നിക്ഷേപത്തിന് ഉയർന്ന ലാഭം വാഗ്ദാനം ചെയ്ത് ഒരു കോടിയിലേറെ രൂപ തട്ടിയ കേസിൽ ഒരാൾ പിടിയിൽ
text_fieldsസൗമല്യഘോഷ്
ആലുവ: നിക്ഷേപത്തിന് ഉയർന്ന ലാഭം വാഗ്ദാനംചെയ്ത് ഒരുകോടിയിലേറെ രൂപ തട്ടിയ കേസിൽ ഒരാൾ പിടിയിൽ. വെസ്റ്റ് ബംഗാൾ ഹൂഗ്ലി അലിപ്പൂർ സ്വദേശി സൗമല്യഘോഷിനെയാണ് (27) ആലുവ സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. ചെങ്ങമനാട് സ്വദേശിക്കാണ് പണം നഷ്ടമായത്. ഷേർഖാൻ എജുക്കേഷനൽ ഗ്രൂപ് എന്ന കമ്പനിയിൽ പണം നിക്ഷേപിച്ചാൽ മിനിമം പത്തുശതമാനം ലാഭം എന്നായിരുന്നു വാഗ്ദാനം.
തട്ടിപ്പ് സംഘം ‘സെബി’യുടെ വ്യാജ സീൽവെച്ച ട്രേഡിങ് അക്കൗണ്ട് രജിസ്ട്രേഷൻ ഫോം അയച്ചുകൊടുത്താണ് വിശ്വാസം നേടിയത്. എജുക്കേഷനൽ ഗ്രൂപ്പിൽ പ്രഫസറാണെന്ന് പറഞ്ഞാണ് ചെങ്ങമനാട് സ്വദേശിയെ തട്ടിപ്പുസംഘത്തലവൻ പരിചയപ്പെട്ടത്. പണം മുടക്കിയാലുണ്ടാകുന്ന വമ്പൻ ലാഭത്തെക്കുറിച്ച് വിശദീകരിച്ചു. തുടർന്ന് വിവിധ അക്കൗണ്ടുകളിലേക്ക് 28 തവണയായി ഒരുകോടിയിലധികം രൂപ നിക്ഷേപിക്കുകയായിരുന്നു.
ലാഭമോ മുടക്കിയ തുകയോ ലഭിക്കാതെ വന്നപ്പോഴാണ് പരാതി നൽകിയത്. തുടർന്ന് ജില്ല പൊലീസ് മേധാവി എം. ഹേമലതയുടെ മേൽനോട്ടത്തിൽ പ്രത്യേക ടീം രൂപവത്കരിച്ച് അന്വേഷണസംഘം ഹൂഗ്ലിയിൽ ദിവസങ്ങളോളം താമസിച്ചാണ് പ്രതിയെ പിടികൂടിയത്. ഇൻസ്പെക്ടർ വിബിൻദാസ്, എസ്.ഐ സി.കെ. രാജേഷ്, എ.എസ്.ഐ പി.ജി. ബൈജു, സി.പി.ഒ അരുൺ രാജ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.