകൾ, തേരുകൾ, ഭീമൻ ഹനുമാനും പാഞ്ചാലിയും എന്നിവയാണ് കെട്ടുകാഴ്ചയിൽ അണിനിരക്കുന്നത്. പുലർച്ച മുതൽ കുത്തിയോട്ട സംഘങ്ങൾ പാട്ടും ചുവടുമായി ദേവീസന്നിധിയിലേക്ക് വന്നുതുടങ്ങും. ക്ഷേത്രത്തിന്റെ തെക്ക്, വടക്ക്, കിഴക്ക് കവാടങ്ങളിലൂടെയെത്തുന്ന കുത്തിയോട്ടങ്ങളെ മുൻഗണനക്രമത്തിൽ പ്രവേശിപ്പിക്കും.
കുത്തിയോട്ടവഴിപാട് പൂർത്തീകരിച്ചവർ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ കവാടത്തിലൂടെ പുറത്തേക്കു പോകണം. കുത്തിയോട്ടങ്ങൾ കടന്നുവരുന്ന വേളയിൽ ഭക്തർക്ക് സുഗമമായി ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിനായി ഫ്ളൈ ഓവർ സജ്ജീകരിക്കും.
മറ്റം തെക്ക് കരയുടെ കെട്ടുകാഴ്ചയായ ഹനുമാനോടൊപ്പമുള്ള പാഞ്ചാലിക്ക് പുടവ സമർപ്പണം നടത്തുന്നവർ
ഉച്ചയോടെ കുത്തിയോട്ടസമർപ്പണം പൂർത്തിയാകും. വൈകീട്ട് മൂന്നിനുശേഷം കരകളിൽ കെട്ടുകാഴ്ചകൾക്ക് ജീവൻവെച്ചുതുടങ്ങും. ഈരേഴ തെക്ക്, ഈരേഴ വടക്ക്, കൈത തെക്ക്, കൈത വടക്ക്, കണ്ണമംഗലം തെക്ക്, കണ്ണമംഗലം വടക്ക്, പേള, കടവൂർ, ആഞ്ഞിലിപ്രാ, മറ്റം വടക്ക്, മറ്റം തെക്ക്, മേനാമ്പള്ളി, നടയ്ക്കാവ് എന്ന ക്രമത്തിൽ കെട്ടുകാഴ്ചകൾ ക്ഷേത്രത്തിലേക്ക് എത്തിത്തുടങ്ങും.ഏഴോടെ എല്ലാ കെട്ടുകാഴ്ചകളും കാഴ്ചക്കണ്ടത്തിൽ അണിനിരക്കും. കരയുടെ കരുത്താണ് കെട്ടുകാഴ്ചകളുടെ ജീവൻ. ദേവീസന്നിധിയിലേക്കുള്ള കെട്ടുകാഴ്ചക്കൊപ്പം കരക്കാരെല്ലാം ഉണ്ടാകും.
ക്ഷേത്രത്തിലെത്തുന്ന കരക്കാരിൽ ഭൂരിപക്ഷവും അടുത്തദിവസം പുലർച്ച ദേവി എഴുന്നള്ളുന്നതുവരെ കെട്ടുകാഴ്ചക്കൊപ്പം കാത്തിരിക്കും. ദേവിയുടെ എഴുന്നള്ളത്തിനുശേഷം കരകളിലേക്ക് മടക്കയാത്രയാണ്. കുത്തിയോട്ടവും കെട്ടുകാഴ്ചയും കാണാന്‍ നാനാഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിന് ആളുകളാണ് ചെട്ടികുളങ്ങരയില്‍ എത്തുന്നത്. കുംഭഭരണിനാളിൽ ചെട്ടികുളങ്ങര ക്ഷേത്രത്തിൽ മുഴുവൻസമയവും ദർശനം ലഭിക്കും. ചൊവ്വാഴ്ച രാത്രി എട്ടിനുനടക്കുന്ന കുംഭഭരണി സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.
ഗതാഗത നിയന്ത്രണം
കുംഭഭരണി പ്രമാണിച്ച് ചൊവ്വാഴ്ച ചെട്ടികുളങ്ങര മേഖലയിൽ ഗതാഗത നിയന്ത്രണമുണ്ടായിരിക്കും. ഉച്ചയ്ക്ക് ഒന്നുമുതൽ കെട്ടുകാഴ്ചകൾ ക്ഷേത്രത്തിലെത്തുന്നതുവരെയാണ് നിയന്ത്രണം. മാവേലിക്കരയിൽനിന്നു ചെട്ടികുളങ്ങര വഴി കായംകുളം ഭാഗത്തേക്കുള്ള വാഹനങ്ങൾ കണ്ടിയൂരിൽനിന്നു തിരിഞ്ഞ് ഈരേഴ, കൊയ്പള്ളി കാരാഴ്മ, ഒന്നാംകുറ്റി വഴി പോകണം. കായംകുളത്തുനിന്നു തട്ടാരമ്പലം ഭാഗത്തേക്കുള്ള വാഹനങ്ങൾ പത്തിയൂർ, കണ്ണമംഗലം, കരിപ്പുഴ വഴി പോകണം. ചെട്ടികുളങ്ങര ക്ഷേത്രത്തിന്റെ 500 മീറ്റർ ചുറ്റളവിൽ വാഹന പാർക്കിങ് അനുവദിക്കില്ല. ഈരേഴ കൊച്ചാൽത്തറമൂട്ടിൽനിന്നു പടിഞ്ഞാറേക്ക് ഇരുചക്രവാഹനങ്ങൾമാത്രമേ കടത്തിവിടൂ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.