മാവേലിക്കരയുടെ മനസ്സ് പ്രവചനാതീതം
text_fieldsമാവേലിക്കര നഗരസഭ ഓഫീസ്
മാവേലിക്കര: ശക്തമായ ത്രികോണ മത്സരം നടക്കുന്ന മാവേലിക്കര നഗരസഭയിൽ ഭരണം കൈപ്പിടിയിലാക്കാൻ മുന്നണികൾ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ മുന്നണികൾ ഒപ്പത്തിനൊപ്പം സീറ്റുകൾ നേടി തുല്യശക്തികളായി മാറിയ നഗരസഭയാണ് മാവേലിക്കര. ആകെയുള്ള 28 സീറ്റിൽ മൂന്ന് മുന്നണിക്കും ഒമ്പത് സീറ്റ് വീതമാണ് ലഭിച്ചത്. എന്നാൽ, മൂന്നു മുന്നണിയെയും തോൽപ്പിച്ചു വിജയിച്ചുവന്ന സ്വതന്ത്രൻ കെ.വി. ശ്രീകുമാറാണ് യു.ഡി.എഫ് പിന്തുണയോടെ നാലരവർഷം മാവേലിക്കര നഗരസഭ ഭരിച്ചത്. എന്നാൽ, നാലരവർഷത്തിനുശേഷം കോൺഗ്രസ് തന്നെ അവിശ്വാസം കൊണ്ടുവന്ന് ചെയർമാനെ പുറത്താക്കി.
പിന്നീട് ഇടതുമുന്നണിയിലെ ജനാധിപത്യ കേരള കോൺഗ്രസ് അംഗത്തിന്‍റെ പിന്തുണയിൽ കോൺഗ്രസ് ഭരണം നിലനിർത്തി. തുടർന്ന് സ്വതന്ത്രൻ സി.പി.എമ്മിനൊപ്പം ചേർന്നു. ഈ തെരഞ്ഞെടുപ്പിൽ നഗരസഭ ഭരണം നേടാനുള്ള അശാന്ത പരിശ്രമത്തിലാണ് മൂന്ന് മുന്നണിയും. മിക്ക വാർഡുകളിലും കടുത്ത ത്രികോണ പോരാട്ടമാണ് നടക്കുന്നത്. വലത്, ഇടതുമുന്നണികളുടെ പ്രതീക്ഷകളെ തകർക്കുന്ന എൻ.ഡി.എയുടെ പ്രവർത്തനവും ശ്രദ്ധിക്കപ്പെടുന്നു. എന്നാൽ, മൂന്നു മുന്നണിക്കും വിമതർ ഭീഷണിയുയർത്തുന്നുണ്ട്. സംവരണ വാർഡുകൾക്കു പുറമേ ജനറൽ സീറ്റിലും മൂന്ന് മുന്നണിക്കും വനിത സ്ഥാനാർഥി പല വാർഡുകളിലും മത്സരിക്കുന്നു.
സാമുദായിക സമവാക്യങ്ങൾക്ക് വലിയ പ്രാധാന്യമുള്ള വാർഡുകളിൽ പ്രധാന സമുദായങ്ങൾ ആർക്കൊപ്പം നിൽക്കുമെന്നതും വിജയ പരാജയത്തെ നിർണയിക്കും. മാവേലിക്കര നഗരസഭ നിലവിൽ വന്നതിനുശേഷം ദീർഘകാലം കോൺഗ്രസായിരുന്നു ഭരണം. ഏതാനും വർഷം സി.പി.എമ്മും അധികാരത്തിലെത്തി. കഴിഞ്ഞതവണ ഇരുമുന്നണിക്കൊപ്പം ബി.ജെ.പിയും കരുത്തുതെളിയിച്ചു. ഇക്കുറി നഗരസഭ ഭരണം ഏത് മുന്നണിയിലേക്ക് എത്തുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
ആകെയുള്ള 28 സീറ്റിൽ എൽ.ഡി.എഫിൽ സി.പി.എം -21, സി.പി.ഐ -അഞ്ച്, കേരള കോൺഗ്രസ് (എം) രണ്ട് സീറ്റിലും മത്സരിക്കുന്നു. യു.ഡി.എഫിൽ കോൺഗ്രസ് -24, കേരള കോൺഗ്രസ് -രണ്ട്, കേരള കോൺഗ്രസ് (ജേക്കബ്), ആർ.എസ്.പി എന്നിവ ഒരോ സീറ്റിലും മത്സരിക്കുന്നു. എൻ.ഡി.എയിൽ 28 സീറ്റിലും ബി.ജെ.പിയാണ് മത്സരിക്കുന്നത്. ഭരണത്തുടർച്ചക്ക് യു.ഡി.എഫ് വോട്ടുചോദിക്കുമ്പോൾ കഴിഞ്ഞ അഞ്ചുവർഷത്തെ വികസനമുരടിപ്പാണ് എൽ.ഡി.എഫ് ചൂണ്ടിക്കാണിക്കുന്നത്. ഇരുമുന്നണികളും ഭരിച്ചിരുന്ന കാലയളവിലെ അഴിമതിയാരോപണങ്ങൾ നിരത്തിയാണ് ബി.ജെ.പിയുടെ പ്രചാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

