പാഠം ഒന്ന് പാടത്തേക്ക്; 50 സെന്റിൽ കൃഷിയിടം
text_fieldsമുഹമ്മ എ.ബി വിലാസം സ്കൂളിലെ കൃഷിയിടം,പച്ചക്കറികൾ സ്കൂൾ അടുക്കളയിലേക്ക്...
മുഹമ്മ: സ്വന്തം കൃഷിയിടത്തിൽനിന്ന് കൃഷി പാഠങ്ങൾ പഠിച്ച് മുഹമ്മ എ.ബി വിലാസം സ്കൂൾ വിദ്യാർഥികൾ. പാഠപുസ്തകതാളുകളിൽ കണ്ട് പരിചയിച്ച പച്ചക്കറികളും നെല്ലുമൊക്കെ ഇവരുടെ കുട്ടിത്തോട്ടത്തിൽ വിളഞ്ഞുതുടങ്ങി. ഇപ്പോൾ 50 സെന്റിലാണ് കൃഷി തുടങ്ങിയിട്ടുള്ളത്. വിദ്യാലയ മുറ്റത്ത് പാടം ഒരുക്കി ‘ഉമ’ നെല്ലാണ് കൃഷി ചെയ്യുന്നത്. കൂടെ മത്സ്യക്കുഞ്ഞുങ്ങളെയും നിക്ഷേപിച്ചിട്ടുണ്ട്.
വെണ്ട, പച്ചമുളക്, പടവലം, ചീര, മാരാരിക്കുളം വഴുതന തുടങ്ങിയവ ജൈവവളം ഉപയോഗിച്ചാണ് കൃഷിചെയ്യുന്നത്. ആദ്യഘട്ടത്തിൽ വിളവെടുത്ത ചീരയും ഒന്നിടവിട്ട ദിവസങ്ങളിൽ എടുക്കുന്ന വെണ്ടക്കയും കുട്ടികളുടെ ഉച്ചഭക്ഷണാവശ്യത്തിനായി നൽകുന്നു. ലോക നാട്ടറിവ് ദിനത്തിലാണ് നടീൽ ഉത്സവം സംഘടിപ്പിച്ചത്. വീട്ടാവശ്യങ്ങൾക്ക് പ്രയോജനപ്പെടുന്ന വാമന എന്ന കുറിയയിനം പടവലമാണ് കൃഷിചെയ്യുന്നത്. രാജകുടുംബങ്ങളിലേക്ക് കയറ്റി അയച്ചിരുന്ന മാരാരിക്കുളം വഴുതനയുടെ പ്രാധാന്യം കുട്ടികളെ പഠിപ്പിക്കും.
ഇപ്പോൾ കോളിഫ്ലവർ, കാബേജ് എന്നിവയും കൃഷി ചെയ്യുന്നുണ്ട്. അടുത്ത ദിവസം തണ്ണിമത്തൻ, ഷെമാം, മീൻ കൃഷി എന്നിവ തുടങ്ങും. ഇതിനായി സ്കൂളിനോട് ചേർന്ന അരഏക്കറോളം ഭൂമി പാകപ്പെടുത്തിയെടുത്തിട്ടുണ്ട്. കൃഷിയുമായി ബന്ധപ്പെട്ട നാട്ടറിവുകൾ കുട്ടികൾക്ക് പകർന്നു നൽകാൻ പാരമ്പര്യ കർഷകർ സ്കൂളിൽ എത്തും. കൂടാതെ തോട്ടത്തിൽ കാർഷിക വായനശാലയും ഒരുക്കും.
പി.ടി.എ അംഗവും സംസ്ഥാന കർഷക അവാർഡ് ജേതാവുമായ കെ.പി. ശുഭകേശനാണ് മേൽനോട്ടം വഹിക്കുന്നത്. ജില്ല പ്രിൻസിപ്പൽ കൃഷി ഓഫിസർ അടക്കമുള്ള കൃഷി ഉദ്യോഗസ്ഥരുടെ ക്ലാസുകളും നിർദേശങ്ങളും കുട്ടികൾക്ക് ലഭ്യമാക്കും. എസ്.പി.സി, എൻ.സി.സി, എൻ.എസ്.എസ്, സ്കൗട്ട് ആൻഡ് ഗൈഡ്, റെഡ് ക്രോസ്, ലിറ്റിൽ കൈറ്റ്സ് യൂനിറ്റുകൾ കൃഷിയിൽ പങ്കാളികളായി. മാനേജ്മെന്റിന്റെ സഹായത്തോടെയാണ് കൃഷി തുടങ്ങിയത്. തോട്ടത്തിൽ മനോഹരമായ പാലവും ഇരിപ്പിടങ്ങളും സെൽഫി പോയന്റും ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന പച്ചക്കറി വിളവെടുപ്പ് കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ജെ. ജയലാൽ, പ്രിൻസിപ്പൽ ബിജോ കെ. കുഞ്ചെറിയ, പ്രധാനാധ്യാപിക നിഷ ദയാനന്ദൻ, കൃഷി കൺവീനർ വി.വി. വിനിത, അധ്യാപകർ, പി.ടി.എ പ്രസിഡന്റ് കെ.എസ്. ലാലിച്ചൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കൃഷി മുന്നോട്ട് പോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

