കാലവർഷമെത്തി; തീരവാസികൾക്ക് ഉറക്കമില്ലാ രാത്രികൾ
text_fieldsകടൽഭിത്തിയില്ലാത്ത കണ്ണമാലി മേഖലയിലെ കടലേറ്റം
പള്ളുരുത്തി: കാലവർഷമെത്തി, മഴ കനത്ത് തുടങ്ങി. ചെല്ലാനം പുത്തൻതോട് മുതൽ ഫോർട്ടുകൊച്ചി വരെയുള്ള തീരവാസികൾക്ക് ഉറക്കമില്ലാത്ത രാവുകളാണിനി. ഏത് സമയത്തും ഉണ്ടാവുന്ന കടൽക്ഷോഭത്തിൽ വീടുകൾ കടലെടുക്കാമെന്നതാണ് ഇവരുടെ ഉറക്കംകെടുത്തുന്നത്. ഇതുവരെ സ്വരുകൂട്ടിയതെല്ലാം നഷ്ടപ്പെടാൻ നിമിഷങ്ങൾ മതി. രാത്രികളിൽ കടലിരമ്പൽ കാതോർത്താണ് ഗൃഹനാഥർ കിടക്കുന്നത്. തിരമാലകളുടെ സ്വാഭാവിക താളത്തിന് മാറ്റമുണ്ടായാൽ അത്യാവശ്യ സാധനങ്ങളും വസ്ത്രങ്ങളുമെടുത്ത് കുട്ടികളെയും കുടുംബാംഗങ്ങളുമായി രക്ഷപ്പെട്ട് ഓടണം. തയാറെടുപ്പെന്ന നിലയിൽ അത്യാവശ്യ സാധനങ്ങൾ പ്ലാസ്റ്റിക് കിറ്റുകളിലായി നേരത്തെ കെട്ടിവെച്ചിരിക്കുകയാണ്.
അസുഖബാധിതരെയും പ്രായമായവരേയും ദൂരെയുള്ള ബന്ധുവീടുകളിലേക്ക് നേരത്തെ തന്നെ മാറ്റിക്കഴിഞ്ഞു. തീരവാസികളുടെ ദശാബ്ദങ്ങളായുള്ള നെട്ടോട്ടമാണിത്. കടൽകയറ്റത്തിന് പരിഹാരമായി ചെല്ലാനത്ത് ടെട്രാപോഡ് കടൽഭിത്തി പദ്ധതി നടപ്പാക്കുമെന്ന് അറിഞ്ഞപ്പോൾ തീരത്തെ എല്ലാ കുടുംബങ്ങളും ദുരിതത്തിന് പരിഹാരമാകുമെന്ന് ആശ്വസിച്ചു. ഒന്നാം ഘട്ടം നടപ്പായെങ്കിലും തെക്കൻ ചെല്ലാനത്ത് മാത്രമായി ഒതുങ്ങി. തെക്കൻ മേഖലയിൽ ടെട്രാപോഡ് ഭിത്തി വന്നപ്പോൾ വടക്കൻ മേഖലയിൽ കടലാക്രമണത്തിന് ആക്കം കൂടി. വടക്കൻ ചെല്ലാനം മേഖലൽ കഴിഞ്ഞ വർഷം ശക്തമായ കടൽക്ഷോഭമാണ് ഉണ്ടായത്.
തകർന്നുകിടക്കുന്ന കടൽഭിത്തികൾ
കണ്ണമാലി മുതൽ വടക്കോട്ട് പല മേഖലകളിലും തിരകളെ തടുക്കാൻ മുൻകാലങ്ങളിൽ സ്ഥാപിച്ച കടൽഭിത്തികൾ തകർന്നുകിടക്കുകയാണ്. പലയിടങ്ങളിലും കടൽഭിത്തിക്കായി സ്ഥാപിച്ച കരിങ്കല്ലുകൾ മണ്ണിനടിയിൽ താഴ്ന്നു. തീരെ കടൽഭിത്തിയില്ലാത്ത സ്ഥലങ്ങളും ഏറെയാണ്. വർഷങ്ങളായി കടൽഭിത്തിയുടെ അറ്റകുറ്റപണികൾ നടന്നിട്ടില്ല. എല്ലാ വർഷവും തകർന്നുകിടക്കുന്ന കല്ലുകൾക്ക് മുകളിൽ മണ്ണുമാറ്റി യന്ത്രം ഉപയോഗിച്ച് മണൽ വാട സ്ഥാപിക്കാറുണ്ട്. എന്നാൽ ഇക്കുറി മഴക്ക് മുമ്പ് മുന്നൊരുക്കങ്ങൾ ഒന്നും നടന്നില്ലെന്ന് തീരവാസികൾ പറയുന്നു. ജിയോ ബാഗുകൾ സ്ഥാപിക്കുന്ന നടപടികളടക്കം അടിയന്തര സാഹചര്യം കണക്കിലെടുത്തുള്ള ഇടപെടലുകൾ അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്നാണ് പറയുന്നത്.
വാഗ്ദാനങ്ങൾക്ക് കുറവില്ല
കഴിഞ്ഞ ഏപ്രിൽ 11ന് ചെല്ലാനം-കൊച്ചി ജനകീയവേദി നടത്തിയ കലക്ടറേറ്റ് മാർച്ചിനെ തുടർന്ന് മെയ് 15നകം താൽകാലിക പ്രതിരോധ പ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്ന് ജില്ല കലക്ടർ ഉറപ്പു നൽകിയെങ്കിലും പാഴ്വാക്കായി. കരയിൽ കയറുന്ന കടൽവെള്ളം ഒഴുകിപ്പോകുന്നതിനുള്ള തോടുകളുടെ ശുചീകരണവും ഇതുവരെ നടന്നിട്ടില്ല. പാതിവഴിയിൽ നിന്നുപോയ ടെട്രാപോഡ് കടൽഭിത്തി നിർമാണം പുനരാരംഭിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ ഉൾപ്പെടെ വാഗ്ദാനം നൽകിയിരുന്നെങ്കിലും നടപടികൾ എങ്ങും എത്തിയില്ല. 2023 ജൂൺ ഒമ്പതിന് മന്ത്രി പ്രഖ്യാപിച്ചത് നവംബർ ഒന്നിന് രണ്ടാം ഘട്ടം ആരംഭിക്കുമെന്നും 247 കോടി ഇതിനായി മാറ്റിവെച്ചിട്ടുണ്ടെന്നുമാണ്.
കഴിഞ്ഞ ബജറ്റിൽ കേരള സർക്കാർ പ്രഖ്യാപിച്ച 100 കോടി രൂപയുടെ ജിയോ ട്യൂബ് കൊണ്ടുള്ള ഓഫ്ഷോർ ബ്രേക്ക് വാട്ടർ വാൾ പദ്ധതിയിൽ മാനാശ്ശേരി, സൗദി ബീച്ച് റോഡ് പ്രദേശങ്ങളെ ഉൾപ്പെടുത്തണമെന്ന് തീരവാസികൾ ആവശ്യപ്പെട്ടെങ്കിലും പരിഗണിക്കാൻ സർക്കാർ തയ്യാറായില്ലെന്ന് ചെല്ലാനം-കൊച്ചി ജനകീയവേദി കൺവീനർ വി.ടി സെബാസ്റ്റിൻ പറഞ്ഞു. എ.ഡി.ബി വായ്പ ലഭ്യമാക്കി ടെട്രോപോഡ് കടൽഭിത്തി നിർമാണം പുനരാരംഭിക്കുമെന്ന വാഗ്ദാനവും ഇഴഞ്ഞുനീങ്ങുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ടെട്രാപോഡ് പദ്ധതി
കടൽക്ഷോഭത്തിന് പ്രതിവിധിയായി ഏറ്റവും ഫലവത്തായ പദ്ധതിയാണ് ടെട്രാപോഡ് കടൽഭിത്തി. ഇത് സ്ഥാപിച്ചതോടെ ഏറ്റവും രൂക്ഷമായി കടൽക്ഷോഭം അനുഭവപ്പെട്ടിരുന്ന തെക്കൻ ചെല്ലാനം മേഖല ഏറെ സുരക്ഷിത തീരമായി മാറി. വടക്കൻ മേഖലയിൽ കൂടി ടെട്രാപോഡ് സ്ഥാപിച്ചാൽ മാത്രമേ പ്രദേശം മുഴുവൻ കടൽക്ഷോഭ ഭീഷണിയിൽ നിന്ന് മോചിതമാവുകയുള്ളു. ഇതിനായി 247 കോടി രൂപ അനുവദിച്ചുവെന്ന് മന്ത്രിമാരായ റോഷി അഗസ്റ്റിൻ, പി. രാജീവ് എന്നിവർർ പ്രഖ്യാപിച്ചിട്ടും പദ്ധതിക്ക് അനക്കമില്ലാത്തതാണ് നാട്ടുകാരുടെ ആശങ്ക വർധിപ്പിക്കുന്നത്. പതിനഞ്ചര കിലോമീറ്റർ നീളത്തിൽ ടെട്രാപോഡ് സ്ഥാപിക്കുമെന്നാണ് പറഞ്ഞിരുന്നത്. ഇതിൽ 7.36 കിലോമീറ്റർ തീരത്ത് ടെട്രാപോഡ് സ്ഥപിച്ചു. ബാക്കി വരുന്ന എട്ടു കിലോമീറ്റർ ദൂരത്ത് ഇനി എന്ന് പണി തുടങ്ങുമെന്നാണ് ചോദ്യം ഉയരുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.