സംരംഭ മാതൃകയിലേക്ക് ഗോത്ര കലാരൂപങ്ങൾ; ‘ജന ഗൽസ’ പദ്ധതിയുമായി കുടുംബശ്രീ
text_fieldsആലപ്പുഴ: തദ്ദേശീയ മേഖലയിൽ നിലവിലുള്ളതും അന്യംനിന്നുപോകുന്നതുമായ പാരമ്പര്യ കലകൾക്ക് പുതുജീവൻ നൽകാൻ ‘ജന ഗൽസ’ പദ്ധതിയുമായി കുടുംബശ്രീ. ജനങ്ങളുടെ ആഘോഷമെന്നാണ് ഇതിന്റെ അർഥം. ഗോത്ര കലാരൂപങ്ങൾ സംരംഭ മാതൃകയിൽ രൂപവത്കരിച്ച് തദ്ദേശീയ ജനതക്ക് മികച്ച തൊഴിലും വരുമാനവും ലഭ്യമാക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ബോധവത്കരണ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കും. പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനും ഉദ്ദേശിക്കുന്നു. ഇതിന്റെ ആദ്യപടിയായി കുടുംബശ്രീയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ തദ്ദേശീയ മേഖലയിലെ മുഴുവൻ കലാകാരന്മാരെയും ഗോത്രകലാരൂപങ്ങളെക്കുറിച്ച് സമഗ്രമായ ഡയറക്ടറി തയാറാക്കും.
പട്ടികവർഗ വിഭാഗത്തിലുള്ള അനിമേറ്റർമാരെ ഉപയോഗിച്ചാണ് സർവേ നടത്തുക. ആഗസ്റ്റ് ആദ്യവാരം സർവേ തുടങ്ങി 20നകം പൂർത്തിയാക്കാനാണ് തീരുമാനം. നിലവിൽ തദ്ദേശീയ മേഖലയിൽ 38ലേറെ വിഭാഗങ്ങളുണ്ട്. ഓരോവിഭാഗത്തിനും തനതായ കലാരൂപങ്ങളുമുണ്ട്. ഇവയെ പുനരുജ്ജീവിപ്പിച്ച് അതിൽനിന്ന് വരുമാനദായക സംരംഭ രൂപവത്കരണമാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. നിലവിൽ കുടുംബശ്രീ നടപ്പാക്കുന്ന ട്രൈബൽ പദ്ധതിക്ക് കീഴിലെ അർഹരായ മുഴുവൻ ഗുണഭോക്താക്കളെയും ഇതിനായി കണ്ടെത്തും. സംരംഭ മാതൃകയിൽ രൂപവത്രിച്ച കലാരൂപങ്ങളെ ഉൾപ്പെടുത്തി സംസ്ഥാനതല കൺസോർട്യം രൂപവത്കരിക്കുന്നതിലൂടെ ഇവർക്ക് മെച്ചപ്പെട്ട ഉപജീവനമാർഗം തുറക്കുമെന്നാണ് പ്രതീക്ഷ. ഗോത്രകലാരൂപങ്ങൾ ഉപയോഗിച്ച് പാഠ്യപദ്ധതികളെ നവീകരണവും ലക്ഷ്യമിടുന്നു.
ലഹരി അടക്കം സാമൂഹികവിപത്തുകൾക്കെതിരെ സർക്കാറിന്റെ വിവിധ ബോധവത്കരണ പ്രവർത്തനങ്ങൾക്കും സംരംഭ മാതൃകയിലെ തദ്ദേശീയ കലാരൂപങ്ങൾ പ്രയോജനപ്പെടുത്തും. കുടുംബശ്രീയുടെ തന്നെ കമ്യൂണിറ്റി തിയറ്റർ ഗ്രൂപ്പായ രംഗശ്രീയുമായും സാംസ്കാരിക ടൂറിസം കേന്ദ്രങ്ങളുമായും ചേർന്ന് പ്രവർത്തിക്കും. ഫോക്ലോർ അക്കാദമി, കേരള സംഗീത നാടക അക്കാദമി, കിർത്താഡ്സ് തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണവുമുണ്ടാകും. വിദ്യാഭ്യാസ മേഖലയെ മെച്ചപ്പെടുത്താനും പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിന്റെ ഭാഗമായി ഗോത്രകലകൾ, സംസ്കാര, ആചാരാനുഷ്ഠാനങ്ങൾ, തനതു ഭക്ഷണം എന്നിവയെല്ലാം പാഠ്യപദ്ധതിയുടെ ഭാഗമാക്കും. ഇതിലൂടെ പുതുതലമുറ കുട്ടികൾക്കിടയിലേക്കും ഗോത്ര ജനതയുടെ അറിവുകൾ ലഭ്യമാക്കും.
ശിൽപശാലയിൽ കുടുംബശ്രീ പ്രോഗ്രാം ഓഫിസർ ഡോ. ബി. ശ്രീജിത്, ഭാരത് ഭവൻ സെക്രട്ടറി ഡോ. പ്രമോദ് പയ്യന്നൂർ, കേരള ഫോക്ലോർ അക്കാദമി പ്രോഗ്രാം ഓഫിസർ വി.വി. ലാവ്ൻ, മലയാളം സർവകലാശാല രജിസ്ട്രാർ ഇൻ ചാർജ് കെ.എം. ഭരതൻ, എസ്.സി.ഇ.ആർ.ടി റിസർച്ച് അസോസിയേറ്റ് കെ. സതീഷ് കുമാർ, കിർത്താഡ്സ് ലെക്ചർ വി. നീന, ഭാരത് ഭവൻ സോഷ്യൽ മീഡിയ എക്സ്പേർട്ട് ചന്ദ്രജിത്, പാലക്കാട് ഡയറ്റ് സീനിയർ ലെക്ചർ ഡോ. എം. ഷഹീദ് അലി, ഡോ. എ. മുഹമ്മദ് കബീർ, സ്റ്റേറ്റ് പ്രോഗ്രാം മാനേജർ എം. പ്രഭാകരൻ, സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജർമാരായ എസ്. ശാരിക, പ്രീത ജി. നായർ എന്നിവർ നേതൃത്വം നൽകി. ജില്ല പ്രോഗ്രാം മാനേജർമാർ, തദ്ദേശീയ മേഖലയിൽനിന്ന് തെരഞ്ഞെടുത്ത കലാകാരന്മാർ എന്നിവർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.