ഗോത്രക്കാഴ്ചകളുമായി ‘ഗദ്ദിക’എത്തുന്നു
text_fieldsകൊച്ചി: പരമ്പരാഗത ഗോത്രവിഭാഗങ്ങളുടെ കുടിലുകൾ, ഏറുമാടങ്ങൾ എന്നിവ നേരിട്ട് കണ്ടറിയാം... അവരുടെ കലാപ്രകടനങ്ങൾ ആസ്വദിച്ചും പാരമ്പര്യ ചികിത്സ രീതികളെ മനസ്സിലാക്കിയും അനുഭവങ്ങളിലൂടെ സഞ്ചരിക്കാം. എറണാകുളം കലൂർ ജവഹർലാൽ നെഹ്റു ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ ഈ മാസം 29ന് ഗദ്ദിക മിഴിതുറക്കുമ്പോൾ പട്ടികവിഭാഗങ്ങളുടെ തനത് കലകളും പരമ്പരാഗത ഉൽപന്നങ്ങളും പരിചയപ്പെടുത്തുന്ന അതുല്യമായ അനുഭവമാകും.
സെപ്റ്റംബർ രണ്ടുവരെ സംഘടിപ്പിക്കുന്ന മേളയിലൂടെ പരമ്പരാഗത ഉല്പന്നങ്ങള് കാണാനും വാങ്ങാനും പാരമ്പര്യ കലാമേളകള്‍ ആസ്വദിക്കാനുമുള്ള അവസരം ഒരുങ്ങും. പ്രവേശനം സൗജന്യമാണ്. വെള്ളിയാഴ്ച വൈകീട്ട് നാലിന് വ്യവസായമന്ത്രി പി. രാജീവ് ഉദ്ഘാടനം നിർവഹിക്കും. പട്ടികജാതി-പട്ടികവര്‍ഗ പിന്നാക്കവിഭാഗ ക്ഷേമമന്ത്രി ഒ.ആര്. കേളു അധ്യക്ഷത വഹിക്കും. തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ് വിപണനോദ്ഘാടനം നിർവഹിക്കുമെന്ന് സ്വാഗതസംഘം ചെയർമാനായ മേയർ അഡ്വ. എം. അനിൽകുമാർ അറിയിച്ചു.
സ്റ്റാളുകൾ, ഗോത്രരുചികൾ
65 സ്റ്റാളുകളും പട്ടികവര്‍ഗ, പിന്നാക്ക, കിര്‍താഡ്സ് വകുപ്പുകളുടെ 25 സ്റ്റാളുകളും ഉള്‍പ്പെടെ 90ലധികം സ്റ്റാളുകളും പരമ്പരാഗത ഗോത്രവിഭാഗക്കാരുടെ കുടിലുകളും ഏറുമാടങ്ങളും മേളയിലുണ്ടാകും. പരമ്പരാഗത ഗോത്രരുചി വൈവിധ്യങ്ങള്‍ ആസ്വദിക്കാന്‍ കഴിയുന്ന ഭക്ഷണ സ്റ്റാളുകളും പാരമ്പര്യചികിത്സാ രീതികള്‍ പരിചയപ്പെടുത്തുന്ന സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. ദിവസവും സെമിനാറുകളും വൈകീട്ട് അഞ്ചിന് സാംസ്കാരിക സമ്മേളനവും നടക്കും. രാത്രികളിൽ പട്ടിക വിഭാഗക്കാരുടെ പരമ്പരാഗത കലാരൂപങ്ങള്‍, കലാപരിപാടികള്‍ എന്നിവ അരങ്ങേറും. പാലക്കാട്, ഇടുക്കി, വയനാട്, തിരുവനന്തപുരം തുടങ്ങിയ ജില്ലകളിലെ പാരമ്പര്യ വൈദ്യന്മാർ എത്തുന്നുണ്ട്. കേരളത്തിലെ 75 ശതമാനം ഗോത്രവിഭാഗങ്ങളുടെയും സാന്നിധ്യം ഗദ്ദികയിലുണ്ടാകും.
മാറ്റുകൂട്ടാൻ കലാപ്രകടനങ്ങൾ
ഉദ്ഘാടന ദിവസമായ വെള്ളിയാഴ്ച വൈകീട്ട് 6.30 മണി മുതല്‍ ഗായകന് ജാസി ഗിഫ്റ്റിന്റെ സംഗീതവിരുന്ന് അരങ്ങേറും. രാത്രി 8 മണമുതല് പാരമ്പര്യ കലാമേളകളായ മുളംചെണ്ട, എരുത്കളി, മംഗലംകളി, ഘണ്ഠാകര്‍ണന്‍ തെയ്യം എന്നിവ അരങ്ങേറും. ശനിയാഴ്ച വൈകിട്ട് 6 മുതല്‍ ആർ.എൽ.വി രാമകൃഷ്ണന് അവതരിപ്പിക്കുന്ന നൃത്ത സായാഹ്നവും തുടര്‍ന്ന് പാരമ്പര്യ കലാരൂപങ്ങളായ ഊരാളിക്കൂത്ത്, ആട്ടം, നാഗകാളി വെള്ളാട്ടം, നാടന്‍പാട്ട് ദൃശ്യാവിഷ്കാരം അരങ്ങേറും. ഞായറാഴ്ച വൈകീട്ട് ആറുമുതല്‍ ഗായിക പുഷ്പവതി നയിക്കുന്ന സംഗീത സായാഹ്നം.
തുടര്‍ന്ന് പാരമ്പര്യ കലാമേളകളായ ഇരുള നൃത്തം/കൂത്ത്, ചാറ്റപാട്ട്, മുരുക്കടി, കമ്പുകളി, കലാട്ടം, പാക്കനാര്‍ കോലം, പരുന്താട്ടം, ചവിട്ടുകളി, മുടികളി, തുടികളി, തുടിതാളം. സെപ്റ്റംബർ ഒന്നിന് പാരമ്പര്യ കലാരൂപങ്ങളായ മംഗലംകളി, മരമൂടന് കളി, കൂന്തന്കളി, കൊട്ടുമരം ആട്ട്, തുടിമേളം, ഭൂമി വെള്ളാട്ട്, ചിമ്മാനക്കളി മാരിതെയ്യം, വെള്ളാട്ട്, തുയിലുണര്‍ത്തുപാട്ട്, തെക്കത്തി നാടക പാട്ടുകള്‍, ഗോത്ര ഗീതിക എന്നിവയും അരങ്ങേറും.
രണ്ടിന് വൈകിട്ട് ആറിന് പ്രശസ്ത നാടന്‍പാട്ടു കലാകാരി പ്രസീദ ചാലക്കുടി നയിക്കുന്ന നാടന്‍പാട്ടുമേള. തുടര്‍ന്ന് പാരമ്പര്യ കലാമേളകളായ നിണബലി, മുതുവാന്‍ നൃത്തം, നായാടിക്കളി പൊറാട്ട്, മംഗലപ്പന്തല്‍ കളി, വട്ടമുടി, കരിംകാളി, പന്തക്കാളി, നാടന്‍പാട്ട്. മൂന്നിന് പാരമ്പര്യ കലാരൂപങ്ങളായ ഗദ്ദിക, പളിയ നൃത്തം, കൊറഗ നൃത്തം, സൊദോദമി, പാട്ടുവഴിഎന്നിവയും കാഞ്ഞൂര്‍ നാട്ടുപൊലിമ അവതരിപ്പിക്കുന്ന നാടൻപാട്ടും അരങ്ങേറും.
വിപുലമായ പരിപാടികൾ
ശനിയാഴ്ച 3.30ന് ഉന്നത വിദ്യാഭ്യാസ രംഗത്തെ നൂതന ചുവടുവെപ്പുകള്‍ എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാര്‍ നടക്കും. ഞായറാഴ്ച 3.30ന് സഹകരണ മേഖലയില്‍ സംരംഭകത്വ വികസനവും നൂതന ചുവടുവെപ്പുകള്‍ എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാര്‍ നടക്കും. സെപ്റ്റംബർ ഒന്നിന് 3.30ന് കാര്‍ഷിക മേഖലയുടെ സാധ്യതകള്‍ എന്ന വിഷയത്തിൽ സെമിനാര്‍ നടക്കും. രണ്ടിന് ഉച്ചക്ക് രണ്ടുമുതല്‍ തദ്ദേശ അറിവുകളും ഭൗമസൂചിക സാധ്യതയും വിഷയത്തിലും 3.30 മുതല്‍ വിജ്ഞാന കേരളവും തൊഴില്‍ മുന്നേറ്റവും വിഷയത്തിലും സെമിനാറുകള്‍ നടക്കും.
മൂന്നിന് മൂന്ന് മണിക്ക് അടിസ്ഥാന ജനവിഭാഗങ്ങളും നിയമസംരക്ഷണവും വിഷയത്തെ ആസ്പദമാക്കി സെമിനാര്‍. സമാപന ദിവസമായ നാലിന് രാവിലെ 11ന് സമാപന സമ്മേളനം വകുപ്പുമന്ത്രി ഒ.ആര്. കേളു ഉദ്ഘാടനം ചെയ്യും. മേയര്‍ അഡ്വ. എം. അനില്‍കുമാര്‍ അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് വിശിഷ്ടാതിഥിയായിരിക്കും. ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തും. വാർത്താസമ്മേളനത്തിൽ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പി.ആർ. റെനീഷ്, കിർത്താഡ്സ് ഡയറക്ടർ ഡോ. എസ്. ബിന്ദു, പട്ടികജാതി വികസന വകുപ്പ് ജോയിൻറ് ഡയറക്ടർ ജോസഫ് ജോൺ എന്നിവരും പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.