ആഘോഷപൂർവം ഉദ്ഘാടനം; മട്ടാഞ്ചേരി ജെട്ടിയിലേക്ക് ബോട്ട് സർവിസ് പേരിന് മാത്രം
text_fieldsമട്ടാഞ്ചേരി ബോട്ട് ജെട്ടി
മട്ടാഞ്ചേരി: നവീകരണത്തിന് ശേഷം കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത മട്ടാഞ്ചേരി ജെട്ടിയിലേക്ക് ബോട്ട് സർവിസ് പേരിന് മാത്രം. 98 ലക്ഷം രൂപ മുടക്കിയാണ് രാജ്യത്തെ ആദ്യ കാല പാസഞ്ചേഴ്സ് ജെട്ടികളിൽ ഒന്നായ മട്ടാഞ്ചേരി ബോട്ട് ജെട്ടി നവീകരിച്ച് ഫെബ്രുവരി അഞ്ചിന് ഉദ്ഘാടനം ചെയ്തത്.
കായലിലെ ആഴം കൂട്ടാനുള്ള ഡ്രഡ്ജിങ്, ജെട്ടിയുടെ നവീകരണം എന്നിവ പൂർത്തിയാക്കിയ ശേഷമാണ് ഇറിഗേഷൻ വകുപ്പ് ജലഗതാഗത വകുപ്പിന് ഫിറ്റ്നസ് നൽകിയത്. ഗതാഗത മന്ത്രി ഗണേഷ് കുമാറാണ് ഉദ്ഘാടനം നടത്തിയത്. ദൈനം ദിനം സഞ്ചാരികൾ അടക്കം ആയിരക്കണക്കിന് യാത്രക്കാർ ആശ്രയിച്ചിരുന്ന ജെട്ടിയിൽ നിന്നും 2018ലെ പ്രളയത്തിനു ശേഷം ചളി വന്നടിഞ്ഞതിന്റെ പേരിൽ സർവിസ് നിർത്തി വെക്കുകയായിരുന്നു. ഏഴ് വർഷത്തെ ഇടവേളക്ക് ശേഷം ജെട്ടിയിൽ നിന്നുള്ള സർവിസ് ആരംഭിച്ചപ്പോൾ പൊതുജനങ്ങൾ ഏറെ ആശ്വസിച്ചെങ്കിലും വീണ്ടും സർവിസുകളുടെ എണ്ണം ഗണ്യമായി കുറച്ചിരിക്കയാണ്.
കായലിൽ വെള്ളം കുറവായതിനാൽ ബോട്ടുകൾ അടുപ്പിക്കാൻ കഴിയുന്നില്ലെന്നാണ് ജല ഗതാഗത വകുപ്പ് അധികൃതർ പറയുന്നത്.വേലിയേറ്റ സമയത്ത് മാത്രം ബോട്ടടുപ്പിക്കുന്ന രീതിയാണ് ഇപ്പോൾ അവലംബിച്ചിരിക്കുന്നത്. ഡ്രഡ്ജിംഗ് കാര്യക്ഷമമായി നടത്തിയിരുന്നുവെങ്കിൽ പ്രതിസന്ധി ഉണ്ടാകില്ലായിരുന്നുവെന്ന് പശ്ചിമകൊച്ചി പാസഞ്ചേഴ്സ് അസോസിയേഷൻ ഭാരവാഹികൾ ചൂണ്ടിക്കാട്ടുന്നു.
ചളിയാണ് നിലവിലെ പ്രശ്നമെങ്കിൽ ഡ്രഡ്ജിങ് സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് സെക്രട്ടറി പത്മനാഭ മല്യ ആവശ്യപ്പെട്ടു. മട്ടാഞ്ചേരിയിലേക്ക് സർവിസ് നടത്തുന്നതിൽ ജീവനക്കാർക്ക് താല്പര്യക്കുറവുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു കോടി രൂപയോളം ചെലവിട്ടിട്ടും ജെട്ടി, യാത്രക്കാർക്ക് പ്രയോജനകരമല്ലാതായി തീരുകയാണെന്നും പ്രശ്നത്തിൽ അടിയന്തിര ഇടപെടൽ വേണമെന്നും ആവശ്യപ്പെട്ട് അസോസിയേഷൻ ഗതാഗത മന്ത്രിക്കും എം.എൽ .എക്കും പരാതി നൽകിയിട്ടുണ്ട്. സർവിസുകൾ വെട്ടിക്കുറക്കുന്നത് ടൂറിസ്റ്റുകളുടെ വരവിനെ ബാധിക്കുന്നതായി ടൂറിസ്റ്റ് ഗൈഡുകളും ചൂണ്ടിക്കാട്ടുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.