ആത്മഹത്യ നിരക്കുയരുന്നു; നൂറനാട് പൊലീസ് സ്റ്റേഷനിലെ കൗൺസലിങ് സെന്റർ അടഞ്ഞുതന്നെ
text_fieldsചാരുംമൂട്: നൂറനാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ ആത്മഹത്യ നിരക്കുയരുന്നു. മൂന്നു വിദ്യാർഥികളടക്കം നിരവധി പേരാണ് ഒരാഴ്ചയ്ക്കുള്ളിൽ ജീവനൊടുക്കിയത്. താമരക്കുളം ഗ്രാമ പഞ്ചായത്ത് സ്വദേശിയായ എട്ടാം ക്ലാസുകാരനും ചുനക്കര പഞ്ചായത്ത് സ്വദേശിയായ 10-ാം ക്ലാസുകാരനും പാലമേൽ പഞ്ചായത്ത് സ്വദേശിനിയായ പ്ലസ് ടു വിദ്യാർഥിനിയുമാണ് ഒരാഴ്ചക്കുള്ളിൽ ആത്മഹത്യ ചെയ്ത വിദ്യാർഥികൾ.
ഒരു വർഷത്തിനുള്ളിലെ കണക്ക് നോക്കിയാലും ആത്മഹത്യനിരക്ക് ഉയർന്നതാണ്. ഇതോടെ പൊലീസ് സ്റ്റേഷനിലെ കൗൺസലിങ് സെന്ററിന്റെ പ്രവർത്തനം പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. സംസ്ഥാനത്തു തന്നെ ഏറ്റവും കൂടുതൽ ആത്മഹത്യകൾ റിപ്പോർട്ട് ചെയ്തതോടെ 20 വർഷങ്ങൾക്ക് മുമ്പാണ് നൂറനാട് പൊലിസ് സ്റ്റേഷനോട് ചേർന്ന് കൗൺസലിങ് സെന്റർ തുടങ്ങിയത്. പഴയ പൊലീസ് സ്റ്റേഷൻ കെട്ടിടമായിരുന്നു സെന്റർ.
ഒരു പരിധി വരെ ആത്മഹത്യ നിരക്ക് കുറക്കാൻ കൗൺസലിങിലൂടെ കഴിഞ്ഞിരുന്നു. കുടുംബ വഴക്കുകളും, അമിത മദ്യപാനവും, കടബാധ്യതകളും, പരീക്ഷതോൽവികളുമൊക്കെയാണ് ആത്മഹത്യക്ക് പ്രധാന കാരണമായിരുന്നത്. പ്രണയ ബന്ധങ്ങളും ആത്മഹത്യയിലേക്ക് നയിച്ച സംഭവങ്ങളുമുണ്ട്. കുടുംബവഴക്കുകൾ ഉൾപ്പെടെ ഇത്തരം പരാതികളധികവും കൗൺസലിങ് സെന്ററിന് കൈമാറുകയായിരുന്നു ചെയ്തിരുന്നത്. കുടുംബ പ്രശ്നങ്ങൾ അധികവും പരിഹരിക്കാനും ഇതിലൂടെ കഴിഞ്ഞിരുന്നു.
ഇപ്പോൾ വർഷങ്ങളോളമായി സെന്ററിന്റെ പ്രവർത്തനം മുടങ്ങിയ നിലയിലാണ്. പഴയ പൊലീസ് സ്റ്റേഷൻ കെട്ടിടം കേന്ദ്രീകരിച്ചായിരുന്നു കൗൺസലിങ് നടന്നിരുന്നത്. കെട്ടിടം ഉപയോഗശൂന്യമായതോടെ കൗൺസലിങും മുടങ്ങി. പിന്നീട് കെട്ടിടം പൊളിച്ചു മാറ്റിയതോടെ കൗൺസലിങ് പൂർണമായും അവസാനിക്കുകയും ചെയ്തു.
രക്ഷിതാക്കൾ ആശങ്കയിൽ
ആത്മഹത്യാപ്രവണത വിദ്യാർഥികളിലേക്കുകൂടി കടന്നിരിക്കുന്നത് രക്ഷിതാക്കളിൽ ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്. ചെറിയ ചെറിയ സങ്കടങ്ങളെപ്പോലും അതിജീവിക്കാനുള്ള കരുത്ത് കുട്ടികൾക്ക് നഷ്ടപ്പെടുന്നതായി കാണുന്നുണ്ട്. ജീവനൊടുക്കാൻ തോന്നിയിട്ടുണ്ടെന്ന് ചില വിദ്യാർഥികൾ, ഒരു സ്കൂളിൽ നടത്തിയ കൗൺസലിങിൽ പറഞ്ഞത് ആശങ്കക്കിടയാക്കിയിട്ടുണ്ട്. സ്കൂളുകൾ കേന്ദ്രീകരിച്ച് കുട്ടികൾക്ക് കൗൺസലിങ്, ബോധവത്കരണം തുടങ്ങിയവ കൂടി നൽകണമെന്ന നിർദേശങ്ങളും ഉയർന്നിട്ടുണ്ട്. അസ്വാഭാവിക മരണ നിരക്കും സ്റ്റേഷൻ പരിധിയിൽ കൂടുതലാണ്. ഇതോടെ കൗൺസലിങ് സെന്ററിന്റെ പ്രവർത്തനം പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.