തെരുവുനായ് നിയന്ത്രണം; പേവിഷബാധ പ്രതിരോധത്തിന് കർമപദ്ധതി
text_fieldsതെരുവ്-വളർത്തുനായ്ക്കളുടെ നിയന്ത്രണത്തിനായി ആലപ്പുഴയിൽ സംഘടിപ്പിച്ച ശിൽപശാല ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്യുന്നു
ആലപ്പുഴ: ജില്ലയില്‍ തെരുവുനായക്കളുടെ നിയന്ത്രണത്തിനും പേവിഷബാധ പ്രതിരോധത്തിനും കര്‍മ്മപദ്ധതിയായി. ഇതിന്റെ ഭാഗമായി ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഒരുമാസം നീളുന്ന കാമ്പയിൻ നടത്തും. ജില്ല പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വളർത്തു-തെരുവ്നായക്കളുടെയും നിയന്ത്രണപരിപാടി തയാറാക്കൻ ശില്പശാല നടത്തി. പേവിഷബാധക്കെതിരായ വാക്സിനേഷന്, തെരുവുനായശല്യം എന്നിവ ചര്‍ച്ചയായി. പേവിഷബാധയ്ക്കെതിരായ റാബിസ് വാക്സിന് കാര്യക്ഷമമാണെന്ന് തെളിഞ്ഞു. കഴിഞ്ഞവര്‍ഷം ജില്ലയില്‍ 13,571 തെരുവുനായ്ക്കളെ വാക്സിനേഷന് വിധേയമാക്കി. ആലപ്പുഴ നഗരസഭയില്‍ 77ശതമാനം വാക്സിനേഷന് പൂര്‍ത്തിയാക്കി.
തെരുവ് നായ്ക്കളുടെ എണ്ണംനിയന്ത്രിക്കാൻ എ.ബി.സി സെന്ററുകളുടെ പ്രവര്‍ത്തനം കൂടുതല്‍ വേഗത്തിലാക്കാൻ നടപടി സ്വീകരിക്കും. നിലവില്‍ കേന്ദ്രമൃഗസംരക്ഷണ ബോര്‍ഡ് അംഗീകാരത്തിലുള്ള കണിച്ചുകുളങ്ങരയിലെ എ.ബി.സി സെന്ററില്‍ ഡോക്ടര്‍മാര്‍, സര്‍ജിക്കല്‍ ഉപകരണങ്ങള്‍ എന്നിവ വര്‍ധിപ്പിക്കും. സംസ്ഥാനത്ത് ആരംഭിക്കുന്ന ഏഴ് പോര്‍ട്ടബിള്‍ എ.ബി.സി സെന്ററുകളില്‍ ഒന്ന് ജില്ലയില്‍ അനുവദിക്കാൻ സംസ്ഥാനസര്‍ക്കാരിനോട് ശിപാര്‍ശ ചെയ്യും.
ജില്ലയില്‍ ആവശ്യമായ നായ്പിടുത്തക്കാരില്ലാത്തത് പ്രശ്നമാണ്. അതിനാൽ താല്പര്യമുള്ളവര്ക്ക് അടിയന്തരമായി പരിശീലനം നൽകും. സ്കൂളുകള്‍, അംഗൻവാടികള്‍ എന്നിവയുടെ പരിസരങ്ങളില്‍ പ്രത്യേക ഹോട്ട് സ്പോട്ടുകൾ കണ്ടെത്തി വാക്സിനേഷന്, ക്യാച്ചര്‍ തുടങ്ങിയ സേവനങ്ങള്‍ ഉറപ്പാക്കും. ജില്ലയില്‍ ഏറ്റവുമധികം തെരുവുനായ്ക്കളുടെ കടിയേറ്റ പഞ്ചായത്ത്, പ്രദേശം എന്നിവ കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തും. തദ്ദേശസ്ഥാപനങ്ങള്‍ വഴി നായ, പൂച്ച എന്നിവയെ വളര്‍ത്തുന്നതിനുള്ള ലൈസന്‍സ് നിര്‍ബന്ധമാക്കാനും വാക്സിനേഷന് എടുക്കാനുള്ള നടപടി കര്‍ശനമാക്കും.
നായ വളര്‍ത്തുന്നയാള്‍ക്ക് അതിന്റെ പൂര്‍ണ ഉത്തരവാദിത്വം നല്‍കുന്നതിനുള്ള നിയമവും നടപ്പാക്കും. തെരുവ് നായ്ക്കളെ ഫീഡ് ചെയ്യുന്നതിന് ലൈസന്‍സുള്ള അനിമല്‍ ഫീഡേഴ്സിനെ കണ്ടെത്തി ഇതിനായി പ്രത്യേകപ്രദേശം തിരിച്ചുനല്‍കും. സ്വകാര്യ വ്യക്തികള്‍, മൃഗസംരക്ഷണ സംഘടനകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെ തെരുവുനായ്ക്കള്‍ക്കായി ഷെല്‍ട്ടര്‍, ഫീഡിങ് സ്റ്റേഷനുകള്‍, പുനരധിവാസ കേന്ദ്രങ്ങള്‍ തുടങ്ങിയവ ഒരുക്കും. പഞ്ചായത്ത് അടിസ്ഥാനത്തില്‍ നായ് പിടുത്തത്തിലും വന്ധ്യംകരണത്തിലും കൃത്യമായ പരിശീലനം നല്‍കും.
വളര്‍ത്തുമൃഗങ്ങളുടെയും തെരുവുനായ്ക്കളുടെയും വിഷയത്തില്‍ കൈക്കൊള്ളേണ്ട നടപടികള്‍ ചര്‍ച്ച ചെയ്യാൻ ജില്ലയിലെ മൃഗസ്നേഹികളെ പങ്കെടുപ്പിച്ച് ഈ ആഴ്ച യോഗം ചേരും. കൂടാതെ വെറ്ററിനറി ഡോക്ടര്‍മാരുടെ യോഗവും വിളിച്ചിട്ടുണ്ട്. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ഉദ്ഘാടനം നിർവഹിച്ചു. ജില്ല പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ ബിനു ഐസക് രാജു അധ്യക്ഷത വഹിച്ചു. മൃഗസംരക്ഷണ ബോര്‍ഡ് അംഗം ഡോ. ആര്. വേണുഗോപാല്‍, എൽ.എസ്.ജി.ഡി ജോയന്റ് ഡയറക്ടര്‍ സി. അലക്സ്, ജില്ല പഞ്ചായത്ത് സെക്രട്ടറി വി. പ്രദീപ് കുമാര്‍, ജില്ല മൃഗസംരക്ഷണ ഓഫിസര്‍ ഡോ. പി.വി. അരുണോദയ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ദിലീപ്കുമാര്, ഡി.പി.എം ഡോ. കോശി സി. പണിക്കര്‍, ഡെപ്യൂട്ടി പ്ലാനിങ് ഓഫിസര്‍ സി.സി. നിത്യ, ജില്ല പഞ്ചായത്ത് സീനിയര്‍ സൂപ്രണ്ട് പി.വി. വിനോദ് എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.