റെയില്‍വേ ട്രാക്കില്‍ ദുരൂഹസാഹചര്യത്തില്‍ യുവാവ് മരിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ
text_fieldsഅമ്പലപ്പുഴ: റെയില്‍വേ ട്രാക്കില്‍ ദുരൂഹസാഹചര്യത്തില്‍ യുവാവ് മരിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ പുന്നപ്ര പൊലീസിൽ പരാതി നൽകി. പുന്നപ്ര ആദ്യപാഠം ജങ്ഷന് സമീപം പുതുവൽ ബൈജുവിന്റെയും സരിതയുടെയും മകൻ നന്ദുവാണ് (20) ഞായറാഴ്ച രാത്രി ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.
വ്യാഴാഴ്ച പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ നന്ദുവിന്റെ വീട് സന്ദർശിച്ചു. മരണത്തിന് പിന്നില്‍ ലഹരിമാഫിയയുടെ ബന്ധമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രദേശത്ത് സി.പി.എം ഒത്താശയോടെ ലഹരിമാഫിയ തഴച്ചുവളരുകയാണ്. പൊലീസ് സത്യസന്ധമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. മരിക്കുന്നതിന് മുമ്പ് വീട്ടിൽ നിന്നിറങ്ങി പോയ നന്ദുവിനെ സഹോദരിയും ബന്ധുവും മാറി മാറി ഫോണിൽ വിളിച്ചു. ഇവരോട് സംസാരിച്ച വിവരങ്ങളില്‍ രണ്ടു യുവാക്കളുടെ പേരെടുത്ത് പറയുന്നുണ്ട്. സങ്കടത്തോടെ ബന്ധുക്കൾ കേണപേക്ഷിക്കുന്നുണ്ടെങ്കിലും ട്രെയിൻ വരുന്ന ശബ്ദമാണ് പിന്നീട് കേട്ടത്. ഇതോടെ ഫോൺ നിശ്ചലമായി.
അതേസമയം, നന്ദു മരിക്കുന്നതിന് തലേ ദിവസം പ്രദേശത്തെ ഒരുപറ്റം യുവാക്കൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിൽ നന്ദുവും ഉൾപ്പെട്ടിരുന്നു. നന്ദുവിനെ മർദിച്ചത് പ്രദേശത്തെ ഡി.വൈ.എഫ് ഐ ക്കാരാണെന്നാണ് ആരോപണം. ഇവർക്കെതിരെ പുന്നപ്ര പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.