സീറ്റും പോയി കാശും പോയി; സങ്കടക്കടലിൽ ചെറുനേതാക്കൾ
text_fieldsകായംകുളം: ‘കാത്തുവെച്ചൊരു കസ്തൂരി മാമ്പഴം കാക്ക കൊത്തി പോയ...’ എന്ന സ്ഥിതിയിലാണ് നഗരത്തിലെ സീറ്റ് മോഹികൾ. കാശ് നഷ്ടം, സമയവും പോയി, സീറ്റ് കിട്ടിയതുമില്ല. ഈ ഗതിയിലെത്തിയ പലരും കയറെടുക്കുന്ന വാർത്തകൾ വരുന്നുണ്ടെങ്കിലും ഇവിടെയാരും ഇതുവരെ അതിന് തുനിഞ്ഞിട്ടില്ല. പൊതുപ്രവർത്തനവും രാഷ്ട്രീയവും ഉപേക്ഷിക്കണമെന്നുവരെ ചിന്തിക്കുന്ന സ്ഥിതിവരെയേ അവരെത്തിയിട്ടുള്ളൂ എന്നാണറിവ്. അഞ്ചുവർഷം പ്രവർത്തിച്ച് സ്വന്തമാക്കിവെച്ച വാർഡ് മറ്റൊരുത്തൻ കൊത്തിക്കൊണ്ടുപോയതിന്റെ സങ്കടം എത്രയെന്ന് അനുഭവിക്കുന്നവർക്കല്ലേ അറിയൂ.
ചിലർക്ക് കിട്ടി, ചിലർക്ക് കിട്ടിയില്ല കിട്ടിയോരുടേത് ശരിയാകുന്ന മട്ടുമില്ല എന്നതാണ് സ്ഥിതി. വോട്ടർമാരെ പാട്ടിലാക്കുന്നതിനെക്കാൾ തന്ത്രങ്ങൾ സീറ്റൊപ്പിക്കാൻ പയറ്റിയിട്ടും അതൊന്നും ഏശാതെ പോയതിന്റെ സങ്കടം ചിലർ കരഞ്ഞു തീർക്കുകയാണത്രെ. വാർഡ് സ്വന്തമാക്കാൻ നേതാക്കളെ വേണ്ടവിധം കാണാനും സേവപിടിക്കാനും മെനക്കെട്ട് സമയംകളയാതെ അന്നേ സ്വതന്ത്രനായി കളത്തിലിറങ്ങിയിരുന്നെങ്കിൽ സുഖമായി ജയിച്ചു കയറാമായിരുന്നുവെന്ന് പറയുന്നവരുമുണ്ട്. കോൺഗ്രസിൽ വാർഡ് കമ്മിറ്റി മുതൽ കെ.പി.സി.സിയുടെ കോറും വാറും കമ്മിറ്റിയും വരെ ചേർന്നിട്ടും ചിലരുടെ കാര്യത്തിൽ തീരുമാനം എടുക്കാനാകുന്നില്ലെന്നതാണ് സ്ഥിതി.
‘ഇപ്പ ശര്യാക്കിത്തരാം’ എന്നാണ് സ്ഥാനാർഥിയാരെന്നറിയാൻ കാത്തിരിക്കുന്നവരോട് നേതാക്കൾ പറയുന്നത്. എപ്പ ശര്യാവുമെന്നതിൽ നേതാക്കൾക്കും നിശ്ചയമില്ലെന്നാണ് അണികളുടെ അടക്കംപറച്ചിൽ. ഒരു പരുവത്തിന് പിടിച്ചുവെച്ചിരുന്ന വാർഡ് ഘടകകക്ഷിക്കാർ കൊണ്ടുപോകുന്നത് കണ്ട് ബോധം പോയവരുണ്ട്. അടുത്ത സീറ്റിലേക്ക് ചാടാനൊരുങ്ങുന്നവരും ആ സീറ്റിൽ മുൻകൂട്ടി നിലയുറപ്പിച്ചവരും തമ്മിലെ പിടിവലിയുടെ ആരവവും നഗരത്തിലുണ്ട്. പത്രിക നൽകുന്നതിനു മുമ്പെങ്കിലും എല്ലാം ശര്യാക്കണമെന്ന മുന്നറിയിപ്പ് ഇപ്പോൾ പ്രവർത്തകർ നേതാക്കൾക്ക് നൽകി തുടങ്ങിയിട്ടുണ്ട്.
കോൺഗ്രസിനേക്കാൾ കടുപ്പത്തിലാണ് സി.പി.എമ്മിലും കാര്യങ്ങൾ. കണ്ണിലെ കൃഷ്ണമണിപോലെ വാർഡിനെ കരുതിനിന്നവരെ ലോക്കൽ കമ്മിറ്റി മുതൽ മുകളിലോട്ടുള്ളവർ വരെ വെട്ടിനിരത്തുന്നത് കേഡർ ഘടനയിൽ കണ്ടുനിൽക്കാനേ മോഹമനവുമായി ഇറങ്ങിയവർക്ക് കഴിയുന്നുള്ളൂ. എം.എൽ.എക്കൊപ്പം നാട് വികസിപ്പിക്കാൻ ഇറങ്ങിയവരോടെല്ലാം തൽക്കാലം വിശ്രമിക്കാനാണ് നേതൃത്വം പറഞ്ഞിരിക്കുന്നത്. ഇവർ കണ്ടുവെച്ച വാർഡുകളിൽ കിലോമീറ്റർ അപ്പുറത്തുനിന്ന് സ്ഥാനാർഥികളെ ഇറക്കിയാണ് പണികൊടുത്തത്. ഇക്കാലം വരെ ഇടത് സ്വതന്ത്രയായി മത്സരിച്ചയാൾ സമ്പൂർണ സ്വതന്ത്രയായി സ്വന്തംനിലക്ക് രംഗത്തിറങ്ങിയത് പാർട്ടിക്ക് പണിയാകുമോ എന്നത് തെരഞ്ഞെടുപ്പ് കഴിഞ്ഞേ അറിയാൻ കഴിയൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

