അഞ്ചുതുരുത്തിനെ ഒറ്റപ്പെടുത്തി പോള ശല്യം ദ്വീപ് നിവാസികൾ ദുരിതത്തിൽ
text_fieldsപൂച്ചാക്കൽ: ഊടുപുഴ കായലിലെ പോള ശല്യം പാണാവള്ളി അഞ്ചുതുരുത്തിനെ ഒറ്റപ്പെടുത്തി. പായൽ തിങ്ങി നിറഞ്ഞിരിക്കുന്നത് മൂലം തുരുത്ത് നിവാസികൾക്ക് പുറത്തിറങ്ങാനാകാത്ത അവസ്ഥയാണ്. പാണാവള്ളി പഞ്ചായത്ത് 10-ാം വാർഡ് പ്രദേശമാണ് അഞ്ചു തുരുത്ത്. അറുപത്തഞ്ചോളം കുടുംബങ്ങൾ തുരുത്തിൽ താമസിക്കുന്നുണ്ട്.
പഞ്ചായത്തിന്റെ കടത്ത് വള്ളമാണ് തുരുത്ത് നിവാസികൾക്കുള്ള ഏക ആശ്രയം. പോളശല്യം കടത്തിനെയും ബാധിച്ചതോടെ പ്രതിസന്ധി രൂക്ഷമായി. കഴിഞ്ഞദിവസം വിദ്യാർഥികൾ ഉൾപ്പെടെ സഞ്ചരിച്ച കടത്ത് വള്ളം പോള ശല്യത്താൽ ഒരു മണിക്കൂറോളം കായലിൽ കുടുങ്ങി. പ്രദേശവാസികൾ, പഞ്ചായത്ത് അധികൃതർ, അഗ്നിരക്ഷാസേന, പൊലീസ് തുടങ്ങിയവയുടെ ഇടപെടലിനെ തുടർന്നാണ് വള്ളത്തിലെ യാത്രക്കാരെ സുരക്ഷിതരാക്കാൻ സാധിച്ചത്.
അഞ്ചു ചെറിയ ദ്വീപുകൾ ചേർന്ന ഭാഗമായതിനാലാണ് അഞ്ചുതുരുത്ത് എന്നറിയപ്പെടുന്നത്. പൊതുസ്ഥാപനങ്ങൾ ഒന്നുമില്ല. നിത്യോപയോഗ സാധനങ്ങൾ വാങ്ങാൻ പോലും കടത്ത് കടക്കണം. വർഷങ്ങളായി വള്ളത്തെ ആശ്രയിച്ചാണ് തുരുത്ത് നിവാസികളുടെ ജീവിതം. രാവിലെ ഏഴ് മുതൽ രാത്രി 9 വരെയാണ് പഞ്ചായത്തിന്റെ കടത്തുള്ളത്.
രാത്രി വൈകിയുള്ള ആശുപത്രി യാത്രകൾ ഉൾപ്പെടെ തുരുത്തു നിവാസികൾക്ക് പ്രയാസമാണ്. മഴക്കാലത്ത് കുട ചൂടി യാത്ര ചെയ്യണം. ശക്‌തമായ കാറ്റും, മഴയും വരുമ്പോഴും കടത്ത് പ്രതിസന്ധിയിലാകാറുണ്ട്. ഊടുപുഴ -അഞ്ചുതുരുത്ത് ഫെറിയിൽ പാലം വേണമെന്ന ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്.
100 മീറ്ററോളം നീളവും അഞ്ചര മീറ്റർ വീതിയും ഒരുഭാഗത്ത് ഒന്നര മീറ്റർ നടപ്പാതയുമുള്ള പാലവും ഇരുവശങ്ങളിലും അപ്രോച്ച് റോഡുമുള്ള പദ്ധതി രണ്ടു വർഷം മുമ്പെ തയാറായതാണ്. ഇരു കരകളിലുമായി 50 സെന്റോളം സ്ഥലമെടുപ്പിന് ഉൾപ്പെടെയായി ഫണ്ടും അനുവദിച്ചിരുന്നു. സാമൂഹിക ആഘാത പഠനവും നടത്തി. പിന്നീട് തുടർ നടപടികൾ ഉണ്ടായില്ല. പുതുക്കിയ എസ്റ്റിമേറ്റ് ഉൾപ്പെടെ നടപടികൾ ഇനി ചെയ്തു വേണം പാലം നിർമാണ ഘട്ടത്തിലേക്കു കടക്കാൻ

