ജില്ല അത്ലറ്റിക് ചാമ്പ്യൻഷിപ് സമാപിച്ചു; മാർ ബേസിലിനും എസ്.എച്ച്.ഒ.എച്ച്.എസിനും കിരീടം
text_fieldsജില്ല അത്ലറ്റിക് മീറ്റിൽ സീനിയേഴ്സ് വിഭാഗത്തിൽ ചാമ്പ്യൻമാരായ എസ്.എച്ച്.ഒ.എച്ച്.എസ്
മൂക്കനൂർ
കൊച്ചി: എറണാകുളം മഹാരാജാസ് സ്റ്റേഡിയത്തിൽ രണ്ടു ദിവസമായി നടന്ന ജില്ല അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ജൂനിയർ വിഭാഗത്തിൽ അങ്കമാലി മൂക്കന്നൂര്‍ സേക്രഡ് ഹാര്‍ട്ട് ഓര്‍ഫനേജ് ഹൈസ്കൂള്‍ (എസ്.എച്ച്.ഒ.എച്ച്.എസ്) സ്പോര്‍ട്സ് അക്കാദമിയെ അവസാന ദിന മത്സരത്തിൽ പിന്നിലാക്കി കോതമംഗലം മാർ ബേസിൽ എച്ച്.എസ്.എസ് കിരീടമണിഞ്ഞു. 464 പോയന്റ് നേടിയാണ് ഇവരുടെ നേട്ടം. അട്ടിമറിയിലൂടെ ഇരട്ടക്കിരീടം മോഹിച്ചെത്തിയ എസ്.എച്ച്.ഒ.എച്ച്.എസിന് 170 പോയന്റുമായി സീനിയർ വിഭാഗത്തിൽ മാത്രം ഓവറോൾ കിരീടവുമായി മടങ്ങേണ്ടി വന്നു.
ചാമ്പ്യൻഷിപ്പിന്റെ ആദ്യദിനമായ വ്യാഴാഴ്ച ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ എസ്.എച്ച്.ഒ.എച്ച്.എസായിരുന്നു മുന്നിലുണ്ടായിരുന്നത്. എന്നാൽ, സമാപന ദിനം പല മത്സരങ്ങളിലും മാർ ബേസിൽ താരങ്ങൾ സ്വർണമെഡലണിഞ്ഞതോടെ പോയന്റ് പട്ടികയിൽ വൈകാതെ മുന്നിലെത്തുകയായിരുന്നു. ജൂനിയർ വിഭാഗത്തിൽ എസ്.എച്ച്.ഒ.എച്ച്.എസ് 19 പോയന്റ് വ്യത്യാസത്തില്‍ (445) രണ്ടാം സ്ഥാനത്തുണ്ട്. കോതമംഗലം എം.എ കോളജിനാണ് മൂന്നാം സ്ഥാനം (222). വിദ്യോദയ സ്കൂള്‍ തേവക്കല്‍ (160), വടുതല ചിന്മയ വിദ്യാലയ (160) സ്കൂളുകള്‍ യഥാക്രമം നാലും അഞ്ചും സ്ഥാനം നേടി.
സീനിയര്‍ വിഭാഗത്തില്‍ രണ്ടാം സ്ഥാനത്തിനായി നടന്ന വാശിയേറിയ മത്സരത്തിനൊടുവിൽ നിലവിലെ ചാമ്പ്യന്മാരായ കോതമംഗലം എം.എ കോളജ് രണ്ടാം സ്ഥാനവും (138) മാർ ബേസിൽ മൂന്നാം സ്ഥാനവും(136) നേടി. വൈപ്പിന്‍ നായരമ്പലം ബി.വി.എച്ച്.എസ്.എസ് 67 പോയന്റുമായി നാലാമതും വടുതല ചിന്മയ വിദ്യാലയ ടീം 34 പോയന്റോടെ അഞ്ചാമതുമുണ്ട്. വര്‍ഷങ്ങളായി കൈയടക്കിയിരുന്ന കിരീടമാണ് ഇത്തവണ എം.എ കോളജിന് നഷ്ടമായത്.
സീനിയര്‍ വിഭാഗം വനിത ചാമ്പ്യന്‍ഷിപ് നിലനിര്‍ത്തിയെങ്കിലും പുരുഷവിഭാഗത്തില്‍ തിരിച്ചടി നേരിട്ട എം.എ കോളജ് ടീം മൂന്നാം സ്ഥാനത്തേക്ക് പോയി. ജൂനിയര്‍ ആണ്-പെണ് വിഭാഗങ്ങളില്‍ അണ്ടര്‍ 16, അണ്ടര്‍ 18 കാറ്റഗറികളിലും സീനിയര്‍ വനിത വിഭാഗത്തിലും മാര്‍ബേസില്‍ ചാമ്പ്യന്മാരായി. ജൂനിയര്‍ അണ്ടര്‍ 14 പെണ്‍വിഭാഗത്തില്‍ മാത്രമാണ് അങ്കമാലി എസ്.എച്ച്.ഒ.എച്ച്.എസ് സ്പോര്‍ട്സ് അക്കാദമി മുന്നിലെത്തിയത്. ഇരുചാമ്പ്യന്ഷിപ്പുകളിലായി ഏഴ് വിഭാഗങ്ങളില്‍ ടീം റണ്ണേഴ്സ് അപ്പായി. ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് ഈ മാസം 16,17,18 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാം.
ഇവർ ആദ്യ രണ്ട്സ്ഥാനക്കാര്
ആണ്‍വിഭാഗം അണ്ടര്‍ 14: വിദ്യോദയ സ്കൂള്‍ തേവക്കല്‍ 62, അങ്കമാലി എസ്.എച്ച്.ഒ.എച്ച്.എസ് സ്പോര്‍ട്സ് അക്കാദമി 45. അണ്ടര്‍ 16: കോതമംഗലം മാര്‍ബേസില്‍ എച്ച്.എസ്.എസ് 48, എസ്.എച്ച്.ഒ.എച്ച്.എസ് സ്പോര്‍ട്സ് അക്കാദമി 48, ചിന്മയ വിദ്യാലയ വടുതല 32. അണ്ടര്‍ 18: മാര്‍ബേസില്‍ എച്ച്.എസ്.എസ് 94, എസ്.എച്ച്.ഒ.എച്ച്.എസ് സ്പോര്‍ട്സ് അക്കാദമി 92. അണ്ടര്‍ 20: എം.എ കോളജ് കോതമംഗലം 71, മാര്‍ബേസില്‍ എച്ച്.എസ്.എസ് കോതമംഗലം 68.
പെണ്‍വിഭാഗം അണ്ടര്‍ 14: അങ്കമാലി എസ്.എച്ച്.ഒ.എച്ച്.എസ് സ്പോര്‍ട്സ് അക്കാദമി 61, കാക്കനാട് ഭവന്‍സ് ആദര്‍ശ് വിദ്യാലയ 27.5. അണ്ടര്‍ 16: കോതമംഗലം മാര്‍ബേസില്‍ എച്ച്.എസ്.എസ് 85, അങ്കമാലി എസ്.എച്ച്.ഒ.എച്ച്.എസ് സ്പോര്‍ട്സ് അക്കാദമി 59. അണ്ടര്‍ 18: കോതമംഗലം മാര്‍ബേസില്‍ എച്ച്.എസ്.എസ് 88, അങ്കമാലി എസ്.എച്ച്.ഒ.എച്ച്.എസ് സ്പോര്‍ട്സ് അക്കാദമി 66. അണ്ടര്‍ 20: സെന്റ് സേവ്യേഴ്സ് കോളജ് ഫോര്‍ വിമണ്‍ ആലുവ 56.5, മാര്‍ബേസില്‍ എച്ച്.എസ്.എസ് കോതമംഗലം 43. സീനിയര്‍ പുരുഷ വിഭാഗം: എം.എ കോളജ് കോതമംഗലം 87, അങ്കമാലി എസ്.എച്ച്.ഒ.എച്ച്.എസ് സ്പോര്‍ട്സ് അക്കാദമി 59. വനിത വിഭാഗം: മാര്‍ബേസില്‍ എച്ച്.എസ്.എസ് കോതമംഗലം 122, അങ്കമാലി എസ്.എച്ച്.ഒ.എച്ച്.എസ് സ്പോര്‍ട്സ് അക്കാദമി 111.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.