ഭാര്യക്കുനേരെ വധശ്രമം: യുവാവിന് 14 വര്‍ഷം കഠിന തടവ്
text_fieldsരാഹുല്കുഞ്ഞ്
പെരുമ്പാവൂര്‍: ഭാര്യയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവിന് 14 വര്‍ഷം കഠിന തടവും 70,000 രൂപ പിഴയും. അശമന്നൂര്‍ പഞ്ചായത്ത് ഉദയകവല ഭാഗത്ത് നമ്പേലില്‍ കോളനിയില്‍ നമ്പേലി വീട്ടില്‍ രാഹുല്‍ കുഞ്ഞിനെയാണ് (32) ശിക്ഷിച്ചത്. ഇയാളുടെ ഭാര്യയും അശമന്നൂര്‍ മേതല തലപുഞ്ച ഭാഗത്ത് സ്രാമ്പിക്കല്‍ വീട്ടില്‍ കുഞ്ഞപ്പന്റെ മകളുമായ അനുമോളെ (25) വീട്ടില്‍ കയറി കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് വിധി. പെരുമ്പാവൂര്‍ അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി ആനി വര്‍ഗീസാണ് വിധി പുറപ്പെടുവിച്ചത്.
വിവാഹസമയം ബ്ലോക്ക് പഞ്ചായത്തില്‍നിന്നു അനുമോള്‍ക്ക് ലഭിച്ച ധനസഹായം രാഹുല്‍ കുഞ്ഞിന് നല്‍കിയില്ലെന്ന വിരോധമാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. കുറുപ്പംപടി പൊലീസ് രാഹുലിന് എതിരെ മൂന്ന് കേസുകളെടുത്തിരുന്നു. ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം അനുമോള്‍ക്ക് സംരക്ഷണ ഉത്തരവും നൽകി. ഇത് ലംഘിച്ചാണ് ഇയാൾ 2024 ജനുവരി 28ന് രാത്രി 10ന് കത്തിയുമായി വീട്ടില്‍ അതിക്രമിച്ച് കയറിയത്. ഒരു വയസുള്ള കുട്ടിക്ക് പാൽ കൊടുത്ത് കട്ടിലില്‍ കിടക്കുകയായിരുന്ന അനുമോളെ കുത്തുകയായിരുന്നു. ആറ് ഇഞ്ച് ആഴത്തില്‍ ഇറങ്ങിയ കത്തി അനുമോളുടെ കരള്‍ പിളര്‍ത്തി. യുവതിയുടെ കരളിന്റെ ഒരു ഭാഗം മുറിച്ച് നീക്കിയിരുന്നു. ഒന്നരമാസം ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു.
കൊലപാതക ശ്രമത്തിന് ഏഴ് വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും, ആയുധം വച്ച് ഉപദ്രവിച്ചതിന് ഒരു വര്‍ഷം തടവും, ഭവനഭേദനം നടത്തിയതിന് അഞ്ച് വര്‍ഷം തടവും 20,000 രൂപ പിഴയും, ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരമുള്ള സംരക്ഷണ ഉത്തരവ് ലംഘിച്ചതിന് ഒരു വര്‍ഷവുമാണ് ശിക്ഷിച്ചത്. ശിക്ഷകള്‍ എല്ലാം ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്ന് വിധിയില്‍ പറയുന്നു. കുറുപ്പംപടി പൊലീസ് സബ് ഇന്‍സ്പെക്ടറായിരുന്ന എം.കെ. സജീവ് രജിസ്റ്റര്‍ ചെയ്ത് കേസ് അന്വേഷിച്ച് ഹണി കെ. ദാസാണ് കുറ്റപത്രം നല്‍കിയത്. കേസില്‍ സര്‍ക്കാരിനുവേണ്ടി അഡീഷനല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ അഡ്വ. എം.ജി. ശ്രീകുമാര്‍ ഹാജരായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.