അനധികൃത റിക്രൂട്ടിങ് ഏജൻസികൾ; പൊലീസ് പരിശോധന പ്രഹസനം
text_fieldsആലുവ: അനധികൃത റിക്രൂട്ടിങ് ഏജൻസികൾക്കെതിരായ പൊലീസ് പരിശോധന പ്രഹസനമെന്ന് ആക്ഷേപം. മാസങ്ങളായി പരാതി ഉയർന്നിട്ടും നടപടിയെടുക്കാൻ അധികൃതർ തയാറായില്ലത്രേ. കോടികൾ തട്ടിയ ഏജൻസികളുടെ ഓഫിസുകൾ പൂട്ടിയതിനുശേഷമാണ് പരിശോധന നടത്തിയത്. ഇതിനിടെ തട്ടിപ്പുകാർ രേഖകളെല്ലാം മാറ്റിയതായും ആരോപണമുണ്ട്. തിങ്കളാഴ്ച രാവിലെയാണ് ബ്രിഡ്ജ് റോഡിലെ റോയൽ പ്ലാസയിലുള്ള ഓഫിസുകളിൽ പരിശോധന നടത്തിയത്.
വിവിധ റിക്രൂട്ടിങ് ഏജൻസികൾക്കെതിരെ കൂടുതൽ പരാതികൾ ലഭിച്ച സ്ഥാപനങ്ങളിൽ പരിശോധന നടത്തിയതെന്നായിരുന്നു പൊലീസ് വിശദീകരണം. ഇത്തരം സ്ഥാപനങ്ങളിൽ പണം വാങ്ങി വിസ തട്ടിപ്പ് നടത്തുന്നതായും ചെക്ക്, സർട്ടിഫിക്കറ്റുകൾ പിടിച്ചുവെച്ച് പണം വാങ്ങുന്നതായുമുള്ള പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ റൂറൽ ജില്ല പൊലീസ് മേധാവി എം. ഹേമലതയുടെ നിർദേശപ്രകാരമാണ് പരിശോധന നടത്തിയതെന്നും അവർ പറയുന്നു. 50,000 മുതൽ 12 ലക്ഷം രൂപവരെ വാങ്ങി കബളിപ്പിക്കുന്നതായി പരാതി ലഭിച്ചിരുന്നു.
ഇതേതുടർന്ന് അഞ്ച് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. മൂന്നെണ്ണം പൂട്ടി സീൽ ചെയ്തു. ഇവിടെ നിന്ന് അനധികൃതമായി സൂക്ഷിച്ച രേഖകളും പാസ്പോർട്ട്, സർട്ടിഫിക്കറ്റുകൾ, ചെക്ക് ലീഫുകൾ എന്നിവ കണ്ടെത്തിയതായും പൊലീസ് അവകാശപ്പെടുന്നു. എന്നാൽ, കുറച്ച് നാളുകളായി പൂട്ടിക്കിടക്കുന്ന ഓഫിസുകളിലാണ് പരിശോധന നടന്നത്.
ഇതിനകംതന്നെ തട്ടിപ്പുകാർ രേഖകളും മറ്റുമായി മുങ്ങിയിരുന്നു. പരമാവധി പണം തട്ടി രക്ഷപ്പെടാൻ ഉന്നത ഉദ്യോഗസ്ഥരിൽ ചിലരടക്കം ഏജൻസി നടത്തിപ്പുകാർക്ക് വഴിയൊരുക്കിയതായും പരാതികളുണ്ട്. തട്ടിപ്പിനെതിരെ പരാതി വ്യാപകമായതോടെയാണ് മൂന്ന് ജീപ്പ് പൊലീസ് എത്തി പൂട്ടിക്കിടന്ന ഓഫിസുകൾ തുറന്ന് പരിശോധന നാടകം നടത്തിയത്.
മൈഗ്രിറ്റ് ഓവർസീസ് 13 കോടി തട്ടി?
റോയൽ പ്ലാസ കേന്ദ്രീകരിച്ച് പ്രവർത്തിച്ച വ്യാജ റിക്രൂട്ടിങ് സംഘങ്ങൾ തട്ടിയെടുത്തത് കോടികളാണ്. ഇതിൽ മൈഗ്രിറ്റ് ഓവർസീസിനെതിരെയാണ് കൂടുതൽ പരാതിയുള്ളത്. ഇവർ മാത്രം 13 കോടിയോളം രൂപ കബളിപ്പിച്ചെടുത്തതായാണ് അറിയുന്നത്. വിദേശ ജോലി വാഗ്ദാനം നൽകി നൂറുകണക്കിന് ആളുകളെയാണ് ഇവർ വഞ്ചിച്ചത്. ഇതിനിടെ തട്ടിപ്പിന് ഇരയായവരിൽ പലരും ഇവിടെയെത്തി ബഹളമുണ്ടാക്കിയിരുന്നു. എന്നിട്ടും പൊലീസ് തിരിഞ്ഞുനോക്കിയില്ലെന്നും ആക്ഷേപമുണ്ട്.
പരമാവധി പണം തട്ടിയെടുക്കുകയും പരാതികൾ വർധിച്ചതോടെ നടത്തിപ്പുകാർ ഘട്ടം ഘട്ടമായി സ്ഥലം വിടുകയും സ്ഥാപനം പൂട്ടുകയുമായിരുന്നു. പ്രധാനപ്പെട്ട രേഖകളെല്ലാം നീക്കി ഓഫിസ് പൂർണമായും അടച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് പൊലീസ് പരിശോധനക്കെത്തിയത്. പരിശോധനയെ തുടർന്ന് പൊലീസ് സ്ഥാപനത്തിന്റെ ബോർഡ് നീക്കം ചെയ്തിരുന്നു. പരാതിക്കാർ വീണ്ടും ഇവിടെ എത്താതിരിക്കാനാണ് ബോർഡ് നീക്കിയതെന്നും ആക്ഷേപമുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.