ചെട്ടികുളങ്ങര കുംഭഭരണി;ആവേശത്തിരയിലേറി കെട്ടുകാഴ്ച
text_fieldsമറ്റം വടക്ക് കരയുടെ ചെട്ടികുളങ്ങര കുംഭഭരണി കെട്ടുകാഴ്ചയായ ഭീമൻ ക്ഷേത്രത്തിലേക്ക് പോകുന്നു
മാവേലിക്കര: മതസൗഹാർദത്തിന്റെയും കരവിരുതിന്റെയും വിസ്മയം തീർത്ത് കരകളിൽ ദിവസങ്ങളായി അണിയിച്ചൊരുക്കി വന്ന കെട്ടുകാഴ്ചകള്‍ കാഴ്ചക്കണ്ടത്തിലിറങ്ങിയതോടെ ചെട്ടികുളങ്ങരയിൽ ആവേശം വാനോളമായി.അമ്മക്കൊപ്പം പിറന്നാള്‍ കാഴ്ച കാണാനെത്തിയ പുരുഷാരം ഭക്തിസാഗരത്തില്‍ ആറാടി.കഴിഞ്ഞ ദിനരാത്രങ്ങളില്‍ നാടും നാട്ടുകാരും കൈമെയ് മറന്ന് പ്രയത്നിച്ചാണ് അംബരചുംബികളായ കെട്ടുകാഴ്ചകള്‍ തയാറാക്കിയത്. ദേശക്കാരുടെ മെയ്ക്കരുത്തിന്റേയും കരവിരുതിന്റേയും കലാവൈഭവത്തിന്റേയും നേര്‍ക്കാഴ്ചകളാണ് ഓരോ കെട്ടുരുപ്പടികളും.
ഉച്ചകഴിഞ്ഞ് കരകളില്‍ നിന്നും ആരംഭിച്ച കെട്ടുകാഴ്ചകൾ വയലുകളും വീഥികളും താണ്ടിയാണ് ദേവീദര്‍ശനത്തിനു എത്തിയത്.ശേഷം കരകളുടെ ക്രമത്തിലാണ് കാഴ്ചകള്‍ കണ്ടത്തിലിറങ്ങിയത്. ഈരേഴ തെക്ക്, ഈരേഴ വടക്ക്, കൈത തെക്ക്, കൈത വടക്ക്, കണ്ണമംഗലം തെക്ക്, കണ്ണമംഗലം വടക്ക്, പേള, കടവൂര്‍, ആഞ്ഞിലിപ്ര, മറ്റം വടക്ക്, മറ്റം തെക്ക്, മേനാമ്പള്ളി, നടയ്ക്കാവ് എന്നീ കരകളുടെ ക്രമത്തില്‍ ദേവീദര്‍ശനം നടത്തി കാഴ്ചകണ്ടത്തിലിറങ്ങി നാടിനെ ഭക്തിസാന്ദ്രമാക്കി. ഉച്ചക്ക് വിഭവ സമൃദ്ധമായ സദ്യയൊരുക്കിയാണ് ഭരണി ആഘോഷമാക്കിയത്.
രാവിലെ കുത്തിയോട്ട സമര്‍പ്പണങ്ങളും ക്ഷേത്രത്തില്‍ നടന്നു.ദിവസങ്ങൾക്ക് മുമ്പേ കുത്തിയോട്ട ഭവനങ്ങളില്‍ ആരംഭിച്ച ചടങ്ങുകളും ആചാരപരമായി സമാപിച്ചു.പ്രഭാതത്തില്‍ കുത്തിയോട്ട ഭവനങ്ങളിലെ ചടങ്ങുകള്‍ക്കുശേഷം കുത്തിയോട്ട ബാലന്മാരെ അണിയിച്ചൊരുക്കി ദേവീ സന്നിധിയിലേക്ക് ആഘോഷപൂര്‍വ്വം ഘോഷയാത്രയായി ആനയിച്ചു. അചാര വിശുദ്ധിയോടെയും ചിട്ടവട്ടങ്ങളോടെയും കുത്തിയോട്ടങ്ങള്‍ ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ എത്തിച്ചേർന്നു. ഒരാഴ്ച കുത്തിയോട്ടം പരിശീലിപ്പിച്ച കുത്തിയോട്ട വഴിപാട് ബാലകരെ അമ്മക്ക് ബലി നല്കുന്നു എന്നതാണ് ഇതിന്റെ സങ്കല്‍പ്പം.
വാഴയില വാട്ടിയുടുപ്പിച്ച് കണ്ണെഴുത്തും കുറിയും തലപ്പാവുമായുള്ള കുത്തിയോട്ട ബാലന്മാരുടെ വേഷം പോലും ആചാരപരമാണ്.ബാലന്മാരെ ഒരുക്കി തലയില്‍ കിന്നരിവച്ച തൊപ്പി, മണിമാല, കയ്യില്‍ മടുവും കാപ്പും എന്നിവ ധരിപ്പിച്ച ശേഷം ദേഹമാസകലം കളഭം പൂശി തറ്റുടുപ്പിച്ച് അതിനു മുകളിലായി വാഴയില വാട്ടിക്കെട്ടി അരമണി ചാര്‍ത്തി, ഇരുകൈകളും ശിരസ്സിനു മുകളില്‍ ചേര്‍ത്തു പിടിച്ച് കയ്യില്‍ പഴുക്ക പാക്ക് തറച്ച കത്തി പിടിപ്പിച്ചുമാണ് ക്ഷേത്രത്തിലേക്ക് ആഘോഷമായി എത്തിയത്.
താലപ്പൊലി, വാദ്യമേളങ്ങള്‍, മറ്റ് നിശ്ചല ദൃശ്യങ്ങള്‍ എന്നിവയും കുത്തിയോട്ട ഘോഷയാത്രക്ക് കൊഴുപ്പേകി. അമ്മക്ക് മുമ്പില്‍ സമര്‍പ്പിക്കാനുള്ള പണക്കിഴിയും മറ്റും അടങ്ങുന്ന നെട്ടൂര്‍ പെട്ടിയെന്ന ആമാടപ്പെട്ടി വഴിപാടുകാരനോ അയാള്‍ നിര്‍ദ്ദേശിക്കുന്ന വ്യക്തിയൊ ചുമന്ന് കൊണ്ട് ഘോയാത്രയുടെ ഭാഗമായി. ദേവീ സന്നിധിയില്‍ നാലുപാദം ചുവട് വെച്ചശേഷം ഇടുപ്പില്‍ കോര്‍ത്തിരിക്കുന്ന നൂല് ദേവിക്ക് മുമ്പില്‍ സമര്‍പ്പിക്കുന്നതോടെ കുത്തിയോട്ട വഴിപാട് പൂര്‍ത്തിയായി. വലംവെച്ച് ദേവീസ്തുതി പാടി ചുവടു വെച്ചായിരുന്നു സമര്‍പ്പണം. ഉച്ചക്ക് പന്ത്രണ്ട് മണിയോടു കൂടി എല്ലാ കുത്തിയോട്ടങ്ങളുടെയും സമര്‍പ്പണം നടന്നു.ഇത്തവണ കരകളില്‍ നിന്നും പുറത്തു നിന്നുമായി 14 കുത്തിയോട്ടങ്ങളാണ് ഉണ്ടായിരുന്നത്.ചെട്ടികുളങ്ങര കരകൾക്കുപുറമേ ഹരിപ്പാട്ടും മാന്നാറിലും ഓച്ചിറയിലും ഭരണിക്കാവിലും കണ്ടിയൂരിലും ചുനക്കരയിലുമെല്ലാം ഇത്തവണ കുത്തിയോട്ടം വഴിപാടുണ്ടായിരുന്നു.ബുധനാഴ്ച വെളുപ്പിന് 13 കരകളുടെയും കെട്ടുകാഴ്ച കാണാന്‍ അമ്മ ജീവിതയില്‍ എഴുന്നള്ളുന്നതോടെയാണ് ചടങ്ങുകള്‍ പൂര്‍ത്തിയാകുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.