എ.ഐ ലാബ് മുതൽ ശീതീകരിച്ച കളിസ്ഥലം വരെ; കുട്ടികളെ ആകർഷിക്കാൻ പുതുവഴികളുമായി സ്കൂളുകൾ; പ്രചാരണത്തിൽ മുന്നിൽ അൺഎയ്ഡഡ് സ്കൂളുകൾ; വീടുകയറി അധ്യാപകരും
text_fieldsആലപ്പുഴ: പുതിയ അധ്യയനവർഷത്തിൽ കുട്ടികളെ ആകർഷിക്കാൻ പുതുവഴികൾ തേടി സ്കൂൾ അധികൃതരും അധ്യാപകരും. സ്മാർട്ട് ക്ലാസ് മുറികൾ മാത്രമല്ല, റോബോട്ടിക് എ.ഐ ലാബും ശീതീകരിച്ച കളിസ്ഥലവുമെല്ലാം ഒരുക്കിയാണ് ഇവരുടെ കാത്തിരിപ്പ്. ജില്ലയിലെ വിവിധ സ്കൂളുകളിൽ പുതുതായി പ്രവേശനം നേടുന്നവരെ പാട്ടിലാക്കാനാണ് പുതിയതന്ത്രങ്ങൾ.
സ്കൂളിലെ സൗകര്യങ്ങളും പഠനമികവും ചൂണ്ടിക്കാണിക്കുന്ന രീതികൾക്കൊപ്പം അവരുടെ വീടുകൾ സന്ദർശിച്ചും സമൂഹമാധ്യമങ്ങളിൽ പരസ്യങ്ങൾ നിറച്ചുമാണ് പ്രചാരണം. നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും ഏറ്റവും മികച്ച സ്കൂളുകളാണെന്നും ഉയർത്തിക്കാട്ടും. പ്രമോവിഡിയോകളും പ്രത്യേക ബ്രോഷറുകൾ തയാറാക്കി. കെ.ജി ക്ലാസ് മുതൽ ഹയർസെക്കൻഡറി വരെയുള്ള പുതിയ അഡ്മിഷൻകാർക്കായി പലവിധത്തിലാണ് പ്രചാരണം.
അൺ എയ്ഡഡ് സ്കൂളുകളുടെ പ്രചാരണ രീതികളാണ് മുന്നിൽ. ടെലിവിഷൻകോമഡി താരങ്ങളെ അണിനിരത്തിയുള്ള പരസ്യങ്ങളും വിഡിയോകളും റീൽസുമെല്ലാം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിടുന്നുണ്ട്. കുട്ടികൾക്കായി സമ്മാനപ്പൊതികളും മറ്റുമായി ചിലയിടങ്ങളിൽ അധ്യാപകർ വീടുകൾതോറും സന്ദർശനം നടത്തും. സ്പോൺസർഷിപ്പിലും കുട്ടികളെ കണ്ടെത്തുന്നുണ്ട്. ഹയർ സെക്കൻഡറി സ്കൂളുകളിൽ മിക്കയിടത്തും പത്താംക്ലാസ് പാസാകുന്ന കുട്ടികൾക്ക് സൗജന്യമായി അലോട്ട്മെന്റിന് അപേക്ഷിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
കമ്പ്യൂട്ടർ സെന്ററുകളിൽ പോകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനും കൂടുതൽ ഓപ്ഷനുകൾ കൊടുക്കാൻ സമയം വേണ്ടിവരുമെന്ന കാരണത്തലാണിത്. കൂടാതെ, പ്രത്യേക ഓറിയന്റേഷൻ ക്ലാസുകളുമുണ്ട്. എന്നാൽ, സർക്കാർ-എയ്ഡഡ് സ്കൂളുകളിൽ ചെലവുകുറഞ്ഞ രീതിയിലാണ് പ്രവർത്തനം. സ്കൂളിലും പ്രദേശത്തെ പ്രധാനയിടങ്ങളിലും മികവോത്സവവും ലഘുേലഖകൾ വിതരണവും മറ്റും ചെയ്യുന്നു. അധ്യാപകർ വീടുകൾതോറും കയറിയിറങ്ങി സ്കൂളിന്റെ മികവ് വിവരിക്കും. സർക്കാർ ഔദ്യോഗിക നിർദേശങ്ങൾ നൽകിയിട്ടില്ലെങ്കിലും പല സ്കൂളുകളിലും അനൗദ്യോഗികപ്രവർത്തനം തുടങ്ങിയതായി അധ്യാപകർ പറയുന്നു. വീടുകളിലെ സന്ദർശനം അധ്യാപകരെയും വലക്കുന്നുണ്ട്. അവധി ദിനങ്ങളൊഴികെ സ്കൂൾ തുറക്കുന്നതുവരെ ദിവസവും പ്രവർത്തിക്കണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.