പൊന്നുമോളുടെ ഓർമദിനത്തിൽ കണ്ണീർപൂക്കളുമായി ബിഹാർ കുടുംബം
text_fieldsകീഴ്മാട് സ്മൃതിതീരം ശ്മശാനത്തിൽ മകളെ അടക്കം ചെയ്ത സ്ഥലത്ത് കുടുംബാംഗങ്ങൾ പ്രാർഥിക്കുന്നു
ആലുവ: പൊന്നുമോളുടെ ഓർമദിനത്തിൽ കണ്ണീർ പൂക്കളർപ്പിച്ച് കുടുംബം. ആലുവ മാർക്കറ്റിൽ ക്രൂരമായ പീഡനത്തിൽ കൊല്ലപ്പെട്ട ബിഹാർ സ്വദേശിനിയായ പിഞ്ചുബാലികയുടെ കുടുംബമാണ് കീഴ്മാട് സ്മൃതിതീരം ശ്മശാനത്തിലെത്തി മകളെ അടക്കം ചെയ്തിടത്ത് പുഷ്പാർച്ചന നടത്തിയത്. അച്ഛനും അമ്മയും നാല് സഹോദരങ്ങളും പുഷ്പചക്രം സമർപ്പിച്ച് മാലയും ചാർത്തി. ചന്ദനത്തിരികളും കർപ്പൂരവും കത്തിച്ച് പ്രാർഥിച്ചു.
ഒരു മണിക്കൂറോളം മകളുടെ ഓര്‍മകളും പ്രാർഥനകളുമായി ശ്മശാനത്തില്‍ ചെലവഴിച്ച ശേഷമാണ് കുടുംബം ചൂർണിക്കരയിലെ വാടക വീട്ടിലേക്ക് മടങ്ങിയത്. കീഴ്മാട് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സ്മൃതിതീരം ശ്മശാനത്തിൽ കുട്ടിയെ അടക്കം ചെയ്ത കുഴിമാടവും പരിസരവും ശ്മശാനം ജീവനക്കാരൻ കെ.എ. അശോകൻ വൃത്തിയാക്കിയിരുന്നു. പ്രതി അസ്ഫാക് ആലം ഇപ്പോഴും ജയിലിലാണ്. ഇയാളുടെ വധശിക്ഷ എത്രയും വേഗം നടപ്പിലാക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
2023 ജൂലൈ 28ന് വൈകീട്ടാണ് ചൂർണിക്കര പഞ്ചായത്തിലെ ഗ്യാരേജിന് സമീപം വാടകക്ക് താമസിച്ചിരുന്ന ബിഹാർ സ്വദേശികളുടെ അഞ്ചുവയസ്സുകാരിയായ മകളെ അസ്ഫാക് ആലമെന്നയാൾ തട്ടികൊണ്ടുപോയത്. വീടിനടുത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിക്ക് ജ്യൂസ് വാങ്ങി നൽകി ബസിൽ കയറ്റി. തുടർന്ന് ആലുവ മാർക്കറ്റിന്റെ പുറകുവശത്ത് ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ചാണ് ക്രൂരമായി പീഡിപ്പിച്ച് കൊന്നത്. മാലിന്യക്കൂമ്പാരത്തിനുള്ളിൽ ചാക്കിൽ കെട്ടിയ നിലയിലായിരുന്നു മൃതദേഹം. പിന്നീട് പ്രതിക്ക് കോടതി വധശിക്ഷ വിധിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.