അഞ്ചുവർഷത്തിനിടെ ജില്ലയിൽ 1923 പോക്സോ കേസ്
text_fieldsകൊച്ചി: ജില്ലയിൽ ഇക്കഴിഞ്ഞ രണ്ടു മാസത്തിനിടെ മാത്രം രജിസ്റ്റർ ചെയ്തത് 77 പോക്സോ കേസ്. 2025 ജനുവരി, ഫെബ്രുവരി മാസങ്ങളിലെ മാത്രം കണക്കാണിത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ജില്ലയിലാകെ 1923 കേസ് രജിസ്റ്റർ ചെയ്തു. 2020 മുതൽ 2024 വരെയുള്ള കണക്കാണിത്. ഈ വർഷം രണ്ടു മാസത്തെ കണക്കുകൾ കൂടി കൂട്ടിയാൽ ആകെ കേസുകളുടെ എണ്ണം 2000 ആകും.
ജില്ലയിൽ സിറ്റി പരിധിയിലേക്കാൾ റൂറൽ മേഖലകളിലാണ് പോക്സോ കേസ് കൂടുതലായി ഉള്ളത്. ഇക്കഴിഞ്ഞ രണ്ടു മാസം നഗരമേഖലയിൽ 22 കേസ് രജിസ്റ്റർ ചെയ്തപ്പോൾ റൂറലിൽ ഇത് ഇരട്ടിയിലേറെയാണ്. ആകെ 55 കേസ് ഇതിനകം ഈ മേഖലയിൽ രജിസ്റ്റർ ചെയ്തു.
സംസ്ഥാനത്താകെ 888 കേസുകളാണ് ഇക്കാലയളവിൽ എടുത്തിട്ടുള്ളത്. സംസ്ഥാനത്തെ ആകെ കേസുകളിൽ മൂന്നാമതാണ് എറണാകുളം. തിരുവനന്തപുരത്താണ് കൂടുതൽ കേസുള്ളത്-117. രണ്ടാമത് മലപ്പുറം 86).
മുൻ വർഷങ്ങളിലും നഗരത്തിലേക്കാൾ കൂടുതൽ കേസ് റൂറൽ മേഖലയിൽ എടുത്തിട്ടുണ്ട്. 2024ൽ ജില്ലയിലെ ആകെയുള്ള 437 കേസുകളിൽ 270 എണ്ണം റൂറലിലും 167 എണ്ണം സിറ്റി മേഖലയിലുമാണ്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഏറ്റവുമധികം കേസ് വന്നത് 2023ലാണ്-ആകെ 484 എണ്ണം. ഇതിൽ 325 കേസുകളും റൂറൽ പരിധിയിലായിരുന്നു.
34 പൊലീസ് സ്റ്റേഷനുകളടങ്ങുന്നതാണ് റൂറൽ ആലുവ ആസ്ഥാനമായുള്ള റൂറൽ പൊലീസ് ജില്ല. ഇക്കാലയളവിൽ ഏറ്റവും കുറവ് കേസുകളുണ്ടായത് കോവിഡും ലോക്ഡൗണും പിടിമുറുക്കിയ 2020ലാണ്. ആകെ 260 കേസ് ആ വർഷം രജിസ്റ്റർ ചെയ്തു.
എന്താണ് പോക്സോ കേസ്
ലൈംഗിക കുറ്റകൃത്യങ്ങളിൽനിന്ന് കുട്ടികളെ സംരക്ഷിക്കാനുള്ള നിയമമാണ് പോക്സോ (പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ് ആക്ട്-2012). നമ്മുടെ സമൂഹത്തിൽ ഏറ്റവും കൂടുതൽ ലൈംഗിക കുറ്റകൃത്യങ്ങൾക്ക് വിധേയരാകുന്നത് 18 വയസ്സിനു താഴെയുള്ള കുട്ടികളാണ്.
ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന അവകാശങ്ങൾ ലിംഗഭേദമില്ലാതെ നടപ്പാക്കുന്നതിനും നിയമ നടത്തിപ്പിലുടനീളം ബാല സൗഹൃദ നടപടിക്രമങ്ങളും ഉൾക്കൊള്ളിച്ചാണ് പോക്സോ ആക്ട് പാസാക്കിയത്. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം, ലൈംഗിക പീഡനം, അശ്ലീല ചിത്രങ്ങൾ, അശ്ലീല ചിത്രങ്ങളിൽ അവരെ ഉപയോഗിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുകയാണ് പ്രധാനമായും നിയമത്തിന്റെ ലക്ഷ്യം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.