പെരിയാർ തീരത്തെ അക്ഷര മുത്തശ്ശി
text_fieldsആലുവ സെന്റ് മേരീസ് ഹൈസ്കൂൾ
ആലുവ: പെരിയാർ തീരത്തെ അക്ഷര മുത്തശ്ശിയായി ആലുവ നഗരത്തിൽ തലയെടുപ്പോടെ നിൽക്കുന്ന സെന്റ് മേരീസ് ഹൈസ്കൂളിന് 120 വർഷത്തെ പാരമ്പര്യമുണ്ട്. മലയാളക്കരയുടെ മധ്യസ്ഥാനവും തിരുവിതാംകൂർ രാജ്യത്തിന്റെ വേനൽക്കാല ആസ്ഥാനവുമാണ് ആലുവ. ലോകമെമ്പാടും ആയിരക്കണക്കിന് പൂർവ വിദ്യാർഥികളുണ്ട് ഈ വിദ്യാലയത്തിന്. 1904 ഡിസംബർ എട്ടിനാണ് ഹൈസ്കൂളിന് തറക്കല്ലിട്ടത്.
1909 ജനുവരി 15ന് പഠനത്തിനായി തുറന്നുകൊടുത്തു. എറണാകുളം വികാരിയത്തിന്റെ പ്രഥമ വികാരി അപ്പസ്തോലിക്ക മാർ ലൂയിസ് പഴേപറമ്പിലാണ് സ്ഥാപക പിതാവ്. പൊതുസമൂഹത്തിന്റെ നന്മയും ക്ഷേമവും മാത്രം ലക്ഷ്യമിട്ട് പ്രവർത്തിച്ച ആ വൈദിക ശ്രേഷ്ഠൻ ലേലക്കുറി നടത്തിയും പള്ളി വരവിൽ നിന്ന് ആറിലൊന്ന് നീക്കിവെച്ചുമാണ് കെട്ടിട നിർമിതിക്കും നടത്തിപ്പിനും വക കണ്ടെത്തിയത്.
ഈ സ്കൂളിനായി മാത്രം അദ്ദേഹം നിരവധി ഇടയലേഖനങ്ങൾ പുറപ്പെടുവിച്ചു. സെന്റ് മേരിയുടെ പേരിൽ ഒരു പള്ളിക്കൂടം വളർത്തിയെടുക്കാനുള്ള വളക്കൂറുള്ള മണ്ണ് മതസൗഹാർദ്ദത്തിന് പുകൾ പെറ്റ ആലുവയാണെന്ന കാര്യത്തിൽ സഭക്ക് രണ്ടഭിപ്രായമുണ്ടായില്ല. ആലുവ സെന്റ്ഡൊമിനിക്ക് ഇടവകക്കാർ ചേർന്ന് സ്കൂളിന് സ്ഥലം സ്വന്തമാക്കി. സ്കൂൾ കെട്ടിട നിർമാണം കാണാൻ പരിസര നാടുകളിൽ നിന്ന് വിശ്വാസികൾ ഒഴുകിയെത്തി. ഇരുനില കെട്ടിടംപോലും വിരളമായിരുന്ന ആ കാലത്ത് മനോഹരമായ രമ്യഹർമമായിരുന്നു ഇത്.
ഒന്നാം ലോക മഹായുദ്ധത്തിന്റെ വറുതിയിലും നിർമാണ പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടായില്ല. തിരുവിതാംകൂർ നാട്ടുരാജ്യത്തെ വിഖ്യാത വിദ്യാലയമായി വളർത്തി കൊണ്ടുവരാൻ മാർ ളൂയിസ് പഴേപറമ്പിലിന്റെ നിശ്ചയ ദാർഢ്യത്തിനും ദീർഘവീക്ഷണത്തിനും കഴിഞ്ഞു. 1909ൽ 176 കുട്ടികളുമായാണ് തുടക്കം. രജത ജൂബിലി 1934ൽ ഗംഭീരമായി കൊണ്ടാടി. 567 കുട്ടികൾ അന്നുണ്ടായിരുന്നു. 1953ൽ കുട്ടികളുടെ എണ്ണം 804 ആയി. ആദ്യം ആൺകുട്ടികൾക്ക് മാത്രമായിരുന്നു പ്രവേശനം. 2012 മുതൽ മിക്സഡ് സ്കൂളായി. 2009ൽ നൂറാം വാർഷികം ആഘോഷിച്ചു. ഇന്ന് ചുറ്റുപാടും നിരവധി ഹയർ സെക്കൻഡറി സകൂളുകളായി. കാലപ്രവാഹത്തിൽ സെന്റ് മേരീസീന് മുന്നേറാൻ കഴിഞ്ഞില്ല. ഹയർ സെക്കൻഡറി ബാച്ച് സൗകര്യം ഇല്ലാത്ത സ്കൂളാണിത്. പഴയ പ്രതാപം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ സ്കൂൾ മാനേജ്മെന്റ്.
ദേവദാസനായിരുന്നു ആദ്യ പ്രധാനാധ്യാപകൻ. എൽ.പി സ്കൂളിൽ സി.പി. ദാമോദരമേനോനും. കേരള ഹൈകോടതി ചീഫ് ജസ്റ്റീസായിരുന്ന എം.എം. പരീത് പിള്ള, കർദിനാൾ ജോസഫ് പാറേക്കാട്ടിൽ ഉൾപ്പെടെ വൈദിക ശ്രേഷ്ഠർ, മഹാകവി ചങ്ങമ്പുഴ കൃഷ്ണപിള്ള, കുറ്റിപ്പുഴ കൃഷ്ണപിള്ള, ഭരത് പി.ജെ. ആന്റണി, ഗായകൻ പി. ജയചന്ദ്രൻ, കെ.പി.സി.സി. പ്രസിഡന്റുമാരായിരുന്ന ടി.ഒ. ബാവ, കെ.പി. മാധവൻ നായർ, മുൻമന്ത്രി ടി.എച്ച്. മുസ്തഫ, മുൻ എം.പി തമ്പാൻതോമസ്, അന്താരാഷ്ട്ര ഫുട്ബാളർമാരായ എം.എം. ജേക്കബ്, എം.എം. പൗലോസ്, ഹർഷൻ, ഡോ. ഡി. ബാബു പോൾ, എം.എം. അബ്ദുറഹ്മാൻ തുടങ്ങിയവർ സെന്റ് മേരീസിലെ പൂർവവിദ്യാർഥികളിൽപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

