നാഥനില്ലാതെ കാക്കനാട് വില്ലേജ് ഓഫിസ്
text_fieldsഓഫിസ് സമയം കഴിഞ്ഞും പ്രവർത്തിക്കുന്ന കാക്കനാട് വില്ലേജ് ഓഫിസ്
കാക്കനാട്: ജില്ലയിൽ ഏറ്റവും തിരക്കുള്ള വില്ലേജ് ഓഫിസുകളിൽ ഒന്നായ കാക്കനാട് വില്ലേജ് ഓഫിസർ കസേരയിൽ ആളില്ലാതായിട്ട് ഒരു മാസമാകുന്നു. ഭരണ സിരാകന്ദ്രമായ കലക്ടറേറ്റിന്റെ മൂക്കിൻ തുമ്പത്താണ് വില്ലേജ് ഓഫിസ് സ്ഥിതി ചെയ്യുന്നത്. ഓഫിസർ ഇല്ലാത്തത് വിവിധ കാര്യങ്ങൾക്കെത്തുന്ന ജനങ്ങളെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. ഭൂമി കയ്യേറ്റങ്ങൾ ഉൾപ്പെടെ ഒഴിപ്പിച്ച് മികച്ചുനിന്ന വില്ലേജ് ഓഫിസറെ താലൂക്കിലെ ആർ.ആർ സെക്ഷനിലേക്ക് സ്ഥലം മാറ്റുകയായിരുന്നു. പുതിയ വനിത വില്ലേജ് ഓഫിസർ ചാർജ് എടുത്തെങ്കിലും അധികം താമസിയാതെ അവധിയിൽ പോകുകയായിരുന്നു.
കാക്കനാട് സ്പെഷൽ തഹസിൽദാർ എൽ.എ ജനറൽ വിഭാഗത്തിലെ റവന്യു ഇൻസ്പെക്ടറായിരുന്ന ചാന്ദ്നി ചന്ദ്രനാണ് ഫെബ്രുവരി ആറിന് കാക്കനാട് വില്ലേജ് ഓഫിസറായി ചുമതലയേറ്റിരുന്നത്. എന്നാൽ മാസങ്ങൾക്കകം അവർ അവധിയിൽ പ്രവേശിക്കുകയായിരുന്നു.
വാഴക്കാല വില്ലേജ് ഓഫിസർക്ക് ജോലിഭാരം കൂടി
കാക്കനാട് വില്ലേജ് ഓഫിസർ അവധിയിൽ പോയതിനാൽ അധിക ജോലിഭാരം ലഭിച്ചിരിക്കുന്നത് വാഴക്കാല വില്ലേജ് ഓഫിസർക്ക്. നിലവിൽ വളരെയേറെ തിരക്കുള്ള വാഴക്കാല വില്ലേജിലെ ജോലികൾക്ക് ശേഷം വളരെ കുറച്ച് സമയം മാത്രമാണ് കാക്കനാട് വില്ലേജിൽ സേവനം ലഭിക്കുന്നത്. വൈകീട്ട് ഓഫീസ് സമയത്തിന് ശേഷവും ഇരുന്നാണ് ഫയലുകൾ പരിശോധിക്കുന്നത്.
ലൊക്കേഷൻ സ്കെച്ച്, ആർ.ഒ.ആർ അടക്കം നേരിട്ട് വില്ലേജിൽ നിന്ന് നൽകുന്ന സർട്ടിഫിക്കറ്റുകൾ, അപേക്ഷകർ നേരിട്ട് വാഴക്കാല വില്ലേജിൽ കൊണ്ടുപോയി ഒപ്പിട്ടു വാങ്ങുമ്പോൾ നൽകുന്ന പൊസഷൻ സർട്ടിഫിക്കറ്റ്, ലീഗൽ ഹെയർഷിപ്പ് റിലേഷൻഷിപ്പ് സർട്ടിഫിക്കറ്റ് തുടങ്ങി ഇ-ഡിസ്ട്രിക്ട് വഴി ലഭിക്കേണ്ട പല അപേക്ഷകളും അനുവദിച്ചു കിട്ടുന്നതിന് അപേക്ഷകർ വില്ലേജ് ഓഫിസിൽ കയറിയിറങ്ങി മടുത്തിരിക്കുകയാണ്. മുഴുസമയ വില്ലേജ് ഓഫിസറുണ്ടെങ്കിൽ പോലും തിരക്ക് ഒഴിയാത്ത കാക്കനാട് വില്ലേജ് ഓഫിസിൽ അപേക്ഷകൾ നൽകി ദുരിതത്തിലായവർ ചോദിക്കുന്നത് പുതിയ വില്ലേജ് ഓഫിസർ എന്നെത്തുമെന്നാണ്.
അഴിമതി ആരോപണത്തിൽ സ്ഥലംമാറ്റിയ ഉദ്യോഗസ്ഥനെ കൊണ്ടുവരാൻ നീക്കം
അഴിമതി ആരോപണത്തെ തുടർന്ന് സ്ഥലം മാറ്റിയ ഉദ്യോഗസ്ഥനെ വില്ലേജ് ഓഫിസറായി നിയമിക്കാൻ അണിയറ നീക്കം. മാസങ്ങൾക്ക് മുമ്പ് കാക്കനാട് വില്ലേജ് ഓഫിസറായിരിക്കെ ഭൂമി തരം മാറ്റവുമായി ബന്ധപ്പെട്ട് സ്വകാര്യ വ്യക്തിയിൽ നിന്ന് ലക്ഷങ്ങൾ ആവശ്യപ്പെട്ടെന്ന പരാതിയിൽ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം സ്ഥലം മാറ്റിയ ഉദ്യോഗസ്ഥനെയാണ് വീണ്ടും കാക്കനാട് വില്ലേജ് ഓഫിസറായി കൊണ്ടുവരാൻ നീക്കം നടക്കുന്നത്.
പവർഗ്രിഡ് കോർപറേഷനിലേക്ക് സ്ഥലം മാറ്റിയ ഉദ്യോഗസ്ഥൻ ഇപ്പോൾ ക്രമീകരണത്തിന്റെ പേരിൽ കലക്ടറേറ്റിലെ എൽ.എ ജനറലിലാണ് ജോലി ചെയ്യുന്നത്. ആരോപണ വിധേയനായ ആരേയും വില്ലേജ് ഓഫിസറായി നിയമിക്കരുതെന്ന തീരുമാനത്തെ തകിടം മറിക്കുന്നതാണ് ഈ നീക്കം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.