വരുന്നൂ, സമഗ്ര നഗരനയം; അർബൻ കോൺക്ലേവിന് ഒരുങ്ങി കൊച്ചി
text_fieldsകൊച്ചി: അനുദിനം അതിവേഗം നഗരവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കേരളത്തിന്റെ വികസനത്തിന് ആക്കംകൂട്ടാൻ സമഗ്ര നഗരനയം രൂപപ്പെടുത്താനൊരുങ്ങി സർക്കാർ. ഇതിന്റെ ഭാഗമായ കേരള അർബൻ കോൺക്ലേവിന് കേരളത്തിന്റെ മെട്രോ നഗരമായ കൊച്ചി ഒരുങ്ങി. വെള്ളി, ശനി ദിവസങ്ങളിൽ കൊച്ചി ഗ്രാൻഡ് ഹയാത്ത് കൺവെൻഷൻ സെന്ററിലാണ് കോൺക്ലേവ്. ‘അസ്പിറിങ് സിറ്റീസ്, ത്രൈവിങ് കമ്യൂണിറ്റീസ്’ ആശയത്തിൽ നടക്കുന്ന അന്താരാഷ്ട്ര കോൺക്ലേവ് വെള്ളിയാഴ്ച രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കേന്ദ്ര ഭവനനിർമാണ, നഗരകാര്യ മന്ത്രി മനോഹർലാൽ ഖട്ടാർ മുഖ്യാതിഥിയാകും.
അതിഥികൾ ഒട്ടേറെ...
വിദേശ രാജ്യങ്ങളിൽനിന്നും വിവിധ സംസ്ഥാനങ്ങളിൽനിന്നുമുള്ള നഗരവികസന മന്ത്രിമാർ, മേയർമാർ തുടങ്ങിയവർ കോൺക്ലേവിൽ പങ്കെടുക്കും. വിദേശ രാജ്യങ്ങളിൽനിന്നുള്ള മന്ത്രിമാരും കേന്ദ്ര മന്ത്രിമാരും പങ്കെടുക്കുന്ന ഹൈലെവൽ പൊളിറ്റിക്കൽ ഫോറം ഓഫ് മിനിസ്റ്റേഴ്സ് കോൺക്ലേവിന്റെ ആകർഷണമാണ്.
ഈ സെഷനിൽ ശ്രീലങ്കൻ നഗരവികസന മന്ത്രി അനുര കരുണതിലക, ദക്ഷിണാഫ്രിക്കയിൽനിന്നുള്ള അടിസ്ഥാന സൗകര്യ എക്സിക്യൂട്ടിവ് കൗൺസിൽ അംഗം മാർട്ടിൻ മെയർ, മലേഷ്യയിൽനിന്നുള്ള ഭവനനിർമാണ, തദ്ദേശ ഭരണ മന്ത്രി ഇങ് കോർ മിങ് എന്നിവരും വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള മന്ത്രിമാരായ കെ.എൻ. നെഹ്റു (തമിഴ്നാട്), വിക്രമാദിത്യ സിങ് (ഹിമാചൽപ്രദേശ്), ഹർദീപ് സിങ് മുണ്ടിയൻ (പഞ്ചാബ്), കൈലാഷ് വിജയ്വർഗ്യ (മധ്യപ്രദേശ്), മുൻ രാജ്യസഭ അംഗം രാജീവ് ഗൗഡ, ജമ്മു-കശ്മീരിൽനിന്നുള്ള എം.എൽ.എ തൻവീർ സാദിഖ് എന്നിവരും പങ്കെടുക്കും.
ഇതുകൂടാതെ ഹൈ-ലെവൽ പൊളിറ്റിക്കൽ ഫോറം ഓഫ് മേയേഴ്സ് സെഷനിൽ ദക്ഷിണാഫ്രിക്കയിലെ ഡർബൻ മേയർ സിറിൽ സാബ, ശ്രീലങ്കയിലെ കൊളംബോ സിറ്റി മേയർ പ്രൈ കാല്ലി ബൽത്താസർ, മാലദ്വീപ് മേയർ ആദം അസിം, നേപ്പാളിലെ നിൽക്കന്ത മുനിസിപ്പാലിറ്റി മേയർ ഭിം പ്രസാദ്, ബ്രസീലിയൻ അസോസിയേഷൻ ഓഫ് മുനിസിപ്പാലിറ്റീസ് എക്സിക്യൂട്ടിവ് ഡയറക്ടർ എഡ്വേഡോ ടഡ്യ, നേപ്പാളിലെ രത്നനഗർ മുനിസിപ്പാലിറ്റി മേയർ പ്രഹ്ലാദ് സപ്കോട്ട എന്നിവർ വിദേശ പ്രതിനിധികളായി പങ്കെടുക്കും.
ഇന്ത്യയിലെ വിവിധ മുനിസിപ്പൽ കോർപറേഷൻ മേയർമാരും കേരളത്തിലെ ആറ് കോർപറേഷനുകളുടെ മേയർമാരും പങ്കെടുക്കും. ഇതിനെല്ലാം പുറമെ കേരളത്തിലെ കോർപറേഷൻ മേയർമാരും നഗരസഭ അധ്യക്ഷരും പങ്കെടുക്കുന്ന കൗൺസിലേഴ്സ് അസംബ്ലിയുമുണ്ട്. അന്തർദേശീയ പ്രതിനിധികൾ, ദേശീയ നയരൂപകർ, അക്കാദമിക് വിദഗ്ധർ, വ്യവസായ നേതാക്കൾ, എൻ.ജി.ഒകൾ, യുവജനങ്ങൾ എന്നിവരടക്കം ആയിരത്തിലധികം പ്രതിനിധികൾ കോൺക്ലേവിൽ പങ്കെടുക്കും.
സെഷനുകൾ ഒട്ടേറെ
10 നയരൂപവത്കരണ സെഷനും അഞ്ച് പ്ലീനറി സെഷനും രണ്ടു ഫോക്കസ് സെഷനും അഞ്ച് ഫയർസൈഡ് ചാറ്റുകളും 11 റൗണ്ട് ടേബിൾ സെഷനുകളും കോൺക്ലേവിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. ഉദ്ഘാടന ചടങ്ങിൽ മന്ത്രി എം.ബി. രാജേഷ് അധ്യക്ഷത വഹിക്കും.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കേന്ദ്ര നഗരകാര്യ സെക്രട്ടറി കെ. ശ്രീനിവാസ, മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, കെ. രാജൻ, എ.കെ. ശശീന്ദ്രൻ, പി. രാജീവ് തുടങ്ങിയവരും പങ്കെടുക്കും. കേരള നഗരനയ കമീഷൻ ചെയർമാൻ പ്രഫ. എം. സതീഷ്കുമാറും സഹ അധ്യക്ഷനും കൊച്ചി മേയറുമായ എം. അനിൽകുമാറും കമീഷന്റെ റിപ്പോർട്ട് കോൺക്ലേവിൽ അവതരിപ്പിക്കും.
ശനിയാഴ്ച വൈകീട്ട് നാലിനു നടക്കുന്ന സമാപന സമ്മേളനത്തിൽ ഐക്യരാഷ്ട്രസഭയുടെ ഇന്ത്യ റെസിഡന്റ് കോഓഡിനേറ്റർ ഷോംബി ഷാർപ്പ് മുഖ്യാതിഥിയാകും. മന്ത്രിമാരായ എം.ബി. രാജേഷ്, പി. രാജീവ്, റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, ജെ. ചിഞ്ചുറാണി, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയവർ പങ്കെടുക്കും.
മറൈൻ ഡ്രൈവിൽ പ്രദർശനം...
കോൺക്ലേവിനോടനുബന്ധിച്ച് സെപ്റ്റംബർ 11 മുതൽ 15 വരെ കൊച്ചി മറൈൻ ഡ്രൈവിൽ വിപുലമായ പ്രദർശനം സംഘടിപ്പിക്കും. കേരളത്തിന്റെ നഗരവികസന യാത്ര, പുതിയ ആശയങ്ങൾ, നവീന സാങ്കേതികവിദ്യകൾ, സുസ്ഥിര മാതൃകകൾ, നഗര സൗകര്യങ്ങളിലെ പുരോഗതി എന്നിവ പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്ന വേദിയാകും പ്രദർശനം.
ഈ നയം രാജ്യത്ത് ആദ്യം...
ഇന്ത്യയിൽ ആദ്യമായാണ് ഒരു സംസ്ഥാനം നഗരനയത്തിന് രൂപംനൽകുന്നതെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. രണ്ടുവർഷം മുമ്പ് ദേശീയ, അന്തർദേശീയ തലത്തിലുള്ള വിദഗ്ധരുൾപ്പെട്ട അർബൻ കമീഷൻ രൂപവത്കരിക്കുകയും ഇവർ തയാറാക്കിയ റിപ്പോർട്ട് കഴിഞ്ഞ മാർച്ചിൽ മുഖ്യമന്ത്രിക്ക് സമർപ്പിക്കുകയും ചെയ്തിരുന്നു.
ശാസ്ത്രീയ നഗരനയം രൂപവത്കരിക്കാൻ പരിഗണനാവിഷയങ്ങളെ 10 മേഖലകളായി തിരിച്ചാണ് നഗരനയ കമീഷൻ സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചത്. ഈ 10 മേഖലകൾ കേന്ദ്രീകരിച്ചുള്ള ചർച്ചകൾ അർബൻ കോൺക്ലേവിൽ നടക്കുമെന്ന് മന്ത്രി വാർത്തസമ്മേളനത്തിൽ കൂട്ടിച്ചേർത്തു.
നഗരങ്ങളെ ഭൗതിക വികസന കേന്ദ്രങ്ങളായി മാത്രം ചുരുക്കാതെ മനുഷ്യരുടെ ജീവിത നിലവാരം ഉയർത്തി, സാമൂഹികനീതി, പരിസ്ഥിതി സൗഹൃദം, സാംസ്കാരിക വൈവിധ്യം എന്നിവക്ക് ഊന്നൽ നൽകുക എന്നതാണ് നഗരനയത്തിലൂടെ സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്. കേരളം നേരിടുന്ന കാലാവസ്ഥ പ്രതിസന്ധി, ജനസംഖ്യ സമ്മർദങ്ങൾ, തൊഴിൽ-വിദ്യാഭ്യാസ മേഖലകളിലെ വെല്ലുവിളികൾ എന്നിവക്കുള്ള പരിഹാരങ്ങളും കോൺക്ലേവിൽ ചർച്ചയാകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.