ഇന്ന് ലോക തലാസീമിയ ദിനം; ആലുവ ബ്ലഡ് ബാങ്കിലെ നാറ്റ് ടെസ്റ്റ് സംവിധാനത്തിന് വഴിമുടക്കി സർക്കാർ
text_fieldsആലുവ ബ്ലഡ് ബാങ്ക്
ആലുവ: തലാസീമിയ രോഗത്തെയും ചികിത്സയേയും കുറിച്ച് ബോധവത്കരണം ഊർജിതമാക്കി രോഗപരിചരണത്തിൽ നേരിടുന്ന കുറവുകളെ പരിഹരിക്കുക എന്ന സന്ദേശവുമായി ഇന്ന് ലോക തലാസീമിയ ദിനം ആചരിക്കുകയാണ്. എല്ലാ വർഷവും മേയ് എട്ടാണ് ലോക താലസീമിയ ദിനം ആചരിക്കുന്നത്.
എന്നാൽ ആലുവ ബ്ലഡ് ബാങ്കിലെ നാറ്റ് ടെസ്റ്റ് സംവിധാനത്തിന് വഴിമുടക്കിയിരിക്കുകയാണ് സർക്കാർ എന്ന ഖേദകരമായ വിവരമാണ് ഈ ദിനത്തിൽ പുറത്തുവരുന്നത്.
സംസ്ഥാനത്ത് സർക്കാർ തലത്തിൽ തലാസീമിയ രോഗികൾക്ക് ചികിത്സ നൽകുന്ന പ്രധാന കേന്ദ്രമാണ് ആലുവ ജില്ല ആശുപത്രി. ആശുപത്രിയിലെ ഹീമോഫിലിയ സെന്ററിൽ 102 തലാസീമിയ രോഗികൾ എൻറോൾ ചെയ്തിട്ടുണ്ട്. ഇതിൽ 20 പേർക്ക് മാസത്തിൽ രണ്ടുപ്രാവശ്യം രക്തം സന്നിവേശിക്കേണ്ടി വരുന്നുണ്ട്.
സൗജന്യമായി പകരം നൽകാതെ ശ്വേത രക്താണുക്കളെ അരിച്ചു രക്തം നൽകുന്നതിനാൽ ജില്ല ആശുപത്രിയുടെ രക്ത ബാങ്കിൽ നിന്നുതന്നെയാണ് 2015 മുതൽ രക്തം ഇടുന്നത്. ഇവിടെ ഇപ്പോൾ നിയമാനുസൃതമായി ചെയ്യേണ്ട എയ്ഡ്സ്, ഹെപ്പറ്റൈറ്റീസ് ബി, സി എന്നിവയുടെ പരിശോധന ‘എലിസ’ രീതിയിൽ തന്നെയാണ് ചെയ്യുന്നത്. പാശ്ചാത്യ രാജ്യങ്ങളിലും ഇന്ത്യയിൽ തന്നെ പല സംസ്ഥാനങ്ങളിലും അണുബാധ വളരെ നേരത്തെ കണ്ടുപിടിക്കാവുന്ന നാറ്റ് സംവിധാനം നടപ്പാക്കിയിട്ടുണ്ട്.
ബ്ലഡ് ബാങ്കിൽ ഈ സംവിധാനം ഇല്ലാത്തതിനാൽ ഹീമോഫീലിയ സെന്ററിലെ ഒരു തലാസീമിയ രോഗിക്ക് 2023ൽ ഹെപ്പറ്റൈറ്റീസ് ബി ബാധിച്ചിരുന്നു. രക്തം കയറ്റിയതിൽ നിന്നാണ് രോഗബാധയുണ്ടായത്. ഈ സാഹചര്യത്തിൽ രോഗികളുടെ സംഘടനയുടെ അഭ്യർഥനപ്രകാരം മന്ത്രി വീണ ജോർജ് ഉടൻ തന്നെ ബ്ലഡ് ബാങ്കിൽ സംവിധാനം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. മുന്ന് കോടി രൂപ നീക്കി വെക്കുമെന്നും പ്രഖ്യാപിച്ചു. എന്നാൽ, സാമ്പത്തിക ഞെരുക്കം കാരണം ഇതൊന്നും നടപ്പായില്ല.
സർക്കാറിന് സാമ്പത്തിക ബാധ്യതയില്ലാതെ ബ്ലഡ് ബാങ്കിൽ നാറ്റ് സംവിധാനം ഒരുക്കാൻ ബ്ലഡ് ബാങ്ക് മാനേജ്മെന്റ് കമ്മിറ്റി തയ്യാറാണ്. ഇതിനുള്ള പണം സ്പോൺസർമാർ മുഖേന കണ്ടെത്താനും കഴിയും. എന്നാൽ, പദ്ധതി നടപ്പാക്കാൻ സർക്കാറിന്റെ ഭരണാനുമതി ആവശ്യമാണ്.
ഇതിനായി നിവേദനം നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ സംസ്ഥാന ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിൽ, എൻ.എച്ച്.എം ബ്ലഡ് സെൽ എന്നിവർ അനുകൂലമായി പ്രതികരിച്ചിട്ടുണ്ട്. എന്നാൽ, ഇതിനുള്ള ഫയൽ ഇപ്പോഴും ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുമ്പാകെ തീരുമാനം കാത്തിരിക്കുകയാണ്.
എൻ.എ.ബി.എച്ച് അക്രഡിറ്റേഷനുള്ള സംസ്ഥാനത്തെ രണ്ട് ബ്ലഡ് ബാങ്കുകളിലൊന്നാണ് ആലുവ. എന്നാൽ, അത്യാധുനിക പരിശോധന സംവിധാനമായ നാറ്റ് ടെസ്റ്റിനുള്ള സംവിധാനം ഇവിടെയില്ലാത്തത് വലിയ പോരായ്മയാണ്. നിലവിൽ എലിസ ടെസ്റ്റാണ് മെഡിക്കൽ കോളജുകളിലടക്കം നടത്തുന്നത്.
എച്ച്.ഐ.വി, ഹെപ്പറ്റെറ്റിസ് തുടങ്ങിയ വൈറസുകൾ ഈ ടെസ്റ്റിലൂടെ കണ്ടെത്തണമെങ്കിൽ ഒരുമാസമെങ്കിലും സമയമെടുക്കും. എന്നാൽ, അതിനുമുമ്പ് തന്നെ പലപ്പോഴും രക്തം നൽകപ്പെട്ടിട്ടുണ്ടാകും. അതാണ് പ്രശ്നത്തിന് കാരണം. നാറ്റ് ടെസ്റ്റാണെങ്കിൽ 12 ദിവസത്തിനുള്ളിൽ പരിശോധന ഫലം ലഭിക്കും.
ചില പ്രമുഖ സ്വകാര്യ ആശുപത്രികളിൽ മാത്രമാണ് നാറ്റ് ടെസ്റ്റ് ഉള്ളത്. ആലുവയിലെ ബ്ലഡ് ബാങ്കിൽ വൈറസ് പരിശോധനക്കായുള്ള നാറ്റ് ടെസ്റ്റ് സൗകര്യമൊരുക്കുകയോ, സ്വന്തം നിലയിൽ അത് നടപ്പാക്കാൻ അനുവാദം നൽകുകയോ ചെയ്യേണ്ടത് അനിവാര്യമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.