തെരുവുനായയുടെ ആക്രമണം; മാവേലിക്കരയിൽ 12 പേർക്ക് കടിയേറ്റു
text_fieldsമാവേലിക്കര: പുതിയകാവ്, തഴക്കര, കല്ലുമല പ്രദേശങ്ങളിൽ തെരുവുനായയുടെ ആക്രമണത്തിൽ 12 പേർക്ക് കടിയേറ്റു. പത്ര ഏജന്റ് അറന്നൂറ്റിമംഗലം പുഷ്പ ഭവനത്തിൽ ഡി. മോഹനൻ, പുതിയകാവ് കണ്ടത്തിൽ തറയിൽ രമേശ്, സ്വകാര്യവിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാർഥിനി നവ്യ, പ്രായിക്കര കോട്ടയിൽ ടാക്സി ഡ്രൈവർ കൂടിയായ ആൻറണി ,തഴക്കര കുറ്റിക്കാട്ട് വടക്കേതിൽ അയ്യപ്പൻ, പുതിയകാവിലെ വ്യാപാര സ്ഥാപനത്തിലെ ഡ്രൈവർ രമേശൻ, ഡ്രൈവറായ കല്ലുമല കൈപ്പള്ളി സിബി, കായംകുളം സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന മാന്നാർ സ്വദേശി മണലിൽ തെക്കേതിൽ ശ്രീകുമാർ തുടങ്ങിയവർക്കാണ് കടിയേറ്റത്. ഇവർ മാവേലിക്കര ജില്ല ആശുപത്രിയിൽ ചികിത്സതേടി.
നഗരസഭ പരിധിയിൽ കഴിഞ്ഞ ദിവസം രാവിലെ പത്രവിതരണത്തിനിടെയാണ് മോഹനന് കടിയേറ്റത്. രമേശ് ജോലിക്ക് പോകുമ്പോഴും വിദ്യാർഥിനി നവ്യ വീട്ടിൽനിന്നും പോകുമ്പോഴുമാണ് ചീറിപാഞ്ഞടുത്ത തെരുവ്നായ കടിച്ച് മുറിവേൽപിച്ചത്. നടയ്ക്കാവ് ജങ്ഷന് സമീപം വെച്ച് ജോലിക്ക് പോകുന്ന വഴിയാണ് സിബിക്കും ശ്രീകുമാറിനും കടിയേറ്റത്.
കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ, മിൽക് സൊസൈറ്റി, നഗരസഭ സ്വകാര്യ ബസ് സ്റ്റാൻഡ് പരിസരം, ബുദ്ധ ജങ്ഷൻ, ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ സമീപപ്രദേശങ്ങൾ പുതിയകാവ്, പുന്നമ്മൂട് തുടങ്ങിയ സ്ഥലങ്ങളിലാണ് തെരുവുനായ ശല്യം രൂക്ഷം. പുലർച്ച പത്രവിതരണത്തിന് എത്തുന്നവരുടെ സൈക്കിൾ, ഇരുചക്രവാഹനങ്ങൾ എന്നിവയുടെ പിറകെ കുരച്ചാണ് നായ്ക്കൾ ഓടിയെത്തുന്നത്.
ഇത് അപകടത്തിനും കാരണമാകുന്നുണ്ട്. സൈക്കിൾ നിയന്ത്രണം വിട്ടു ചിലർ വീണ് പരിക്കേറ്റ സംഭവവും ഉണ്ട്. നായ്ക്കളുടെ ശല്യം മൂലം പ്രഭാതസവാരിക്ക് ഇറങ്ങാൻ പോലും കഴിയാത്ത സ്ഥിതിയാണ്. പലരും വടി കൈയിൽ കരുതുന്നുണ്ട്. തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റവർക്ക് സൗജന്യചികിൽസ സൗകര്യം നഗരസഭ ഉറപ്പു വരുത്തണമെന്ന് പൗരമുന്നണി മാവേലിക്കര താലൂക്ക് കമ്മറ്റി ആവശ്യപ്പെട്ടു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.