Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭരണ-പ്രതിപക്ഷ തർക്കം രൂക്ഷം; അങ്കമാലി നഗരസഭയുടെ മാസ്റ്റർ പ്ലാൻ വിവാദത്തിൽ

text_fields
bookmark_border
റോഡ് വീതി കൂട്ടി വികസിപ്പിക്കാനാണ് മാസ്റ്റർ പ്ലാനിൽ വിഭാവനം ചെയ്തത്
ഭരണ-പ്രതിപക്ഷ തർക്കം രൂക്ഷം; അങ്കമാലി നഗരസഭയുടെ മാസ്റ്റർ പ്ലാൻ വിവാദത്തിൽ
cancel
camera_alt

അങ്കമാലി നഗരസഭയുടെ മാസ്റ്റർ പ്ലാനിൽനിന്ന് അശാസ്ത്രീയ റോഡ് വികസനം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ പ്രദേശവാസികൾ നഗരസഭ സെക്രട്ടറിക്ക് പരാതി നൽകിയപ്പോൾ

അങ്കമാലി: നഗരസഭയുടെ മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയ വാർഡുകളിലെ ഹെഡ്ക്വാർട്ടേഴ്സ് (നാല്), ടൗൺ വാർഡ് (26), മണിയംകുളം (27) റോഡ് വികസനം സംബന്ധിച്ച് ഭരണ- പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ തർക്കം ഉയർന്നതോടെ വിവാദത്തിൽ. ദേശീയപാതയിൽ അങ്കമാലി സെൻറ് ജോസഫ് സ്‌കൂളിന് സമീപത്ത് നിന്നാരംഭിച്ച് ബസിലിക്ക പള്ളി ഭാഗം കൂടി എടത്തോട് പാടം വഴി അങ്ങാടിക്കടവ് സെൻറ് ജോർജ് ചാപ്പലിലെത്തുന്ന റോഡ് എട്ട് മീറ്റർ വീതി കൂട്ടി വികസിപ്പിക്കാനാണ് മാസ്റ്റർ പ്ലാനിൽ വിഭാവനം ചെയ്തിട്ടുള്ളത്. എന്നാൽ ജനവാസ മേഖലയിലെ റോഡ് വികസനം ദീർഘവീക്ഷണവും പ്രായോഗികതയുമില്ലാതെ തട്ടിക്കൂട്ടിയാണ് നഗരസഭയുടെ മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയതെന്നാണ് പ്രതിപക്ഷ അംഗങ്ങൾ ചൂണ്ടിക്കാട്ടുന്നത്. അതേ സമയം മണിക്കൂറുകളോളം നീളുന്ന അങ്കമാലിയിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വേണ്ടിയാണ് പ്രധാനമായും ഇത്തരത്തിൽ റോഡ് വികസനം മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തേണ്ടിവന്നതെന്നാണ് യു.ഡി.എഫ് ഭരണസമിതി ചൂണ്ടിക്കാട്ടുന്നത്.

നിർദിഷ്ഠ റോഡ് വികസനം കൊണ്ട് അങ്കമാലി പട്ടണം നേരിടുന്ന ഗതാഗതക്കുരുക്കൊഴിവാക്കാൻ കഴിയില്ലെന്നും, അത് കൂടുതൽ സങ്കീർണമാവുകയുള്ളൂവെന്നും പ്രദേശവാസികളും ചൂണ്ടിക്കാട്ടുന്നു. നിലവിലെ റോഡിന്റെ അധികഭാഗവും രണ്ടര മുതൽ മൂന്ന് മീറ്റർ വരെ മാത്രമാണ് വീതിയുള്ളത്. മാസ്റ്റർ പ്ലാനിൽ പറയുന്ന പ്രകാരം വീതി കൂട്ടണമെങ്കിൽ ഇരുവശങ്ങളിൽ നിന്നും ചുരുങ്ങിയത് അഞ്ച് മീറ്റർ സ്ഥലം എടുക്കേണ്ടിവരും. അത് നിരവധി വീടുകളെ സാരമായി ബാധിക്കും.

റോഡിന് ഇരുവശവും താമസിക്കുന്നവരിൽ കൂടുതലും രണ്ട് സെൻറ് മുതൽ പത്ത് സെൻറ് വരെ മാത്രം ഭൂമിയുള്ളവരാണ്. എടത്തോട് പാടശേഖരത്തിൽ നികത്ത് ഭൂമി കൈവശമുള്ളയാളുടേയും, നികത്താൻ വേണ്ടി ഭൂമി വാങ്ങിയിട്ടുള്ളവരുടെയും താൽപര്യം സംരക്ഷിക്കാനാണ് റോഡ് വികസനത്തിന്റെ പേരിൽ രംഗത്ത് വന്നിട്ടുള്ളതെന്ന് നഗരസഭ പ്രതിപക്ഷനേതാവ് ടി.വൈ. ഏല്യാസ്, എൽ.ഡി.എഫ് കൗൺസിലർമാരായ ഗ്രേസി ദേവസി ,ബിജു പൗലോസ്, ഷെറിൻ കാക്കനാടൻ എന്നിവർ ആരോപിച്ചു.

എൽ.ഡി.എഫ് ബൈപ്പാസിന് കിഫ്ബി പദ്ധതിയിൽ 275 കോടി അനുവദിച്ചതാണെന്നും പ്രതിപക്ഷ കൗൺസിലർമാർ ചൂണ്ടിക്കാട്ടുന്നു. അശാസ്ത്രീയവും, ജനദ്രോഹപരവുമായ റോഡ് വികസനം മാസ്റ്റർ പ്ലാനിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരിൽ നിന്ന് ഒപ്പ് ശേഖരിച്ച് എൽ.ഡി.എഫ് കൗൺസിലർമാരുടേയും, സി.പി.എം അങ്ങാടിക്കടവ് ബ്രാഞ്ച് സെക്രട്ടറി കെ.കെ. വർഗീസ്, യോഹന്നാൻ വി.കൂരൻ എന്നിവരുടേയും നേതൃത്വത്തിൽ നഗരസഭ അധ്യക്ഷക്കും, സെക്രട്ടറിക്കും പരാതി നൽകിയിരിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Dispute between the ruling party and the opposition escalates; Angamaly Municipality's master plan in controversy
Next Story