സൂക്ഷിച്ചാൽ ദുഖിക്കേണ്ട; വിസാ തട്ടിപ്പ് വർധിക്കുന്നു;ഉദ്യോഗാർത്ഥികളെ ചൂഷണം ചെയ്ത് നിരവധി തട്ടിപ്പ് സംഘങ്ങൾ
text_fieldsആലുവ: വിസ തട്ടിപ്പിൽ പെട്ട് പണം നഷ്ടപ്പെടുന്നവരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി റൂറൽ ജില്ല പൊലീസ്. ഇത്തരം നിരവധി പരാതികളാണ് ദിനംപ്രതി പൊലീസിന് ലഭിക്കുന്നത്. വിവിധ യൂറോപ്യൻ രാജ്യങ്ങളിലേക്കും കാനഡ, യു.കെ, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളിലും ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളാണ് തട്ടിപ്പ് സംഘം കവർന്നെടുക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങളിൽ ആകൃഷ്ടരായാണ് ഉദ്യോഗാർഥികളിലധികവും വഞ്ചിതരാകുന്നത്. വിസ തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം റൂറൽ ജില്ലയിൽ 172 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ വർഷം ആദ്യ രണ്ടു മാസങ്ങളിൽ 21 കേസും.
വിദേശ രാജ്യങ്ങളിൽ ഉയർന്ന ജോലിയും വലിയ ശമ്പളവും വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടക്കുന്നത്. നിരവധി പേർക്ക് ഇത്തരത്തിൽ ജോലി നൽകിയിട്ടുണ്ടെന്നും അവകാശപ്പെടും. ഏജന്റുമാരുടെ വാക്ചാതുരിയിൽ വീഴുന്നവർ രജിസ്ട്രേഷൻ, പ്രോസസിങ് ചാർജ്, വിസ ചാർജ് തുടങ്ങി നിരവധി കാര്യങ്ങൾക്കെന്ന പേരിൽ ലക്ഷങ്ങൾ നൽകും. ഇടനിലക്കാരെ നേരിട്ട് കാണാതെയും വിവരങ്ങൾ അന്വേഷിക്കാതെയുമാണ് പലരും മോഹന വാഗ്ദാനങ്ങളിൽ വീണ് പണം നൽകുന്നത്. ജോലിക്ക് വേണ്ടിയുള്ള കാത്തിരിപ്പ് അനന്തമായി നീളുന്നതോടെയാണ്, നടന്നത് തട്ടിപ്പാണെന്ന് മനസ്സിലാവുക. തുടർന്ന് ഏജന്റുമാരുമായി ബന്ധപ്പെടാൻ ശ്രമിക്കുമ്പോൾ ഫോൺ സ്വിച്ച് ഓഫായിരിക്കും. പറഞ്ഞ വിലാസം വ്യാജവുമായിരിക്കും.
വിദേശത്ത് ജോലിയുള്ളവരും നാട്ടിലുള്ളവരെ വെച്ച് ഇതുപോലുള്ള തട്ടിപ്പ് നടത്തുന്നതായി വിവരമുണ്ട്. വിദേശത്ത് നിരവധി ഒഴിവുകളുണ്ടെന്നും, ഉദ്യോഗാർഥികളെ സംഘടിപ്പിച്ചു നൽകിയാൽ കമ്പനി കമീഷൻ നൽകുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് നാട്ടിലുള്ളയാളെക്കൊണ്ട് സമൂഹ മാധ്യമ അക്കൗണ്ടുകൾ വഴി പരസ്യം നൽകിക്കും. പരസ്യത്തിലെ ഫോൺ നമ്പർ നാട്ടിലുള്ള ആളുടേതും അക്കൗണ്ട് നമ്പർ വിദേശത്ത് ജോലി ചെയ്യുന്ന ആളുടേതുമായിരിക്കും. ഉദ്യോഗാർഥികൾ ഇവരുടെ മോഹവലയത്തിൽ കുടുങ്ങി വിദേശ ജോലിക്കായി ലക്ഷങ്ങൾ നൽകും. ഒടുവിൽ വിദേശത്തുള്ള ആൾ മുങ്ങും. നാട്ടിലുള്ളയാൾ കൈമലർത്തുകയും ചെയ്യും. 15 ലക്ഷം രൂപ വരെ ഇത്തരം തട്ടിപ്പുകാർക്ക് നൽകിയവരുണ്ട്. വിദേശത്ത് ജോലിക്കുകൊണ്ടുപോയി വാഗ്ദാനം നൽകിയ ജോലി നൽകിയില്ലെന്ന പരാതിയും പോലീസിന് ലഭിക്കുന്നുണ്ട്.
പൊലീസ് പറയുന്നു, ആദ്യം രേഖകൾ പരിശോധിക്കണം
നിയമപരമായി രേഖകളുള്ള സ്ഥാപനങ്ങൾ വഴി മാത്രമേ വിദേശ ജോലിക്ക് ശ്രമിക്കാവൂ എന്ന് ഉദ്യോഗാർഥികൾക്ക് പൊലീസ് മുന്നറിയിപ്പ് നൽകുന്നു. ഏജന്റുമാരെ സമീപിക്കുന്നതിന് മുമ്പ് ഇക്കാര്യം പരിശോധിച്ച് ഉറപ്പുവരുത്തണം. കേട്ടുകേൾവി ഇല്ലാത്തവർക്ക് പണം നൽകി തട്ടിപ്പിനിരയാകരുതെന്നും എറണാകുളം റൂറൽ ജില്ല പൊലീസ് ആവശ്യപ്പെടുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.