അമ്പലമുകൾ വ്യവസായ മേഖലയിലെ റോഡ് ശോച്യാവസ്ഥയിൽ
text_fieldsഅമ്പലമേട്: ഒന്നര വർഷം മുമ്പ് നവീകരണം തുടങ്ങിയ അമ്പലമുകൾ വ്യവസായ മേഖലയിലൂടെ കടന്നുപോകുന്ന കരിമുകൾ -ചിത്രപ്പുഴ റോഡ് തകർന്ന് പഴയതിനെക്കാൾ ശോച്യാവസ്ഥയിലായി. റോഡ് കുണ്ടും കുഴിയുമായി, മഴ പെയ്താൽ വെള്ളക്കെട്ടും വെയിലായാൽ രൂക്ഷമായ പൊടിശല്യവുമാണ്.
റോഡിന്റെ ശോച്യാവസ്ഥ കാരണം പ്രദേശത്ത് കടുത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. പള്ളിക്കര മുതൽ അമ്പലമുകൾ എച്ച്.ഒ.സി വരെയുള്ള റോഡ് ബി.എം.ബി.സി നിലവാരത്തിൽ നിർമിക്കുന്നതിനായി 12 കോടി അനുവദിച്ചിരുന്നു. ഇതേതുടർന്ന് ഒന്നര വർഷം മുമ്പ് നിർമാണം ആരംഭിച്ചിരുന്നെങ്കിലും പണി പൂർത്തിയായിട്ടില്ല.
കഴിഞ്ഞ ഫെബ്രുവരിയിൽ പൂർത്തിയാകേണ്ടിയിരുന്ന റോഡിൽ, മാസങ്ങൾക്ക് മുമ്പ് ബി.എം നിലവാരത്തിൽ ടാറിങ് നടത്തിയെങ്കിലും മാസങ്ങൾക്കുള്ളിൽ തന്നെ റോഡ് പൊട്ടിപ്പൊളിഞ്ഞ് വലിയ കുഴികൾ രൂപപ്പെടുകയായിരുന്നു. ബി.എം. ടാറിങ് നടത്തുന്നതിന് മുമ്പ് റോഡിൽ ഇത്രയും കുഴികൾ ഇല്ലായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. റോഡ് പൂർണമായും തകർന്ന് കാൽനടക്കാർക്കുപോലും സഞ്ചരിക്കാനാകാത്ത അവസ്ഥയിലാണ്. അമ്പലമുകൾ വ്യവസായ മേഖലയുമായി ബന്ധിപ്പിക്കുന്നതും അതിസുരക്ഷ മേഖലയിലുള്ളതുമായ ഈ റോഡിന്റെ തകർച്ച വലിയ അപകടങ്ങൾക്ക് വഴിവെച്ചേക്കാമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
എച്ച്.ഒ.സി മുതൽ ചിത്രപ്പുഴ വരെ നാലുവരിപ്പാതയാക്കി ചിത്രപ്പുഴ പാലം പുതുക്കിപ്പണിയുന്നതിന് 25 കോടി രൂപ വകയിരുത്തിയിട്ട് വർഷങ്ങളായെങ്കിലും പ്രാഥമിക നടപടികൾ പോലും ആരംഭിച്ചിട്ടില്ല. റോഡിന്റെ തകർച്ച കാരണം സാധാരണക്കാരായ യാത്രക്കാരാണ് ഏറെ ദുരിതം അനുഭവിക്കുന്നത്. അതിനാൽ റോഡ് നിർമാണം എത്രയും വേഗം പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

