‘ചികിത്സ’ തേടി ആതുരാലയം
text_fieldsസൂപ്പർസ്പെഷാലിറ്റി കെട്ടിടം നിർമാണം നടക്കുന്നതിനാൽ ഈ വിഭാഗങ്ങളിലൊന്നും സേവനം ലഭ്യമല്ല. വലിയ അപകടങ്ങൾ നടന്ന് തലക്ക് ഗുരുതര പരിക്കേറ്റ് അടിയന്തര ശസ്ത്രക്രിയ നടത്താനായി കൊണ്ടുവരുന്ന രോഗികളെപ്പോലും ഇവിടെ സർജനില്ലാത്തതിനാൽ മറ്റ് ആശുപത്രികളിലേക്ക് കൊണ്ടുപോവേണ്ടി വന്നിട്ടുണ്ട്. ഇതിനിടെ അനധികൃത ലീവെടുത്ത് സ്വകാര്യ ആശുപത്രിയിൽ പ്രാക്ടീസിനായി പോയ ചില ഡോക്ടർമാരുമുണ്ട്
കൊച്ചി: സഹകരണ മേഖലയിൽ സ്ഥാപിച്ച കളമശ്ശേരിയിലെ മെഡിക്കൽ കോളജ് പൂർണമായും സർക്കാറിന് കീഴിലായിട്ട് ഒരു വ്യാഴവട്ടമാകാറായി, എന്നാലിന്നും പരിമിതികളിലും പരാധീനതകളിലും വീർപ്പുമുട്ടുകയാണ് ഈ ആതുരാലയം. ആവശ്യത്തിന് ഡോക്ടർമാരും ജീവനക്കാരുമില്ലാത്തതാണ് മെഡിക്കൽ കോളജിന്റെ പ്രവർത്തനങ്ങളെ പിന്നോട്ടടിപ്പിക്കുന്നത്. മിക്ക തസ്തികകളിലും സ്ഥിര നിയമനത്തിന് പകരം കരാർ തൊഴിലാളികളെയും ദിവസവേതനക്കാരെയും നിയമിച്ചാണ് പ്രവർത്തിക്കുന്നത്.
രോഗികൾ ഒട്ടേറെ...
എറണാകുളം ജില്ലയിൽ നിന്നുമാത്രമല്ല, ഇടുക്കി ഉൾപ്പെടെ അയൽജില്ലകളിൽ നിന്നുപോലും നിത്യേന ആയിരക്കണക്കിന് സാധാരണക്കാർ ചികിത്സക്കായി ആശ്രയിക്കുന്ന ഇടമാണ് കളമശ്ശേരി മെഡിക്കൽ കോളജ്. എന്നാൽ, അതിനനുസരിച്ച് ഡോക്ടർമാർ പല വകുപ്പുകളിലുമില്ല. യൂറോളജി, ന്യൂറോളജി ഉൾപ്പെടെ വകുപ്പുകളിൽ പലപ്പോഴും ഡോക്ടർമാരുടെ സേവനം ആഴ്ചയിൽ ഒരിക്കൽ മാത്രമാണെന്ന് പരാതിയുണ്ട്. സൂപ്പർസ്പെഷാലിറ്റി കെട്ടിടം നിലവിൽ നിർമാണം നടക്കുന്നതിനാൽ ഈ വിഭാഗങ്ങളിലൊന്നും സേവനം ലഭ്യമല്ല. വലിയ അപകടങ്ങൾ നടന്ന് തലക്ക് ഗുരുതര പരിക്കേറ്റ് അടിയന്തര ശസ്ത്രക്രിയ നടത്താനായി കൊണ്ടുവരുന്ന രോഗികളെ പോലും ഇവിടെ സർജനില്ലാത്തതിനാൽ മറ്റ് ആശുപത്രികളിലേക്ക് കൊണ്ടുപോവേണ്ടി വന്നിട്ടുണ്ട്. ഇതിനിടെ അനധികൃതമായി ലീവെടുത്ത് സ്വകാര്യ ആശുപത്രിയിൽ പ്രാക്ടീസിനായി പോയ ചില ഡോക്ടർമാരുമുണ്ട്.
എന്നാൽ കരാർ അടിസ്ഥാനത്തിലുൾപ്പെടെ നിരവധി ഡോക്ടർമാരെ വിവിധ വകുപ്പുകളിൽ നിയമിച്ചിട്ടുണ്ടെന്നും കാര്യമായ ഒഴിവുകളില്ലെന്നും വൈസ് പ്രിൻസിപ്പൽ ഡോ. പി. അനിൽ കുമാർ വ്യക്തമാക്കി. ഒഴിവുകളെല്ലാം കൃത്യമായി റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നും കരാർ, എംപ്ലോയ്മന്റെ് എക്സ്ചേഞ്ച് നിയമനങ്ങളുൾപ്പെടെ സമയബന്ധിതമായി നടക്കുന്നതിനാൽ ആശുപത്രി പ്രവർത്തനം സുഗമമായി മുന്നോട്ടുപോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രണ്ടുവർഷം മുമ്പ് 20 ചികിത്സാവകുപ്പുകളിലായി 170 പേർ വേണ്ടിടത്ത് 139 സ്ഥിരം ഡോക്ടർമാരാണ് ആശുപത്രിയിലുണ്ടായിരുന്നത്. ജൂനിയർ, സീനിയർ റെസിഡന്റ്, അസി. പ്രഫസർ തസ്തികകളെല്ലാം താൽക്കാലികാടിസ്ഥാനത്തിൽ നികത്തുന്നുണ്ടെങ്കിലും അസോ. പ്രഫസർ ഉൾപ്പടെ ഉയർന്ന തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നുണ്ട്. പി.എസ്.സി നിയമനത്തിലെ മെല്ലെപ്പോക്കാണ് ഇതിനുകാരണം.
കൂട്ടിരിപ്പുകാരുണ്ടോ, ട്രോളി തള്ളാൻ...
അവശനിലയിലുള്ളവരും കിടത്തി ചികിത്സ തേടുന്നവരുമായ രോഗികളെ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോവാൻ വീൽചെയറിലിരുത്തുകയും ട്രോളിയിൽ കിടത്തുകയും ചെയ്തിട്ടുകാര്യമില്ല, ഒപ്പം ഇതുതള്ളിക്കൊണ്ടുപോവാൻ കൂട്ടിരിപ്പുകാരും വേണം. അറ്റൻഡർമാർ ആവശ്യത്തിന് ഇല്ലാത്തതുമൂലമാണ് രോഗിക്കൊപ്പമുള്ളവർ തന്നെ ട്രോളി തള്ളി നീക്കേണ്ട ഗതികേടിലാവുന്നത്. എം.ആർ.ഐ സ്കാനിങ് എടുക്കാൻ ആശുപത്രിക്കുപുറത്തുള്ള മറ്റൊരു കെട്ടിടത്തിലേക്ക് മഴയാണെങ്കിൽ മഴയും വെയിലാണെങ്കിൽ വെയിലും കൊണ്ടുവേണം ഇതു തള്ളിക്കൊണ്ടുപോവാൻ. 150 നഴ്സിങ് അസിസ്റ്റന്റുമാർ വേണ്ടിടത്ത് 30ൽ താഴെ സ്ഥിരം ജീവനക്കാരാണ് ഉള്ളത്. മറ്റുള്ളവരാകട്ടെ, കരാർ തൊഴിലാളികളും കാഷ്വൽ തൊഴിലാളികളുമാണ്.
ഉദ്ഘാടനം നാളെ നാളെ...
മെഡിക്കൽ കോളജിന്റെ സ്വപ്ന പദ്ധതിയാണ് സൂപ്പർസ്പെഷാലിറ്റി കെട്ടിടം. ഒപ്പം, അനുബന്ധമായി കൊച്ചി കാൻസർ റിസർച്ച് സെന്ററുമുണ്ട്, എന്നാൽ ഇവ രണ്ടിന്റെയും നിർമാണം ഏറെക്കാലമായിട്ടും പൂർത്തീകരിക്കപ്പെട്ടിട്ടില്ല. 2024 മുതൽ കേൾക്കുന്നുണ്ട് ഉദ്ഘാടനം അടുത്തമാസം നടക്കുമെന്ന്. അധികൃതരുടെ പ്രഖ്യാപനങ്ങൾ അനുസരിച്ചാണെങ്കിൽ ഇതിനകം ഇരു സ്ഥാപനങ്ങളും പ്രവർത്തനം ആരംഭിച്ചേനേ. 2024 ഡിസംബറിൽ മെഡി. കോളേജ് സന്ദർശിച്ച മന്ത്രി രാജീവ് കാൻസർ സെന്റർ ഫെബ്രുവരി ആദ്യവാരം ഉദ്ഘാടനം ചെയ്യുമെന്നും സൂപ്പർ സ്പെഷാലിറ്റി ബ്ലോക്ക് നിർമാണം മാർച്ചിൽ പൂർത്തിയാകുമെന്നും വ്യക്തമാക്കിയിരുന്നു.
ഇക്കഴിഞ്ഞ മേയ് ആദ്യവാരം ആരോഗ്യമന്ത്രി വീണ ജോർജും ഇവിടം സന്ദർശിച്ച് പ്രവർത്തനം വിലയിരുത്തിയിരുന്നു. മേയ് 15നകം കാൻസർ സെന്ററിന്റെ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമെന്ന് അന്ന് മന്ത്രിമാർ വ്യക്തമാക്കിരുന്നു. എന്നാൽ, ഈ ഉറപ്പുകളൊക്കെയും നീണ്ടുപോയി. ഇരു കെട്ടിടങ്ങളുടെയും നിർമാണം ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. സൂപ്പർസ്പെഷാലിറ്റി കെട്ടിടം പ്രവർത്തന സജ്ജമായാൽ മാത്രമേ ഇവിടെ സർജറി ഉൾപ്പെടെ സ്പെഷാലിറ്റി ഡോക്ടർമാരുടെ സേവനം ആരംഭിക്കൂ. സൂപ്പർസ്പെഷാലിറ്റി പൂർത്തിയാക്കാൻ ഇനിയും മൂന്നുമാസമെങ്കിലും എടുക്കുമെന്നാണ് സൂചന.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.