ചുറ്റും വെള്ളം; ദാഹമകറ്റാൻ കുട്ടനാട്ടുകാർക്ക് ഒരു തുള്ളിയില്ല
text_fieldsകുട്ടനാട്ടിലെ വീടുകളിലേക്ക് കുടിവെള്ളം ശേഖരിക്കാൻ വാട്ടർ ടാങ്കുമായി വള്ളത്തിൽ പോകുന്നവർ. പള്ളാത്തുരുത്തിയിൽനിന്നുള്ള ദൃശ്യം
കുട്ടനാട്: ആറ്റിലെ വെള്ളം മുക്കിക്കുടിച്ചും ശുദ്ധജലം വിലകൊടുത്തു വാങ്ങിയും എത്രകാലം കഴിയണമെന്നാണ് കുട്ടനാട്ടുകാരുടെ ചോദ്യം. ‘വെള്ളം വെള്ളം സർവത്ര തുള്ളി കുടിക്കാനില്ലത്രേ’ എന്നതാണ് സ്ഥിതി. വിവിധ പദ്ധതികൾക്കായി കോടികൾ ചെലവഴിച്ചിട്ടും ശുദ്ധജല ക്ഷാമത്തിന് പരിഹാരമായില്ല. ഒരുവർഷം മുമ്പ് നീരേറ്റുപുറം പ്ലാന്റിന്റെ ശേഷി വർധിപ്പിക്കാൻ 250 കോടി രൂപയാണ് അനുവദിച്ചത്. ഒരുവർഷം തിരിഞ്ഞുനോക്കാത്ത പദ്ധതി വീണ്ടും പൊടിതട്ടിയെടുത്തു.
രണ്ടുമാസം മുമ്പ് കുട്ടനാട് പാക്കേജിൽ ഉൾപ്പെടുത്തി രണ്ടുമാസം കിഫ്ബി വഴി 325 കോടിയായി തുക ഉയർത്തി വിതരണശൃംഖല തന്നെ മാറ്റി കുട്ടനാട്ടിലുടനീളം വെള്ളം എത്തിക്കാനാണ് പദ്ധതി. പ്ലാന്റ് സ്ഥിതിചെയ്യുന്ന തലവടി പഞ്ചായത്തിൽപോലും വെള്ളം കിട്ടാത്ത സ്ഥിതിയാണ്.
18 വർഷം മുമ്പ് കുട്ടനാട്ടിൽ വിവിധ സ്ഥലങ്ങളിലായി സ്ഥാപിച്ച ഉപരിതല ടാങ്കുകൾ വഴി ഒരുതുള്ളി വെള്ളംപോലും വിതരണം ചെയ്യാനായിട്ടില്ല. കോടികൾ ചെലവഴിച്ചെങ്കിലും കുട്ടനാട്ടുകാർ ഇന്നും കുടിക്കുന്നത് നദികളിലെ മലിനജലമാണ്.
വെള്ളം വില കൊടുത്തുവാങ്ങാൻ ശേഷിയില്ലാത്തവരാണ് ഭൂരിപക്ഷവും. വീട്ടിലേക്ക് വീതിയില്ലാത്ത വഴിയില്ലാത്തതിനാൽ പണം കൊടുത്താലും വെള്ളം വീട്ടുമുറ്റത്ത് എത്താത്തവരാണ് ബാക്കി. സർക്കാർ പ്രഖ്യാപിച്ച ശുദ്ധജല പദ്ധതികൾ പൂർത്തീകരിച്ചാൽ തന്നെ കുട്ടനാട്ടിലെ പാതി പ്രശ്നങ്ങൾക്ക് പരിഹാരമാകും.
ആറ്റിലെ മലിനജലവും കിണറിലെ പുളിവെള്ളവും കുടിച്ച് കുട്ടനാടിന് മടുത്തു. പൊതുജലാശയങ്ങളിലെ വെള്ളം ശാസ്ത്രീയമായി ശുദ്ധീകരിച്ച് ഉപയോഗിക്കുന്ന ശുദ്ധജല വിതരണ പദ്ധതികളും മഴവെള്ള സംഭരണവുമാണ് ഈനാടിന് ആവശ്യം.
എല്ലാത്തിനും വേണം തോട്ടിലെ ‘ജലം’
കുട്ടനാട്ടിലെ പല പ്രദേശങ്ങളിലും ആറ്റിലെയും തോട്ടിലെയും വെള്ളമാണ് ഭക്ഷണം പാകംചെയ്യാനും കുടിക്കാനും ഉപയോഗിക്കുന്നത്. മങ്കൊമ്പ് അറുപതിൽചിറയിൽ ‘കുടിവെള്ളം’ എത്തുന്നത് വള്ളത്തിലാണ്. വീടിനടുത്തെ മണിമലയാറിന്റെ നടുക്കെത്തി മുക്കിയെടുത്ത് പാത്രങ്ങളിൽ നിറച്ചാണ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത്.
ആറിന്റെ കടവിലിരുന്നത് ആളുകൾ മീൻവൃത്തിയാക്കുന്നതും പാത്രംകഴുക്കുന്നതും പതിവ് കാഴ്ചയാണ്. അലക്കും കുളിയുമായി പിന്നെയും ചിലർ കൂടെക്കൂടും. അതിനും അപ്പുറത്തുനിന്നാണ് കുടിക്കാനുള്ള വെള്ളം ശേഖരിക്കുന്നത്. ഈ ജലമാണ് ഭക്ഷണം പാകംചെയ്യാനും കുടിക്കാനും ഉപയോഗിക്കുന്നത്. തണ്ണീർമുക്കം ബണ്ട് തുറന്നാൽ കുട്ടനാട്ടിലെ പൊതുജലായങ്ങളിലെ വെള്ളം ഉപ്പുരസം കലർന്ന് ഉപയോഗിക്കാനാകാതെ വരും.
അടച്ചാൽ ആറുകളിലും തോടുകളിലും പോളനിറഞ്ഞ് നീഴൊരുക്ക് നഷ്ടമായി ജലം മലിനമാകും. അപ്പോൾ സ്ഥിതി അതിരൂക്ഷമാകും. സമീപ ജില്ലകളായ കോട്ടയം, പത്തനംതിട്ട എന്നിവിടങ്ങളിൽനിന്ന് ടാങ്കറുകളിൽ എത്തിക്കുന്ന വെള്ളം വിലകൊടുത്ത് വാങ്ങിയാണ് ഉപയോഗിക്കുന്നത്. പുളിങ്കുന്ന് പഞ്ചായത്തിലെ ആറ്, എഴ്, എട്ട് വാർഡുകളിൽ താമസിക്കുന്നവർ മാളേക്കൊമ്പാറിൽനിന്നാണ് വെള്ളമെടുക്കുന്നത്.
ടാങ്കറിൽ വരുന്ന ശുദ്ധജലം വാങ്ങാൻ വഴിയില്ലാത്തതാണ് പ്രശ്നം. പാടശേഖരങ്ങളിൽ തളിക്കുന്ന കീടനാശിനികൾ കലരുന്ന വെള്ളം പതിവായി ഉപയോഗിക്കുന്നതിന്റെ ആരോഗ്യപ്രശ്നങ്ങളുമുണ്ട്. തോട്ടിറമ്പിലും നദീതീരത്തും ഉപരിതല ടാങ്കുകൾ വെച്ച് നദിയിൽനിന്ന് വെള്ളം പമ്പ് ചെയ്ത് അതിൽ നിറക്കും. ചെറിയ കുഴൽ ഇട്ട് മോട്ടോർ സ്ഥാപിച്ച് ആവശ്യത്തിന് വെള്ളം വീട്ടിലേക്ക് എത്തിക്കും. സ്വന്തം നിലയിൽ കാശുമുടക്കിയാണ് ഈവിദ്യ.
രാസമാലിന്യം നിറഞ്ഞു; കോളിഫോം ബാക്ടീരിയയും
കുട്ടനാട്ടിലെ പൊതുജലാശങ്ങളിൽ രാസമാലിന്യങ്ങളുടെയും കോളിഫോം ബാക്ടീരിയുടെയും അളവ് അപകടകരമായ രീതിയിൽ വർധിച്ചുവെന്നാണ് സമീപകാല പഠനങ്ങൾ തെളിയിക്കുന്നത്. നെൽകൃഷിക്ക് ഉപയോഗിക്കുന്ന കളനാശിനികളും വളങ്ങളുമാണ് ആറുകളിലെയും തോടുകളിലെയും രാസമാലിന്യത്തിന് കാരണം. അശാസ്ത്രീയ സെപ്റ്റിക് ടാങ്ക് നിർമാണംമൂലം മഴക്കാലത്ത് ശുചിമുറി മാലിന്യം വെള്ളത്തിൽ കലരുന്നതാണ് കോളിഫോം ബാക്ടീരിയ കൂടാൻ കാരണം.
വർഷത്തിൽ ഭൂരിഭാഗം സമയവും വെള്ളത്തിലും വെള്ളപ്പൊക്കത്തിലും കഴിയുന്ന കുട്ടനാട്ടുകാർക്ക് ശുദ്ധജലം വിലകൊടുത്ത് വാങ്ങണം. 500 ലിറ്റർ വെള്ളത്തിന് 400 രൂപയാണ് വില. കാവാലം പഞ്ചായത്തിലെ ജനങ്ങൾ തുരുത്തി ഭാഗത്തുള്ള സ്വകാര്യ കിണറുകളിൽനിന്നുള്ള വെള്ളം ടാങ്കിൽ എത്തിച്ചാണ് ഉപയോഗിക്കുന്നത്.
ഇതിന് വൻതുകയാണ് അധികമായി കണ്ടെത്തേണ്ടത്. ചൂട് കൂടിയതിനാൽ മുൻകൂട്ടി പറഞ്ഞാൽ മാത്രമേ ഇത് ലഭിക്കൂ. 40 വർഷം മുമ്പ് കാവാലം ഗവ. ഹൈസ്കൂളിന് സമീപം ഉപരിതല ടാങ്ക് നിർമിച്ച് വെള്ളം വിതരണം ചെയ്യാൻ പദ്ധതി ഇട്ടെങ്കിലും തൂണുകൾ മാത്രം സ്ഥാപിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.