അങ്കമാലി അർബൻ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ മുഖ്യപ്രതി പി.ടി. പോളിന്റെ ഭാര്യ അറസ്റ്റിൽ
text_fieldsഎല്‍സി പോള്‍
അങ്കമാലി: 96 കോടിയുടെ വായ്പത്തട്ടിപ്പ് നടന്ന അങ്കമാലി അര്‍ബന്‍ സഹകരണ സംഘത്തില്‍ തിരിമറികള്‍ നടത്തിയ കേസില്‍ മുഖ്യപ്രതിയായിരുന്ന മുൻ ബാങ്ക് പ്രസിഡന്റ് പി.ടി. പോളിന്റെ ഭാര്യ എല്‍സി പോള്‍ അറസ്റ്റില്‍. തട്ടിപ്പിന് നേതൃത്വം നല്‍കുകയും ഈ പണം ഉപയോഗിച്ച് റിയല്‍ എസ്റ്റേറ്റ് കച്ചവടം നടത്തി കോടികള്‍ തട്ടുകയും ചെയ്ത പി.ടി. പോൾ ദൂരുഹ സാഹചര്യത്തില്‍ മരണപ്പെടുകയായിരുന്നു. തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത എൽസിയെ അങ്കമാലി കോടതിയില്‍ ഹാജരാക്കി. ഇവരെ മേയ് ഏഴുവരെ കാക്കനാട് സബ് ജിയിലില്‍ റിമാന്‍ഡ് ചെയ്തു. എൽസി പോളും ബന്ധുക്കളും ചേര്‍ന്ന് നാലരക്കോടിയോളം രൂപ സംഘത്തില്‍ നിന്ന് വ്യാജരേഖ ചമച്ച് വായ്പയായി എടുത്തിരുന്നു. ഇത് തിരിച്ച് അടച്ചിട്ടില്ല. പി.ടി. പോളിന്റെ പേരില്‍ ചേര്‍ന്ന ഇന്‍ഷുറന്‍സ് പോളിസിക്ക് ഈ സംഘത്തില്‍ നിന്ന് ഓരോ വര്‍ഷവും 25 ലക്ഷം വീതം പ്രീമിയം നല്‍കിയിരുന്നു. ഇൻഷുറന്‍സ് പോളിസിയില്‍ നിന്ന് ലഭിച്ച പത്തരക്കോടി രൂപയില്‍ നാമമാത്രമായ തുകയാണ് ഇവരുടെ പേരിലുള്ള ആധാരങ്ങള്‍ തിരിച്ചെടുക്കുന്നതിനുവേണ്ടി സംഘത്തില്‍ അടച്ചത്. ബാക്കി ഏഴരക്കോടിയോളം രൂപ ഇവര്‍ തിരിമറി നടത്തുകയായിരുന്നു.
25 ലക്ഷം രൂപ വീതം അഞ്ചുവര്‍ഷം ഒന്നേകാല്‍ കോടി രൂപ പ്രീമിയമായി ഈ സംഘത്തില്‍ നിന്ന് ചെക്കായി നല്‍കിയിട്ടുണ്ട്. വ്യാജ പേരിലും വ്യാജ ആധാരത്തിലുമായി പി.ടി. പോള്‍ അടിച്ചുമാറ്റിയ പണം കൊണ്ട് വാങ്ങിക്കൂട്ടിയ കെട്ടിടങ്ങളില്‍ നിന്ന് വാടകയിനത്തില്‍ ലഭിക്കുന്ന തുകകളെല്ലാം എല്‍സി പോളാണ് വാങ്ങുന്നത്. അങ്കമാലി പട്ടണത്തില്‍ ലോഡ്ജ്, ഷോപ്പിങ് കോംപ്ലക്സ്, വെജിറ്റബിള്‍ മാര്‍ക്കറ്റ്, സൂപ്പര്‍ മാര്‍ക്കറ്റ് എന്നിവയില്‍ നിന്ന് ലഭിക്കുന്ന തുകകളെല്ലാം എല്‍സി പോള്‍ സ്വന്തം നിലയിലാണ് കൈകാര്യം ചെയ്യുന്നത്. പട്ടണ മധ്യത്തില്‍ തന്നെ പി.ടി. പോള്‍ ഷെയറായി ഷോപ്പിങ് കോംപ്ലക്സ് നിര്‍മിച്ച് വാടകക്ക് നല്‍കിയിട്ടുണ്ട്. അങ്കമാലി പട്ടണത്തിനുസമീപം അങ്ങാടിക്കടവില്‍ 20 കോടിയോളം ചെലവ് ചെയ്ത് നിർമിച്ച കൊട്ടാര സദൃശ്യമായ വീട്ടിലാണ് ഇവരുടെ താമസം. ഈ വീട് നിർമിക്കാന്‍ ആവശ്യമായ തുക സംഘത്തില്‍ നിന്ന് പി.ടി. പോള്‍ വ്യാജ ലോണിലൂടെ തരപ്പെടുത്തിയതാണ്. വിവിധ ഇടങ്ങളിൽ ബിനാമി പേരില്‍ വാങ്ങിക്കൂട്ടിയ സ്ഥല വിവരങ്ങള്‍ ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്.
പട്ടണമധ്യത്തില് മുനിസിപ്പല്‍ മാര്‍ക്കറ്റിന് സമീപം വാങ്ങിയ ബഹുനില ഷോപ്പിങ് കോംപ്ലക്സിസിനുവേണ്ടി 96 പേരുടെ പേരില്‍ 24 കോടിയാണ് വായ്പയായി എടുത്തത്. ഇത് ഇപ്പോള്‍ പലിശ സഹിതം 31 കോടിയിലധികമായിട്ടുണ്ട്. ഈ തുകകളൊന്നും തിരിച്ചടച്ചിട്ടില്ല. മക്കളെ കെട്ടിക്കാനും വീട് നിർമിക്കാനും കുട്ടികളുടെ വിദ്യാഭ്യാസത്തിനായി വസ്തു വിറ്റും മറ്റും സ്വരൂപിച്ച പണമാണ് നിക്ഷേപകര്‍ സംഘത്തില്‍ നിക്ഷേപിച്ചിരുന്നത്. ഒരു വര്‍ഷത്തിലധികമായി ഒരു രൂപ പോലും നിക്ഷേപകര്‍ക്ക് ലഭിക്കുന്നില്ല. പെണ്‍കുട്ടികളുടെ വിവാഹങ്ങള്‍ മുടങ്ങിയതോടെ പല കുടുംബങ്ങളും ആത്മഹത്യയുടെ വക്കിലാണ്.
കഴിഞ്ഞ ദിവസം ഭരണസമിതി അംഗമായിരുന്ന ലക്സി ജോയിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. ഡയറക്ടര്‍ ബോര്‍ഡംഗങ്ങളായിരുന്ന ടി.പി. ജോര്‍ജ്, ദേവസി മാടന്, രാജപ്പന് നായര്‍, പി.വി. പൗലോസ്, മേരി ആന്റണി എന്നിവരെ ക്രൈംബ്രാഞ്ച് നേരത്തെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിരുന്നു. സര്‍ക്കാർ ഉറപ്പിന്മേല് സംഘത്തില്‍ പണം നിക്ഷേപിച്ചവര്‍ ഇപ്പോള്‍ കണ്ണീര്‍ക്കയത്തിലാണ്.. സര്‍ക്കാര്‍ ഗ്യാരണ്ടി പത്രം ഇപ്പോഴും സംഘത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. എല്ലാവര്‍ഷവും നിക്ഷേപ ഗ്യാരണ്ടിക്കുള്ള ഇന്‍ഷുറന്‍സ് തുക സംഘം ഇപ്പോഴും നല്‍കുന്നുണ്ട്. തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്കിയവരില് പ്രധാന പങ്ക് വഹിച്ച രണ്ട് ജീവനക്കാരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വസ്തുവിന്റെ ആധാരത്തിന്റെ പകര്‍പ്പ് മാത്രം ഉള്‍ക്കൊള്ളിച്ചും, പ്രായപൂര്‍ത്തിയാകാത്ത വിദ്യാർഥികളുടെ പേരിലും ഒരേ വസ്തുവിന്മേല് ഒരേ വീട്ടില്‍ താമസിക്കുന്ന നാലു പേരുടെ വരെ പേരിലും, മരണപ്പെട്ട വ്യക്തിയുടെ പേരിലും വായ്പ നല്‍കിയിട്ടുണ്ട്.
പുതിയ വ്യക്തികള്‍ക്ക് വ്യാജമായി അംഗത്വം നല്കി വായ്പ നല്‍കിയിട്ടുളളതായും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംഘത്തില്‍ കഴിഞ്ഞ മാര്‍ച്ച് വരെ 120 കോടി വായ്പ ബാക്കി നില്‍പ്പുള്ളതില്‍, 96 കോടിയുടെ വായ്പകള്‍ വ്യാജമെന്ന് കണ്ടെത്തിയിട്ടുണ്ട്. കോതമംഗലത്തുളള ഒരു വ്യവസായി സംഘത്തില്‍ നിന്ന് 33 കോടിയുടെ വായ്പയാണ് എടുത്തിരിക്കുന്നത്. വരും ദിവസങ്ങളിലും അറസ്റ്റ് ഉണ്ടാവുമെന്നും, അന്വേഷണം ഊര്‍ജ്ജിതമാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. സഹകരണ നിയമങ്ങള്‍ കാറ്റില്‍ പറത്തിയ തട്ടിപ്പ് സംഘങ്ങളുടെ വസ്തുവകകള്‍ ജപ്തി ചെയ്ത് ലേലത്തില്‍ വെച്ച് വില്പന നടത്തി നിക്ഷേപകരുടെ പണം തിരിച്ച് നൽകാനുളള നടപടി സ്വീകരിക്കാന്‍ സഹകരണ വകുപ്പ് തയ്യാറാകണമെന്ന് അര്‍ബന്‍ സഹകരണ സംരക്ഷണ സമിതി ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.