യൂനിയൻ ജാക്ക് ഇറക്കി ത്രിവർണ പതാക ഉയർത്തിയ ഫോർട്ട്കൊച്ചി ചരിത്ര മൈതാനം അവഗണനയിൽ
text_fieldsശോച്യാവസ്ഥയിലായ പരേഡ് മൈതാനം
സ്വാതന്ത്ര്യ പ്രഖ്യാപനത്തെ തുടർന്ന് തടിച്ചുകൂടിയ ആയിരങ്ങളെ സാക്ഷിയാക്കിയാണ് ഈ മൈതാനത്ത് ബ്രിട്ടിഷുകാരുടെ യൂനിയൻ ജാക്ക് പതാക താഴ്ത്തി സ്വതന്ത്ര്യസമര സേനാനി കെ.ജെ. ബെർളി ത്രിവർണ പതാക ഉയർത്തിയത്. ബ്രീട്ടിഷ് ആധിപത്യത്തിന്റെ പിന്മാറ്റ പ്രഖ്യാപനം കേട്ട് ഉത്സാഹഭരിതരായ ജനങ്ങൾ 1947 ആഗസ്റ്റ് 14ന് രാത്രി തന്നെ യൂനിയൻ ജാക്ക് താഴ്ത്തിയിരുന്നുവെന്നാണ് പറയപ്പെടുന്നത്. നാല് രാജ്യങ്ങളുടെ സൈനീക പരേഡിന് വേദിയായ ലോകത്തിലെ തന്നെ ഏക മൈതാനമാണിത്
ഫോർട്ട്കൊച്ചി: രാജ്യം 78ാമത് സ്വാതന്ത്ര്യദിന ആഘോഷത്തിനൊരുങ്ങുമ്പോൾ ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ ആവേശം പ്രകടമാക്കിയ ഫോർട്ട്കൊച്ചിയിലെ പരേഡ് മൈതാനി അധികൃതരുടെ അവഗണനയിൽ നശിക്കുന്നു. ഉദയ സൂര്യനെ സാക്ഷിയാക്കി ആഗസ്റ്റ് 15ന് ദേശീയ പതാക ഉയർത്തി ചരിത്ര മൂഹൂർത്തത്തിന് സാക്ഷ്യം വഹിച്ച മൈതാനമാണ് അവഗണന നേരിടുന്നത്.
പൈതൃകനഗരിയുടെ കണ്ണായ ഭാഗത്തെ നാലേക്കർ വിസ്തൃതിയുള്ള മൈതാനം റവന്യു വകുപ്പിന്റെ പരിധിയിലിരിക്കെയാണ് ഈ അവഗണന. ഒരു ഭാഗത്ത് കാടുമൂടി, ചെറിയ മഴയിൽ പോലും ചെളി, കുണ്ടും കുഴികളും നിറഞ്ഞ കളിസ്ഥലം ഇതൊക്കെയാണ് ഈ ചരിത്ര മൈതാനത്തിന്റെ ഇന്നത്തെ അവസ്ഥ.
പരേഡ് മൈതാനി 1960 കാലയളവിൽ
മൈതാനത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഒരുപക്ഷേ, നാല് രാജ്യങ്ങളുടെ സൈനീക പരേഡിന് വേദിയായ ലോകത്തിലെ തന്നെ ഏക മൈതാനം കൂടിയാണിത്. പോർച്ചുഗീസ്, ഡച്ച്, ബ്രിട്ടിഷ് ഭരണകാലയളവിൽ തങ്ങളുടെ സൈനിക പരേഡുകൾ നടത്താൻ ഉപയോഗിച്ചിരുന്നത് ഈ മൈതാനമാണ്. പോർച്ചുഗീസുകാരാണ് സൈനിക ഡ്രില്ലിന് ആദ്യം ഈ മൈതാനം തെരഞ്ഞെടുത്ത്. ഡച്ചുകാരും തുടർന്നു.
ഡച്ചുകാർ സൈനിക ബാരക്കുകൾ ഒരുക്കിയിരുന്നതിനാൽ ബറാക്ക് മൈതാനം എന്ന പേര് കൂടിയുണ്ട്. പിന്നീട് ബ്രിട്ടിഷുകാർ സേനയുടെ പരേഡ് നടത്തിയതോടെ മൈതാനം പരേഡ് മൈതാനം എന്നറിയപ്പെട്ടു. സ്വതന്ത്ര്യശേഷം 1948 ഓക്ടോബർ 12ന് നാവിക പരിശീലനത്തിന് പരേഡ് മൈതാനിയിൽ തുടക്കം കുറിച്ചു. 1952ൽ ഫയറിങ് സ്കൂൾ ഫോർട്ട്കൊച്ചിയിലെ സ്ഥിര വളപ്പിലേക്ക് മാറ്റുകയായിരുന്നു.
2017ലെ ഫിഫ അണ്ടർ 17 അന്തർദേശീയ ഫുട്ബാൾ മത്സരങ്ങളുടെ പരിശീലന ഗ്രൗണ്ട്, രഞ്ജി ട്രോഫിയടക്കമുള്ള ക്രിക്കറ്റ് മത്സരങ്ങൾ, ദേശീയ ഹോക്കി, ഫുട്ബാൾ മത്സരങ്ങൾ, ഗാട്ടാ ഗുസ്തി മത്സരം, കാർണിവൽ ആഘോഷവേദി തുടങ്ങിയവക്ക് പരേഡ് മൈതാനി സാക്ഷ്യം വഹിച്ചിട്ടുണ്ട്. എന്നാൽ നിലവിൽ ഒരു ചെറിയ ടൂർണമെന്റ് പോലും നടത്താനാവാത്ത സ്ഥിതിയിലാണ് മൈതാനം.
ഒട്ടേറെ ചരിത്ര മുഹുർത്തങ്ങൾക്ക് സാക്ഷിയായ മൈതാനം സംരക്ഷിച്ച് നിലനിർത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.