കായലും കടലും കാണാൻ പോയാലോ...
text_fieldsഇന്ദ്ര സോളാർ ബോട്ട്
കൊച്ചി: ഓണപ്പരീക്ഷ കഴിഞ്ഞ് അവധിയിലേക്ക് കടക്കുമ്പോൾ കുട്ടികളുമായി ചെറിയൊരു യാത്ര പോകാൻ ആഗ്രഹിക്കുന്നവരാണോ. എങ്കിൽ നിങ്ങൾക്കായി ഓഫറൊരുക്കി കാത്തിരിപ്പുണ്ട് സംസ്ഥാന സർക്കാറിന്റെ ജലഗതാഗത വകുപ്പ്. ഇന്ദ്ര സോളാർ ബോട്ടിൽ പാതിനിരക്കിൽ വിദ്യാർഥികൾക്ക് യാത്രചെയ്യാനുള്ള സൗകര്യമാണ് അധികൃതർ ഒരുക്കിയിരിക്കുന്നത്.
എറണാകുളം ബോട്ട് ജെട്ടിയിൽനിന്ന് പുറപ്പെട്ട് മറൈൻഡ്രൈവ്, ബോൾഗാട്ടി, വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ, കാളമുക്ക്, അഴിമുഖം, ഫോർട്ട്കൊച്ചി, വിലിങ്ടൺ ഐലൻഡ്, മട്ടാഞ്ചേരി എന്നിവിടങ്ങളിലെ കാഴ്ചകൾ ആസ്വദിച്ച് എ.സി ബോട്ടിൽ യാത്ര ചെയ്യാനാകുമെന്നതാണ് പ്രത്യേകത. 300 രൂപയാണ് സാധാരണ ഈ യാത്രക്ക് ഈടാക്കുന്നത്. അവധിദിനങ്ങളോടനുബന്ധിച്ച് കുട്ടികൾക്ക് പകുതിനിരക്കിൽ യാത്ര സാധ്യമാക്കുകയാണ് അധികൃതർ.
അഞ്ചുമുതൽ 11 വരെ പ്രായമുള്ള കുട്ടികൾക്കാണ് ഇളവ് ലഭിക്കുക. അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികൾക്ക് യാത്ര സൗജന്യവുമാണ്. 31 മുതൽ ഇളവോടുകൂടിയുള്ള യാത്ര ആസ്വദിക്കാനാകും. രാവിലെ 11 മുതൽ ഒരുമണി വരെ, വൈകീട്ട് നാലുമുതൽ ആറുവരെ എന്നിങ്ങനെ രണ്ടുമണിക്കൂർ വീതമാണ് സർവിസ്. ഇതിനിടയിലുള്ള സമയത്ത് കൂടുതൽ സർവിസിന് ആവശ്യമായ ആളുകളെത്തിയാൽ ബോട്ട് യാത്ര നടത്താൻ അധികൃതർ സന്നദ്ധരാണ്. ടിക്കറ്റുകൾ നേരിട്ടും ഫോൺ മുഖേന 9400050351 നമ്പറിലും ബുക്ക് ചെയ്യാനാകും.
സാഗരറാണിയും നെഫർറ്റിറ്റിയും
അവധിദിനങ്ങൾ ആസ്വാദ്യകരമാക്കാൻ കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ ലിമിറ്റഡിന്റെ (കെ.എസ്.ഐ.എൻ.സി) സാഗരറാണിയും സെപ്റ്റംബർ ഒന്നുമുതൽ സർവിസ് ആരംഭിക്കുകയാണ്. ഹൈകോർട്ട് ജെട്ടിയിൽനിന്ന് രാവിലെ 8.30, 11, ഉച്ചക്ക് 2.30, വൈകീട്ട് 5.30 എന്നിങ്ങനെ ആരംഭിച്ച് രണ്ട് മണിക്കൂർ നീളുന്ന യാത്രകളാണ് സാഗര റാണിയുടേത്.
ഏഴുമുതൽ 10 വരെ കി.മീ. കടലിലേക്ക് യാത്ര ചെയ്യുന്നതാണ് സർവിസുകൾ. ചായയും സ്നാക്സും കലാപരിപാടികളുമൊക്കെ ഉൾപ്പെടുന്നതാണ് യാത്ര. 600 രൂപയാണ് ഒരാൾക്ക് ടിക്കറ്റ് നിരക്ക്. അഞ്ചുമുതൽ പത്ത് വയസ്സുവരെയുള്ള കുട്ടികൾക്ക് പകുതിനിരക്ക് മതിയാകും. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് യാത്ര സൗജന്യമായിരിക്കും.
കായൽ, കടൽകാഴ്ചകൾ ആസ്വദിച്ച് നെഫർറ്റിറ്റി കപ്പലിൽ നാലുമണിക്കൂർ ആഡംബര യാത്ര നടത്താനുള്ള അവസരവും സെപ്റ്റംബർ ഒന്ന് മുതലുണ്ട്. ബോൾഗാട്ടിയിൽനിന്ന് തുടങ്ങുന്ന സർവിസുകൾക്ക് തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ രാവിലെയുള്ള യാത്രക്ക് ഒരാൾക്ക് 2000 രൂപയാണ് നിരക്ക്. അഞ്ചുമുതൽ പത്ത് വയസ്സുവരെയുള്ള കുട്ടികൾക്ക് 200 രൂപയും.
വൈകീട്ടാണെങ്കിൽ മുതിർന്നവർക്ക് 2400, കുട്ടികൾക്ക് 500 എന്നിങ്ങനെയുമാണ്. അവധി, വീക്കെൻഡ് ദിനങ്ങളിൽ രാവിലെയുള്ള ട്രിപ്പിന് മുതിർന്നവർക്ക് 2400, കുട്ടികൾക്ക് 800 എന്നിങ്ങനെയും വൈകീട്ടുള്ള യാത്രക്ക് മുതിർന്നവർക്ക് 2700, കുട്ടികൾക്ക് 800 എന്നിങ്ങനെയുമാണ് നിരക്ക്. പ്രത്യേക പാക്കേജുകളടക്കം സജ്ജമാണ്. ഫോൺ: 9846211143.
വാട്ടർ മെട്രോയോട് പ്രിയമേറെ
യാത്രക്കാർക്ക് ഏറെ പ്രിയപ്പെട്ട ജലഗതാഗത സർവിസായി ഇതിനകം മാറിയിരിക്കുകയാണ് ജലമെട്രോ. ഓരോ അവധി ദിനങ്ങളിലും വാട്ടർമെട്രോയിൽ കായൽകാഴ്ചകൾ ആസ്വദിക്കാനെത്തുന്നവരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്. മട്ടാഞ്ചേരിയിലേക്കുള്ള സർവിസ് കൂടി യാഥാർഥ്യമാകുന്നതോടെ യാത്രക്കാരുടെ എണ്ണം ഇനിയും വർധിക്കുമെന്നാണ് അധികൃതർ കരുതുന്നത്. ഓരോ അവധിദിനങ്ങളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഹൈകോർട്ട്-മട്ടാഞ്ചേരി റൂട്ടിൽ സെപ്റ്റംബറിൽ സർവിസ് ആരംഭിക്കുമെന്ന് കെ.എം.ആർ.എൽ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.