സ്വകാര്യവ്യക്തികൾ തോടുകൾ മണ്ണിട്ട് നികത്തുന്നതായി പരാതി
text_fieldsചിറ്റാറ്റുകര പഞ്ചായത്തിലെ മാച്ചാംതുരുത്തിൽ തോട് മണ്ണ് നിക്ഷേപിച്ച നിലയിൽ
പറവൂർ: ദേശീയപാത66 നിർമാണവുമായി ബന്ധപ്പെട്ട് ചിറ്റാറ്റുകര പഞ്ചായത്ത് പ്രദേശങ്ങളിൽ സ്വകാര്യ വ്യക്തികൾ തോടുകൾ മണ്ണിട്ട് നികത്തുന്നതായി വ്യാപക പരാതി. ദേശീയപാത നിർമാണം തുടങ്ങിയപ്പോൾ തന്നെ പല ഇടത്തോടുകളും ഇരു വശങ്ങളിലായി മുറിഞ്ഞു പോകുന്ന സ്ഥിതിയുണ്ടായി.
ചില സ്വകാര്യ വ്യക്തികൾ തോടുകൾ നികത്തുന്നതായും പരാതിയുണ്ട്. തുടർന്ന് ചിറ്റാറ്റുകരയിലെ ഇരു വശങ്ങളിലുമുള്ള ചെറിയ തോടുകളെ പ്രധാന തോടുകളുമായി ബന്ധിപ്പിച്ച് വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി. മാച്ചാംതുരുത്തിൽ ഒരു വ്യക്തിയുടെ ഭൂമിയിൽ നിന്ന് ദേശീയപാതയുടെ സർവീസ് റോഡിലേക്ക് വഴി സൗകര്യം ഉണ്ടാക്കുന്നതിനായി തൂമ്പും ഗ്രാവലും നിറച്ച് തോട് നികത്തുന്നതായി നാട്ടുകാർ പറയുന്നു.
മുനമ്പം കവലയിലെ പ്രധാന തോട് മാലിന്യങ്ങൾ നിറഞ്ഞ് അടഞ്ഞതിനാൽ നിലവിലെ ദേശീയപാതക്ക് സമീപവും നീണ്ടൂർ ഭാഗത്തും മഴ പെയ്താൽ വെള്ളക്കെട്ട് രൂക്ഷമാണ്.

