കടൽ കടന്ന് കൊച്ചിയിലെ ബോട്ടുകൾ
text_fieldsപള്ളുരുത്തി: ബോട്ട് നിർമാണ വ്യവസായ രംഗത്ത് കുതിച്ചുചാട്ടത്തിന് ഒരുങ്ങുകയാണ് കൊച്ചി. ഇവിടത്തെ യാർഡുകളുടെ ബോട്ട് നിർമാണ വൈദഗ്ധ്യവും കുറഞ്ഞ ചെലവും വിദേശരാജ്യങ്ങളെ ആകർഷിക്കുകയാണ്. കഴിഞ്ഞദിവസം ബ്രിട്ടനിലേക്ക് 12 മീറ്റർ നീളമുള്ള സ്റ്റീൽ ബോട്ട് നിർമിച്ച് കപ്പൽ കയറ്റിയിരുന്നു. ഇടക്കൊച്ചിയിലെ ധരിയ മറൈൻ എൻജിനീയറിങ് സർവിസാണ് ബോട്ട് നിർമിച്ചുനൽകിയത്.
ലണ്ടനിൽ സ്വന്തമായി ബോട്ട് യാർഡുള്ള ബ്രീട്ടിഷുകാരൻ ജോൺ നിക്കോളാസ് ബ്രാൻസൺ ആണ് ഓർഡർ നൽകിയതെന്നറിയുമ്പോഴാണ് കൊച്ചിയുടെ ബോട്ട് നിർമാണ പെരുമയുടെ മഹത്വം വ്യക്തമാകുന്നത്. ബോട്ട് കടൽ കയറ്റിയതിന് പിന്നാലെ സ്വിറ്റ്സർലൻഡിൽനിന്നും യു.കെയിൽനിന്നുമടക്കം അന്വേഷണം വന്നുകൊണ്ടിരിക്കുകയാണ്. ബോട്ട് സ്വന്തമാക്കിയ ജോൺ നിക്കോളാസിന്റെ സുഹൃത്തും അടുത്തമാസം കരാറിൽ ഏർപ്പെടാൻ എത്തും.
പുതിയ ബോട്ട് കുടുംബ യാത്രക്ക്
യു.കെയിലേക്ക് കയറ്റിയയച്ച ബോട്ട് ജോൺ നിക്കോളാസിനും ഭാര്യ ആനുമുള്ള സ്വകാര്യ യാത്രക്കായാണ് നിർമിച്ചത്. അടുക്കള, ബെഡ് റൂം, തീൻമേശ, ടോയ്ലറ്റ് തുടങ്ങി ഒരു വീട്ടിൽ വേണ്ട എല്ലാ സൗകര്യങ്ങളും ബോട്ടിൽ ഒരുക്കിയിട്ടുണ്ട്. ബോട്ടിൽ ഉലകം ചുറ്റാനുള്ള തയാറെടുപ്പിലാണ് ദമ്പതികൾ. ബ്രിട്ടിഷ് ചാനൽ കടന്ന് ഫ്രാൻസിലേക്കാണ് ആദ്യ യാത്ര. തുടർന്ന് ജർമനി, ഹോളണ്ട്, മെഡിറ്ററേനിയൻ രാജ്യങ്ങൾ എന്നിങ്ങനെ പോകും. ഫ്ലാറ്റിൽ വാടകക്ക് താമസിക്കുന്നതിനേക്കാൾ ലാഭം ബോട്ടിൽ കഴിയുന്നതാണെന്നതാണ് ജോണിന്റെ പക്ഷം. ലണ്ടനിലെ ചെലവ് ഭീമമാണെന്നും അവിടെ പലരും ഇത്തരത്തിൽ ചിന്തിച്ചു തുടങ്ങിയെന്നും ജോൺ കൂട്ടിച്ചേർത്തു.
കാലത്തിെന്റ കാവ്യനീതി...
18ാം നൂറ്റാണ്ടിൽ കൊച്ചി തീരത്ത് കപ്പൽ നിർമാണ കേന്ദ്രങ്ങൾ ഏറെയുണ്ടായിരുന്നു. കൊച്ചിയിൽ നിർമിക്കുന്ന കപ്പലുകൾക്ക് അന്ന് ലോക മാർക്കറ്റിൽ വലിയ മതിപ്പായിരുന്നു. ബ്രിട്ടീഷുകാർ ഓക്ക് മരത്തിൽ കപ്പലുകൾ നിർമിച്ച സ്ഥാനത്ത് തേക്ക്, ആഞ്ഞിലി എന്നീ മരങ്ങളുപയോഗിച്ച് നിർമിച്ചതിനാൽ കൊച്ചി കപ്പലുകൾക്ക് ഈടും ഉറപ്പും ഏറെയായിരുന്നു. വിലയും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കുറവായിരുന്നു. ഇക്കാര്യത്താൽ ബ്രിട്ടീഷ് ഭരണകാലത്ത് ബ്രിട്ടീഷ് കപ്പൽ കമ്പനികൾക്ക് ഇന്ത്യൻ കപ്പൽ നിർമാണ കമ്പനികൾക്കെതിരെ നീരസം ഉടലെടുത്തിരുന്നു. അങ്ങനെയിരിക്കെയാണ് 50,000 ടൺ ഭാരം വഹിക്കാൻ ശേഷിയുള്ള ചന്ദ്രഭാനു എന്ന കപ്പൽ കൊച്ചിയിലെ ഒരു കമ്പനി നിർമിച്ച് നീറ്റിലിറക്കിയത്.
കലിപൂണ്ട ബ്രിട്ടീഷ് കമ്പനിക്കാർ ബ്രിട്ടീഷ് സർക്കാറിനെ സ്വാധീനിച്ച് കപ്പൽ കമ്പനിക്കെതിരെ കേസ് കൊടുത്തു. തുടർന്ന് കപ്പൽ കണ്ടുകെട്ടി കായലിൽ കെട്ടിയിട്ടു. 1889 ജനുവരി നാലിന് കപ്പലിന് തീപിടിച്ചു. കാറ്റിന്റെ ഗതിക്കനുസരിച്ച് പുറംകടലിലേക്ക് കപ്പൽ പോകുമെന്ന കണക്കുകൂട്ടലിൽ കപ്പൽ കെട്ടഴിച്ചുവിട്ടു. എന്നാൽ, എത്തിയത് ഫോർട്ട്കൊച്ചി കൽവത്തി തീരത്ത്. തീരത്തെ കമ്പനികൾ പലതും കത്തിനശിച്ചു. 300ഓളം വീടുകൾ കത്തിച്ചാമ്പലായി. ഗ്രേറ്റ് കൊച്ചിൻ ഫയർ എന്നാണ് ഈ സംഭവം അറിയപ്പെടുന്നത്. ബ്രിട്ടീഷുകാർക്കും നാട്ടുകാർക്കും അന്ന് അഭയമായത് കൽവത്തി മുസ്ലിം പള്ളിയായിരുന്നു. പള്ളിയുടെ ചെറിയ ഭാഗം തീപിടിച്ചുവെങ്കിലും ഓടിയെത്തിയവർക്ക് സംരക്ഷണം ലഭിച്ചു എന്നതാണ് ചരിത്രം. കൊച്ചിയിലെ കപ്പൽ നിർമാണ കേന്ദ്രങ്ങളെ ഒരുകാലത്ത് എതിർത്തിരുന്ന അതേ രാജ്യത്തുനിന്ന് ബോട്ട് നിർമാണത്തിലെ വൈഭവം തിരിച്ചറിഞ്ഞ് വന്നത് ഒരു പക്ഷേ, യാദൃച്ഛികമാകാം.
ബ്രിസ്റ്റോ സായ്പിെന്റ ബോട്ട് സ്മാരകമാകുന്നു
കൊച്ചിയുടെ ശിൽപി എന്നറിയപ്പെടുന്ന ബ്രിട്ടീഷ് ഹാർബർ എൻജിനീയർ സർ റോബർട്ട് ബ്രിസ്റ്റോ കായലിലൂടെ സഞ്ചരിച്ച് കൊച്ചി തുറമുഖത്തിന്റെ മാസ്റ്റർ പ്ലാൻ തയാറാക്കാൻ ഉപയോഗിച്ചിരുന്ന വാസ്കോ എന്ന ബോട്ട് ചരിത്രസ്മാരകമാകുകയാണ്. ബോട്ട് പൊളിക്കാൻ കൊച്ചിൻ പോർട്ടിൽനിന്നും ലേലത്തിലെടുത്ത മട്ടാഞ്ചേരി തോപ്പുംപടി സ്വദേശികളായ സിത്താര ഗ്രൂപ്പിലെ സഹോദരങ്ങളായ സാജർ, അബി എന്നിവർ ചരിത്രത്തിന്റെ ഭാഗമായ ബോട്ടിനെ സ്മാരകമാക്കി സംരക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു.
പൈതൃകവും തനിമയും നിലനിർത്തി കൊണ്ടുള്ള നവീകരണം നടന്നുവരുകയാണ്. കേരളത്തിലെ തന്നെ ആദ്യ യന്ത്രവത്കൃത ബോട്ടായ വാസ്കോയുടെ ബോഡി നിർമിച്ചത് 1920ലാണ്. തേക്കിൽ തീർത്ത ബോട്ടിന്റെ എൻജിൻ സ്കോട്ട്ലൻഡലൽനിന്നാണ് എത്തിച്ചത്. പുരാവസ്തുവായി പോലും പരിഗണിക്കാതെ പോർട്ട് ട്രസ്റ്റ് അധികൃതർ തൂക്കിവിറ്റതിൽ അന്ന് വലിയ പ്രതിഷേധം ഉയർന്നിരുന്നു.
ഉരു യാനങ്ങൾക്ക് പിന്നാലെ ബോട്ടുകളും
അടുത്തകാലം വരെ ഉരു യാനങ്ങൾ കൊച്ചി തുറമുഖത്തുനിന്ന് അറേബ്യൻ രാജ്യങ്ങളിലേക്ക് കയറ്റിയയച്ചിരുന്നു. ഇപ്പോൾ ബോട്ട് നിർമാണത്തിലും മലയാളത്തിന്റെ കൈയൊപ്പ് ചാർത്തുകയാണ്. ഒരു വ്യവസായ സംരഒഭത്തിന് കൂടി മലയാള മണ്ണിൽ വാതായനം തുറക്കപ്പെടുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.