ഹൈബ്രിഡ് കഞ്ചാവ് കടത്ത്; റിയാലിറ്റി ഷോ താരത്തിനും മോഡലിനും നോട്ടീസ്
text_fieldsആലപ്പുഴ: രണ്ടുകോടി വിലമതിക്കുന്ന മൂന്ന് കിലോ ഹൈബ്രിഡ് കഞ്ചാവ് കടത്തിയ കേസുമായി ബന്ധപ്പെട്ട് സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോ താരത്തിനും യുവതിയായ മോഡലിനും എക്സൈസ് അന്വേഷണസംഘം നോട്ടീസ് അയച്ചു. ഇതിനൊപ്പം സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന മറ്റൊരാൾക്കും ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടുണ്ട്. നടൻമാരായ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരോട് തിങ്കളാഴ്ച ആലപ്പുഴയിൽ എത്തണമെന്ന് കാണിച്ച് നോട്ടീസ് നൽകിയതിന് പിന്നാലെയാണ് പുതിയ നീക്കം. ഇതോടെ കേസുമായി ബന്ധപ്പെട്ട് അഞ്ച് പ്രമുഖകരെ അന്വേഷണസംഘം വിശദമായി ചോദ്യംചെയ്യും. അടുത്താഴ്ച ചോദ്യം ചെയ്യാനാണ് പോകുന്നത്.
റിയാലിറ്റി ഷോ താരവുമായി സാമ്പത്തിക ഇടപാടുകൾക്കൊപ്പം പെൺവാണിഭവും നടത്തിയതായിട്ടാണ് കണ്ടെത്തൽ. ഈ അന്വേഷണം നീണ്ടത് പാലക്കാട് സ്വദേശിനിയും കൊച്ചിയിൽ സ്ഥിതതാമസക്കാരിയുമായ മോഡലിലേക്കായിരുന്നു. ഇവർ ഇസ്റ്റഗ്രാമിൽ ഉൾപ്പെടെ പ്രശസ്തയാണ്. ഇവർക്ക് സിനിമ മേഖലയിലും ബന്ധങ്ങളുണ്ട്. ഇവർ മുഖേന തസ്ലീമ പല പെൺകുട്ടികളെയും പ്രമുഖർക്കായി എത്തിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്.
തസ്ലീമയുടെ ഫോണിൽ പ്രൊഡ്യൂസർ എന്ന പേരിൽ ഒട്ടേറെ പേരുകൾ സേവ് ചെയ്തിട്ടുണ്ട്. പെൺവാണിഭത്തിനൊപ്പം കഞ്ചാവ് ഇടപാടുകളും നടന്നതായിട്ടാണ് അന്വേഷണ സംഘഘത്തിന്റെ കണ്ടെത്തൽ. മുഖ്യപ്രതി തസ്ലീമ സുൽത്താനയുടെ (ക്രിസ്റ്റീന -41) ഫോൺ പരിശോധിച്ചപ്പോൾ നടന്മാരടക്കമുള്ളവരുമായി വാട്സ്ആപ് ചാറ്റുകളും ഫോൺവിളികളും ഉണ്ടായിരുന്നതായി തിരിച്ചറിഞ്ഞു. ഇത് ഉറപ്പിക്കുന്നതിനൊപ്പം കഞ്ചാവ് ഇടപാട് നടന്നിട്ടുണ്ടോയെന്ന് തിരിച്ചറിയാനാണ് ആലപ്പുഴയിലേക്ക് വിളിച്ചുവരുത്തി ചോദ്യംചെയ്യുന്നത്.
ഫോൺവിളികൾ കൂടുതലും വാട്സ് ആപ്പിലൂടെയാണ്. ചാറ്റുകൾ പലതും ഡിലീറ്റാക്കിയ നിലയിലായിരുന്നു. ചിലത് വീണ്ടെടുത്തെങ്കിലും കാര്യമായ തെളിവുകൾ ലഭിച്ചില്ല. കഴിഞ്ഞദിവസം കൊച്ചിയിൽ പൊലീസ് സംഘത്തിന് മുന്നിൽ മറ്റൊരു കേസിൽ ചോദ്യം ചെയ്തപ്പോൾ ഷൈൻ ടോം ചാക്കോ ആലപ്പുഴയിലെ കഞ്ചാവ് കടത്തിനെക്കുറിച്ച് ചിലസൂചനകൾ കിട്ടിയിരുന്നു. നടൻ ശ്രീനാഥ് ഭാസിയുമായി തസ്ലീമ വാട്സ് ആപ് ചാറ്റുകൾ നടത്തിയിരുന്നു. ആറുകിലോ ഹൈബ്രിഡ് കഞ്ചാവാണ് വിദേശത്തുനിന്ന് കടത്തിയതെന്നാണ് വിവരം.
ഇതിൽ ആലപ്പുഴയിലേക്ക് എത്തിച്ചത് മൂന്നുകിലോയാണ്. ഇത് ആർക്കുവേണ്ടിയാണെന്ന് കണ്ടെത്തുകയാണ് പ്രധാനം. അഞ്ച് ഫ്ലേവറുകളിലെ കഞ്ചാവാണ് ആലപ്പുഴയിൽ എത്തിച്ചത്. ഒരുകിലോവീതം മൂന്ന് പാക്കറ്റിലായിരുന്നു കടത്ത്. കസ്റ്റഡി കാലാവധി തീർന്നതിനാൽ പ്രതികളായ തസ്ലീമ (ക്രിസ്റ്റീന-41), ഇവരുടെ ഭർത്താവും മുഖ്യസൂത്രധാരനുമായ സുൽത്താൻ അക്ബർ അലി (43), കൂട്ടാളി കെ. ഫിറോസ് (26) എന്നിവരെ വ്യാഴാഴ്ച വൈകീട്ട് ആലപ്പുഴ ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. പ്രമുഖകരെയടക്കം ചോദ്യംചെയ്തതിനുശേഷം ആവശ്യമെങ്കിലും വീണ്ടും കസ്റ്റഡി അപേക്ഷ നൽകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.