ടൗൺ ബസ്സ്റ്റാൻഡ്, അശോകപുരം പോസ്റ്റ് ഓഫിസുകൾ പൂട്ടാൻ നീക്കം
text_fieldsഅശോകപുരം പോസ്റ്റ് ഓഫിസ്
ആലുവ: ആലുവ ടൗൺ ബസ്സ്റ്റാൻഡ് പോസ്റ്റ് ഓഫിസും അശോകപുരം പോസ്റ്റ് ഓഫിസും അടച്ചുപൂട്ടാൻ നീക്കം. പതിറ്റാണ്ടുകളുടെ പഴക്കമുള്ള ഇവ ആലുവയുടെ ചരിത്രത്തിന്‍റെ ഭാഗം കൂടിയാണ്. ടൗൺ ബസ് സ്റ്റാൻഡ് പോസ്റ്റ് ഓഫിസ് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് കെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്. സ്റ്റാൻഡ് നവീകരണത്തിന്‍റെ ഭാഗമായി കെട്ടിടം പൊളിച്ചപ്പോൾ തൊട്ടടുത്ത ജില്ല ആശുപത്രി കവലയിലെ സ്വകാര്യ കെട്ടിടത്തിലേക്ക് മാറ്റി. കുറഞ്ഞ വാടകയിൽ പ്രവർത്തിക്കുന്ന ഈ പോസ്റ്റ് ഓഫിസ് പോസ്റ്റൽ വകുപ്പിന് വലിയ ചെലവ് വരുത്തുന്നില്ല.
അശോകപുരം പോസ്റ്റ് ഓഫിസ് 80 വർഷത്തോളമായി പ്രവർത്തിച്ചുവരുന്നു. അശോക ടെക്സ്റ്റൈൽസിനോട് ചേർന്നാണ് പ്രവർത്തിക്കുന്നത്. 2010ൽ കമ്പനി അടച്ചുപൂട്ടിയെങ്കിലും അശോക കമ്പനിയുടെ ഗതകാലസ്മരണകൾ പേറുന്ന നിത്യസ്മാരകമായി പോസ്റ്റ് ഓഫിസ് പ്രവർത്തിച്ചു വരുന്നു.
കമ്പനിയുടെ സ്ഥലം ഏറ്റെടുത്ത പ്രമുഖ വ്യവസായിയ എം.എ. യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ‘എമ്മെ ലോജിസ്റ്റിക്സ്’ എന്ന സ്ഥാപനം ബസ് സ്റ്റോപ്പിനോട് ചേർന്ന്, പോസ്റ്റ് ഓഫിസ് നവീകരിച്ച് നൽകിയിരുന്നു. ഇന്നും ധാരാളം ജനങ്ങൾക്ക് പ്രയോജനപ്പെടുന്നുണ്ട്. ഈ രണ്ട് പോസ്റ്റ് ഓഫിസും നിർത്തി, അവിടത്തെ സേവനം ആലുവ ബസാർ പോസ്റ്റ് ഓഫിസിലേക്ക് മാറ്റാനാണ് നീക്കം.
ഇത് ജനങ്ങൾക്ക് ഏറെ പ്രയാസകരമാകും. അശോകപുരം പോസ്റ്റ് ഓഫിസിനെ ആശ്രയിക്കുന്നവരാണ് കൂടുതൽ ദുരിതത്തിലാകുക. ചൂർണിക്കര, കീഴ്മാട്, എടത്തല പഞ്ചായത്തുകളുടെയും ആലുവ നഗരസഭയുടെയും സംഗമഭൂമിയാണ് അശോകപുരം. സമീപത്തെ പോസ്റ്റ് ഓഫിസ് അടച്ച് പൂട്ടുന്നതോടെ പ്രദേശത്തുകാരെല്ലാം ബസാർ പോസ്റ്റ് ഓഫിസിനെ ആശ്രയിക്കേണ്ടിവരും.
ടൗൺ ബസ്സ്റ്റാൻഡ് പോസ്റ്റ് ഓഫിസ് നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് അൻവർ സാദത്ത് എം.എൽ.എ വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്തെഴുതിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

