കേബിൾ കുരുക്ക്
text_fieldsചിത്രങ്ങൾ: ബൈജു കൊടുവള്ളി
കൊച്ചി: പോസ്റ്റുകളിൽ തിങ്ങിനിറഞ്ഞും വഴിയിലേക്ക് പൊട്ടിവീണും കിടക്കുന്ന കേബിളുകൾ കാരണം ഉണ്ടാകുന്ന അപകടങ്ങൾ തുടർക്കഥയാകുന്നു. മഴക്കാലം കൂടിയാകുന്നതോടെ ഇത്തരം കേബിളുകൾ ഉയർത്തുന്ന അപകട ഭീഷണി ഗുരുതരമാകുകയാണ്.
കൊച്ചി നഗരത്തിലും ജില്ലയിലെ മറ്റു പലയിടത്തും കേബിളുകളിൽ കുരുങ്ങി ഉണ്ടാകുന്ന അപകടങ്ങൾ വർഷങ്ങളായി റിപ്പോർട്ട് ചെയ്യപ്പെടുന്നവയാണ്. അപകടങ്ങൾ ഉണ്ടാകുമ്പോൾ അധികാരികൾ ഇടപെട്ട് ഈ അപകടക്കുരുക്കുകൾ മാറ്റുന്നുണ്ടെങ്കിലും മാസങ്ങൾക്കുളിൽ ഇവ പൂർവസ്ഥിതിയിലാകുന്ന കാഴ്ചയാണ് നിലവിലുള്ളത്.
അപകടങ്ങൾ നിരവധി
കേബിളുകളിൽ കുടുങ്ങി നിരവധി അപകടങ്ങളാണ് യാത്രക്കാർക്ക് ഉണ്ടാകുന്നത്. പുലർച്ചയും രാത്രിയിലുമാണ് അപകടങ്ങൾ ഏറെയും ഉണ്ടാകുന്നതെന്നത് ആശങ്ക വർധിപ്പിക്കുന്നു. ജൂണിലാണ് കാക്കനാട് കെ.എസ്.ഇ.ബിയുടെ പോസ്റ്റിൽ അലക്ഷ്യമായി തൂങ്ങിക്കിടന്ന കേബിളിൽ കുരുങ്ങി സ്കൂട്ടർ യാത്രക്കാരന്റെ മൂക്കിന് ഗുരുതര പരിക്കേറ്റത്. മേയിൽ സമാനമായ അപകടം അങ്കമാലിയിലും ഉണ്ടായി.
പുലർച്ച 5.30ഓടെ അമ്മയോടൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവിന് പൊട്ടിക്കിടന്ന കേബിളിൽ കഴുത്ത് കുടുങ്ങി സാരമായ പരിക്കേൽക്കുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ കഴുത്തിനും തുടയെല്ലിനും യുവാവിന് പരിക്കേറ്റിരുന്നു. കൂടാതെ പള്ളിക്കര അമ്പലപ്പടി റിലയൻസിന് സമീപം താഴ്ന്നുകിടന്ന കേബിൾ ടോറസിന്റെ പിന്നിലുടക്കി വൈദ്യുതി പോസ്റ്റ് മറിയുകയും അമ്പലപ്പടി പെരിങ്ങാല മേഖലകളിൽ മൂന്ന് മണിക്കൂറിലധികം വൈദ്യുതി മുടങ്ങുകയും ചെയ്തിരുന്നു.
1)സെന്റ് ആൽബർട്സ് സ്കൂളിന് മുന്നിലെ മീഡിയനിലെ പോസ്റ്റ് ഒടിഞ്ഞതിനെത്തുടർന്ന് കേബിളുകൾ കൂട്ടിക്കെട്ടിയ നിലയിൽ (ചിത്രം രതീഷ് ഭാസ്കർ), 2) കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിന് സമീപം
വേണം അടിയന്തര നടപടി
പോസ്റ്റുകളിൽ വൈദ്യുതി കേബിളുകൾക്ക് പുറമെ തിങ്ങിനിറഞ്ഞ് കിടക്കുന്ന കേബിളുകൾ ഏത് സ്വകാര്യ കമ്പനിയുടേതാണെന്ന് പോലും അറിയാത്ത വിധത്തിലാണ് അവശേഷിക്കുന്നത്. ഇത്തരം കേബിളുകളിൽനിന്ന് വൈദ്യുതി ആഘാതം ഏൽക്കാനുള്ള സാധ്യതയും ഏറെയാണ്.
കെ.എസ്.ഇ.ബിയുടെ പോസ്റ്റുകളിൽ സർവിസ് കേബിളുകൾ വലിക്കുന്നതിന് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പിൽനിന്ന് സേഫ്റ്റി സർട്ടിഫിക്കറ്റ് ആവശ്യമാണ്. അതത് ഓപറ്റേറ്റർമാർ അവരുടെ കേബിളുകൾ ടാഗ് ചെയ്ത് അടയാളപ്പെടുത്തണം. എന്നാൽ, ഈ നടപടി ഒന്നും കൃത്യമായി നടപ്പാക്കപ്പെടുന്നില്ല. മൂന്ന് വർഷം മുമ്പ് നഗരത്തിൽ അലക്ഷ്യമായി കിടന്ന കേബിളിൽ കുരുങ്ങി യുവാവിന് ജീവൻ നഷ്ടമായ സാഹചര്യം ഉണ്ടായപ്പോൾ ഹൈകോടതി അടക്കം വിഷയത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വർഷങ്ങൾക്കിപ്പുറവും അപകട ഭീഷണി ഉയർത്തുകയാണ് കേബിളുകൾ. വലിയ അപകടങ്ങളിലേക്ക് വഴിവെക്കുന്നതിന് മുമ്പ് ഇവ നീക്കം ചെയ്യുന്നതിനുള്ള നടപടി അധികാരികൾ സ്വീകരിക്കണ്ടത് അത്യാവശ്യമായിരിക്കുകയാണ്.
കുരുക്കിൽ നഗരവും
കൊച്ചി നഗരത്തിലെ പ്രധാന റോഡുകളിലും അലക്ഷ്യമായി കിടക്കുന്ന കേബിളുകൾ വലിയ അപകട ഭീഷണി സൃഷ്ടിക്കുന്നുണ്ട്.ബാനർജി റോഡിൽ ആൽബർട്സ് കോളജും സ്കൂളും സ്ഥിതി ചെയ്യുന്ന ഭാഗത്ത് മീഡിയന്റെ ഭാഗത്ത് ഉണ്ടായിരുന്ന പോസ്റ്റ് ഒടിയുകയും അതിൽ ഉണ്ടായിരുന്ന കേബിളുകൾ കെട്ടിവെച്ചിരിക്കുന്ന സ്ഥിതിയിലുമാണ്. ഇതിലൂടെ പോകുന്ന വിദ്യാർഥികൾ അടക്കമുള്ളവർക്ക് ഇത് വലിയ ഭീതി ഉണ്ടാക്കുന്നുണ്ട്.
കൂടാതെ കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡ് പരിസരത്തും ചിറ്റൂർ റോഡ്, പുല്ലേപ്പടി റോഡ്, കലൂർ-കതൃക്കടവ് റോഡ് തുടങ്ങിയ പ്രധാന റോഡുകളിലും നടപാതകളിലേക്കും റോഡിലേക്കും ചാഞ്ഞുകിടന്ന് കേബിളുകൾ അപകട സാഹചര്യം സൃഷ്ടിക്കുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.