മയക്കുമരുന്ന് പ്രതികളുടെ സ്വത്ത് കണ്ടുകെട്ടൽ: നടപടി ഊർജിതമാക്കി
text_fieldsനെടുമ്പാശ്ശേരി: മയക്കുമരുന്ന് ഇടപാടുകാരുടെ സ്വത്തുവകകൾ കണ്ടുകെട്ടുന്നതിന് നടപടി ജില്ലയിലും ഊർജിതമാക്കി. ഇതനുസരിച്ച് മയക്കുമരുന്ന് കേസിൽ ആവർത്തിച്ച് പ്രതിയാകുന്നവരുടെ ആറ് വർഷത്തിനിടെ നേടിയ സ്വത്തുവകകളെക്കുറിച്ചാണ് രജിസ്ട്രേഷൻ വകുപ്പ് അന്വേഷിക്കുന്നത്.
അന്വേഷിക്കേണ്ടവരുടെ പട്ടിക എക്സൈസും പൊലീസും ചേർന്നാണ് തയാറാക്കിയിട്ടുള്ളത്. എൻ.ഡി.പി.എസ് 68 എഫ് വകുപ്പ് പ്രകാരമാണ് ഇത് തയാറാക്കിയത്. ജില്ലയിൽനിന്ന് സ്വത്ത് കണ്ടെത്താൻ ചെന്നൈ ആസ്ഥാനമായുള്ള സ്മഗ്ലേഴ്സ് ആൻഡ് ഫോറിൻ എക്സ്ചേഞ്ച് മാനിപുലേറ്റ് അതോറിറ്റിക്ക് (സഫേമ) ഏതാനും പേരുടെ ലിസ്റ്റ് നൽകിയിട്ടുണ്ട്. എന്നാൽ, പലരും സ്വത്തുവകകൾ ബിനാമി പേരുകളിലേക്കും മറ്റും മാറ്റുകയാണ്.
അതുകൊണ്ടുതന്നെ സ്വത്തു കണ്ടുകെട്ടൽ നടപടിക്രമത്തിന് ഏറെ കടമ്പയുമുണ്ട്. ഇതേതുടർന്ന് പരമാവധി പേരെ കരുതൽ തടങ്കലിലാക്കാനാണ് ശ്രമിക്കുന്നത്. 20 കിലോയിൽ കൂടുതൽ കഞ്ചാവുമായി രണ്ട് കേസിൽ പ്രതികളായവരെയാണ് ഒരു വർഷം വരെ കരുതൽ തടങ്കലിലാക്കുന്നത്.
എം.ഡി.എം.എയാണെങ്കിൽ 10 ഗ്രാമിൽ കൂടുതലും മെത്താഫെറ്റാമിനാണെങ്കിൽ 50 ഗ്രാമിൽ കൂടുതലും പിടിച്ചെടുത്ത കേസുകളിൽ പ്രതികളായിരിക്കണം. മയക്കുമരുന്ന് കേസിൽ പിടിയിലാകുന്നവരെ വിശദമായി ചോദ്യം ചെയ്ത് ഇവരുടെ കണ്ണികളായിട്ടുള്ളവരെയും നിരീക്ഷിക്കുന്നുണ്ട്.
ഇടപാടുകാരുടെ വിവരം ലഭിച്ചു
നെടുമ്പാശ്ശേരി: കളമശ്ശേരി പോളിടെക്നിക് കോളജിലെ മയക്കുമരുന്ന് കേസിൽ ഉൾപ്പെടെ പ്രതികളുടെ ഫോണുകൾ പരിശോധിച്ചതിനെത്തുടർന്ന് മയക്കുമരുന്ന് ഇടപാടുകൾ നടത്തുന്നവരും ഉപയോഗിക്കുന്നവരുമായ നിരവധി പേരുടെ വിവരം ലഭിച്ചു. ഇവരെല്ലാം നിരീക്ഷണത്തിലാണ്.
കഴിഞ്ഞ ദിവസം ആലുവ മുട്ടത്ത് 48 ഗ്രാം എം.ഡി.എം.എയുമായി ഓച്ചന്തുരുത്ത് സ്വദേശി ഷാജിയെ പിടികൂടിയിരുന്നു. ഇതിനു മുമ്പ് മൂന്ന് തവണ മയക്കുമരുന്നുമായി പിടിയിലായിട്ടുള്ളയാളാണ് ഷാജി. ഷാജിയും പോളിടെക്നിക് കോളജിലെ മയക്കുമരുന്ന് കേസിലെ പ്രതിയായ വിവേകും തമ്മിൽ ഏതുവിധത്തിലുള്ള ഇടപാടുകളാണ് ഉള്ളതെന്നറിയാൻ ഇയാളെ കസ്റ്റഡിയിൽ വാങ്ങും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.