മുഖ്യമന്ത്രിയുടെ ബസിനുനേരെ ആലപ്പുഴയിൽ പ്രതിഷേധിച്ചവർക്ക് ക്രൂരമർദനം; കെ.പി.സി.സി ജനറൽ സെക്രട്ടറിയുടെ വീട് സി.ഐ.ടി.യുക്കാർ തകർത്തു
text_fieldsനെടുമുടി നിയോജകമണ്ഡലത്തിലെ നവകേരള സദസ്സിലേക്ക് വരുന്ന മുഖ്യമന്ത്രിയെയും സംഘത്തെയും കൈതവന ജങ്ഷനിൽ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകരെ പൊലീസ് ഒാടിക്കുന്നു
ആലപ്പുഴ: നവകേരള സദസ്സിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിച്ച ബസിനുനേരെ ജില്ലയിൽ രണ്ടിടത്ത് പ്രതിഷേധം. പ്രതിഷേധ മുദ്രാവാക്യം വിളിച്ച കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ നേരിട്ടത് ക്രൂരമർദനം. കെ.പി.സി.സി ജനറൽ സെക്രട്ടറി എം.ജെ. ജോബിന്റെ വീട് സി.ഐ.ടി.യു പ്രവർത്തകർ അടിച്ചു തകർത്തു.
ആലപ്പുഴ ജനറൽ ആശുപത്രിക്ക് മുന്നിലും കൈതവനയിലുമാണ് പ്രതിഷേധം നടന്നത്. ജനറൽ ആശുപത്രിക്ക് മുന്നിൽ മുദ്രാവാക്യം വിളിച്ചവരാണ് മർദനത്തിനിരയായത്. കെ.എസ്.യു ജില്ല പ്രസിഡന്റ് തോമസ്, യൂത്ത് കോൺ. സംസ്ഥാന സെക്രട്ടറി അജോയ് ജോയ് എന്നിവരെയാണ് പൊലീസും മുഖ്യമന്ത്രിയുടെ സുരക്ഷാഭടന്മാരും ചേർന്ന് കൈകാര്യം ചെയ്തത്. കൈതവനയിൽ കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. പൊലീസ് ജീപ്പിന് മുകളിൽ കയറി യൂത്ത് കോൺഗ്രസുകാർ പ്രതിഷേധിച്ചു. അതിക്രമത്തിൽ പ്രതിഷേധിച്ച് കെ.എസ്.യു-യൂത്ത് കോൺഗ്രസ് പ്രവര്ത്തകർ വൈകീട്ട് നഗരത്തിൽ പ്രകടനം നടത്തി.
ആലപ്പുഴയിൽ സി.ഐ.ടി.യു പ്രവർത്തകർ അടിച്ചുതകർത്ത കെ.പി.സി.സി ജനറൽ സെക്രട്ടറി എം.ജെ. ജോബിന്റെ വീട് കോൺഗ്രസ് പ്രവർത്തകർ സന്ദർശിക്കുന്നു
വൈകീട്ട് മൂന്നരയോടെയാണ് കരിങ്കൊടികാട്ടലും മർദനവും നടന്നത്. നഗരത്തിലെ ഹോട്ടലിൽനിന്ന് പുന്നപ്രയിലേക്ക് മുഖ്യമന്ത്രിയും സംഘവും ബസിൽ പോകുമ്പോഴായിരുന്നു കരിങ്കൊടി കാട്ടിയത്. ബസ് വരുമ്പോൾ ജനറൽ ആശുപത്രിയുടെ മുന്നിൽ തോമസും അജോയ് ജോയും ചേർന്ന് മുദ്രാവാക്യം മുഴക്കുക മാത്രമാണുണ്ടായത്. കരിങ്കൊടിപോലും ഉണ്ടായിരുന്നില്ല. ക്രൂരമർദനം നേരിട്ട ഇരുവരും ഇനി തല്ലരുതേ എന്ന് കേണപേക്ഷിച്ചിട്ടും തല്ലിച്ചതക്കൽ തുടർന്നത് കണ്ടുനിന്നവരെപ്പോലും വേദനിപ്പിക്കുന്നതായിരുന്നു.
അമ്പലപ്പുഴയിൽനിന്ന് കുട്ടനാട്ടിലെ വേദിയിലേക്ക് ബസ് പോകുമ്പോഴായിരുന്നു കൈതവനയിൽ കരിങ്കൊടി കാട്ടിയത്. 50 ഓളം കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി കരിങ്കൊടി വീശുകയായിരുന്നു. ഇതേതുടർന്ന് പൊലീസ് ലാത്തിച്ചാർജ് നടത്തി. സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകരും പൊലീസിനൊപ്പം ചേർന്ന് മർദിക്കുകയായിരുന്നു. അരമണിക്കൂറോളം സ്ഥലത്ത് സംഘർഷാവസ്ഥ നീണ്ടുനിന്നു.
പത്തോളം വരുന്ന സി.ഐ.ടി.യു സംഘമാണ് ജോബിന്റെ വീടിന്റെ ജനൽച്ചില്ലുകൾ അടിച്ചുതകർത്തത്. ഇതിനുശേഷം വീടിനകത്ത് കയറിയ സംഘം ഫർണിച്ചറും തകർത്തു. അടുക്കളയിൽ പാചകത്തിലായിരുന്ന ജോബിന്റെ ഭാര്യയെ കഴുത്തിന് പിടിച്ചുതള്ളിയ സംഘം ഇവരുടെ സ്വർണമാല പൊട്ടിക്കാനും ശ്രമിച്ചു. വീട് ആക്രമിച്ചത് കൈതവനയിൽ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചതിന്റെ പേരിലാണെന്ന് ജോബ് പറഞ്ഞു. പൊലീസ് എത്തി ജോബിന്റെയും ഭാര്യയുടെയും മൊഴി രേഖപ്പെടുത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.