മലിനീകരണത്തിനെതിരെ വൃക്ഷയജ്ഞം; ജില്ലയിൽ വെച്ചുപിടിപ്പിക്കുന്നത് ഒരുലക്ഷം ആര്യവേപ്പിന് തൈകൾ
text_fields10ാമത് വൃക്ഷയജ്ഞത്തിന്റെ ഭാഗമായി കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ പരിസ്ഥിതി ദിനത്തില്‍ നട്ടുപിടിപ്പിക്കാനുള്ള ആര്യവേപ്പിന് തൈകള്‍ അധികൃതര്‍ക്ക് കൈമാറുന്നു
ആലുവ: പ്രകൃതിയെ പരിപോഷിപ്പിക്കാനും പരിചരിക്കാനുമായി ‘എന്റെ ഗ്രാമം ഗാന്ധിജിയിലൂടെ’ മിഷന് ആരംഭിച്ച വൃക്ഷയജ്ഞം 10-ാം വര്‍ഷത്തിലേക്ക്. ജില്ലയില്‍ ഒരു ലക്ഷം ആര്യവേപ്പിന് തൈകള്‍ വെച്ചുപിടിപ്പിക്കാൻ 2023 ജൂണ്‍ അഞ്ചിന് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്ത പ്രത്യേക യജ്ഞം ഈ മാസം അഞ്ചിന് അവസാനിക്കുകയാണ്. ഈ പരിസ്ഥിതി ദിനത്തിൽ ശേഷിക്കുന്ന 12000 തൈകള്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നട്ട് ലക്ഷ്യം പൂര്‍ത്തീകരിക്കാൻ എല്ലാ ഒരുക്കവും നടത്തിയിട്ടുണ്ട്.
ജില്ലയിലെ വായു - ജല - മണ്ണ് മലിനീകരണം പരിഹരിക്കാൻ ഈ യജ്ഞം സഹായമാകുമെന്ന് പരിസ്ഥിതി പ്രവർത്തകൻ ശ്രീമന്‍ നാരായണന് പറഞ്ഞു. യജ്ഞത്തിന് ആവശ്യമായ ആര്യവേപ്പിന് തൈകള്‍ തമിഴ്നാട്ടില്‍ നിന്നാണ് എത്തിച്ചത്. കഴിഞ്ഞ ഒമ്പത് വൃക്ഷയജ്ഞങ്ങളിലൂടെ അഞ്ചര ലക്ഷം ഫലവൃക്ഷത്തൈകള്‍ സംസ്ഥാനത്തും അയല്‍ സംസ്ഥാനങ്ങളിലും വിതരണം നടത്തുകയും വെച്ച് പിടിപ്പിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
അവ ഭൂരിഭാഗവും ഫലം തന്നുതുടങ്ങി. സ്വന്തം ഗ്രാമമായ മുപ്പത്തടത്ത് 10,001 മാവും പ്ലാവും ശ്രീമൻ നാരായണൻ നേരിട്ട് വെച്ച് പിടിപ്പിച്ചു. ഇവ മൂന്നു വര്‍ഷം മുമ്പ് മുതല്‍ ഫലം തന്നു തുടങ്ങി. കൂടാതെ ‘നടാം നനക്കാം നടയില്‍ വെക്കാം’ പദ്ധതിയിലൂടെ ഒന്നര ലക്ഷം ചെത്തി, തുളസി, കൂവളം തൈകളും വിതരണം ചെയ്തു. പക്ഷികള്‍ക്ക് വേനല്‍ക്കാലത്ത് വെള്ളം പകര്‍ന്നുവെക്കാൻ ഇദ്ദേഹം ആരംഭിച്ച ‘ജീവജലത്തിന് ഒരു മണ്‍പാത്രം’ പദ്ധതിയിലൂടെ രണ്ടു ലക്ഷം മണ്‍പാത്രങ്ങള്‍ ഇതുവരെ വിതരണം ചെയ്തിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.