കൊച്ചി പഴയ കൊച്ചിയല്ല... ഇത് ശുചിത്വസുന്ദര നഗരം
text_fieldsകൊച്ചി: മ്മ്്...കൊച്ചിയെത്തി.. എന്ന പ്രശസ്തമായ പുലിവാൽ കല്യാണം സിനിമയിലെ സലിം കുമാറിന്റെ ഡയലോഗ് ഇനി ഹായ്, കൊച്ചിയെത്തി എന്ന് മാറ്റിപ്പിടിക്കാം. ഒപ്പം കൊച്ചി പഴയ കൊച്ചിയല്ല എന്ന ബിലാലിന്റെ വാക്കുകൾ ഒന്നൂടി ഉറക്കെ വിളിച്ചുപറയാം. ചരിത്രത്തിലാദ്യമായി രാജ്യത്തെ ഏറ്റവും വലിയ ശുചിത്വ സർവേയായ സ്വച്ഛ് സർവേക്ഷൺ 2024ലെ ഫലത്തിൽ മികച്ച നേട്ടം കൈവരിച്ചിരിക്കുകയാണ് കൊച്ചി നഗരം. കേരളത്തിലെ ഏറ്റവും മികച്ച ശുചിത്വ നഗരവും രാജ്യത്ത് 50ാം സ്ഥാനവുമാണ് കൊച്ചി കോർപറേഷനെ തേടിയെത്തിയത്.
416-ാം സ്ഥാനത്ത് നിന്നാണ് കൊച്ചി 50-ാം സ്ഥാനത്തേക്ക് എത്തിയതെന്ന് നേട്ടത്തിന്റെ മാറ്റു കൂട്ടുന്നു. കൊച്ചി കോർപറേഷനു മാത്രമല്ല, കൂത്താട്ടുകുളം, പറവൂർ നഗരസഭകൾക്കും അംഗീകാര തിളക്കമുണ്ട്. ഇതിലൂടെ ജില്ലയൊന്നാകെ മികവിന്റെ നിറവിലാണ്.
ഇതാദ്യമായാണ് കൊച്ചി നഗരം രാജ്യത്തെ മികച്ച 100 നഗരസഭയിൽ ഇടം പിടിക്കുന്നത്. കഴിഞ്ഞ വർഷം ആയിരത്തിനുള്ളിൽ പോലും ജില്ലയിലെ നഗരസഭയും ഉണ്ടായിരുന്നില്ല എന്നിടത്താണ് ജില്ല മാലിന്യസംസ്കരണ രംഗത്ത് വൻ മുന്നേറ്റം നടത്തി ചരിത്രം കുറിച്ചത്.
ഇത്തവണ ആറ് നഗരസഭകൾ ആയിരത്തിലിടം പിടിച്ചു. സ്വച്ഛ് ഭാരത് മിഷന്റെ (അർബൻ) ഭാഗമായി കേന്ദ്ര പാർപ്പിട-നഗരകാര്യ മന്ത്രാലയം നടത്തുന്ന വാർഷിക ശുചിത്വ സർവേയാണ് സ്വച്ഛ് സർവേക്ഷൻ.
ബ്രഹ്മപുരത്തെ തീപിടിത്തം പാഠമായി...
ദേശീയ സ്വച്ഛ് സർവേക്ഷൻ 2024, ഗാർബേജ് ഫ്രീ സിറ്റി (ജി.എഫ്.സി) റേറ്റിംഗ്, ഓപ്പൺ ഡെഫിക്കേഷൻ ഫ്രീ (ഒ.ഡി.എഫ്) റേറ്റിംഗ് എന്നിവയിൽ മികച്ച പ്രകടനം കാഴ്ചവച്ചതിനാണ് കൊച്ചി നഗരസഭയ്ക്ക് റാങ്ക് ലഭിച്ചത്.
മൂന്ന് ലക്ഷം മുതൽ പത്ത് ലക്ഷം വരെ ജനസംഖ്യയുള്ള നഗരങ്ങളുടെ പട്ടികയിലാണ് കൊച്ചി ദേശീയ തലത്തിൽ അമ്പതാം സ്ഥാനം കരസ്ഥമാക്കിയത്. ജി.എഫ്.സി +, ഒ.ഡി.എഫ് ++ എന്നിങ്ങനെ റേറ്റിങ്ങുകളാണ് കൊച്ചിക്കു ലഭിച്ചത്.
2023 ലെ ബ്രഹ്മപുരം സംഭവത്തിന് ശേഷം സർക്കാർ മാലിന്യസംസ്കരണ രംഗത്ത് നടത്തിയ ശാസ്ത്രീയവും ഫലപ്രദവുമായ ഇടപെടലുകളാണ് നേട്ടത്തിലേക്ക് നയിച്ചതെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. ബ്രഹ്മപുരത്തെ ബയോമൈനിംഗ് പൂര്‍ത്തീകരണ ഘട്ടത്തിലാണ്.
ബ്രഹ്മപുരത്ത് നിലവില്‍ പ്രവര്‍ത്തിക്കുന്ന 100 ടണ്‍ ശേഷിയുള്ള ബി.എസ്.എഫ് പ്ലാന്റ്, വിവിധയിടങ്ങളിലുള്ള ബോട്ടില്‍ ബൂത്തുകള്‍, ആര്.ആര്.എഫ് പ്ലാന്റുകള്‍, കണ്ടെയ്നര്‍ എം.സി.എഫുകള്‍ തുടങ്ങിയവയും നിർണായക ഘടകങ്ങളായി.
കൊച്ചിയെ കൂടാതെ കൂത്താട്ടുകുളം, പറവൂർ നഗരസഭകളും ജി.എഫ്.സി വൺ സ്റ്റാർ റേറ്റിംഗ് നേടി. ജില്ലയിലെ 12 നഗരസഭകൾക്ക് ഒ.ഡി.എഫ് വൺ സ്റ്റാറും രണ്ട് നഗരസഭകൾക്ക് ഒ.ഡി.എഫും ലഭിച്ചു.
ന്യൂഡൽഹി വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിൽ കേന്ദ്ര പാർപ്പിട-നഗരകാര്യ മന്ത്രി മനോഹർലാൽ ഖട്ടറിൽ നിന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് കേരളത്തിനായുള്ള പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.
ഒന്നാംസ്ഥാനത്തിനായി ഇനിയും മുന്നേറണം -മേയർ
കൊച്ചി: ഈ നേട്ടം ചെറുതല്ല എങ്കിലും ഇനിയും മുന്നേറാനുണ്ടെന്ന് കൊച്ചി മേയർ എം. അനിൽകുമാർ വ്യക്തമാക്കി. നമ്മുടെ മുമ്പില്‍ 49 പേര് ഉണ്ട് എന്ന ബോധ്യമാണ് വേണ്ടത്. ഒന്നാം സ്ഥാനത്ത് എത്താന്‍ ഇനിയും പലതും നമുക്ക് ചെയ്യാനുണ്ട്. കൂടുതല്‍ വൃത്തിയുള്ള, സുന്ദരിയായ കൊച്ചിയായി നമ്മുടെ നഗരത്തെ മാറ്റണം. ബ്രഹ്മപുരത്ത് ഉയരുന്ന സി.ബി.ജി പ്ലാന്റ് പ്രവര്‍ത്തിച്ചു തുടങ്ങുന്നതോടെ വലിയൊരു മുന്നേറ്റം നടത്താന്‍ സാധിക്കും.
ശുചിത്വം, മാലിന്യ സംസ്കരണം, നഗരസൗന്ദര്യവത്കരണം തുടങ്ങിയ മേഖലകളില്‍ വലിയ മുന്നേറ്റമുണ്ടാക്കി. വരും വര്‍ഷങ്ങളിലും, കൂടുതല്‍ പ്രവര്‍ത്തനങ്ങളിലൂടെ രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമാകാന്‍ കൊച്ചി നഗരസഭയ്ക്ക് കഴിയുമെന്ന് ഉറച്ച വിശ്വാസമുണ്ട്. ഇപ്പോള്‍ ലഭിച്ചിട്ടുള്ള അംഗീകാരത്തിന് പിന്നില്‍ നിരവധിപേരുടെ കഠിന പ്രയത്നമുണ്ട്. തദ്ദേശസ്വയംഭരണ മന്ത്രി എം.ബി. രാജേഷ്, മന്ത്രി പി. രാജീവ്, മുന്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്, മുന്‍ നഗരസഭ സെക്രട്ടറി ബാബു അബ്ദുള്‍ ഖാദിര്‍ എന്നിവരുടെ പങ്കും ഹൈകോടതിയുടെ നിര്‍ദ്ദേശങ്ങളും ഏറെ വിലപ്പെട്ടതാണ്.
ഈ മുന്നേറ്റത്തില്‍ കൊച്ചിയിലെ ഹരിതകര്‍മ്മ സേന, ശുചീകരണ തൊഴിലാളികള്‍ തുടങ്ങിയവരുടെ സംഭാവന വിലമതിക്കാനാവാത്തതാണ്. നഗരസഭ ഉദ്യോഗസ്ഥർ, ശുചിത്വ, ഹരിത കേരള മിഷനുകൾ, ആരോഗ്യവിഭാഗം, കൗൺസിലർമാർ, പൊതുജനങ്ങൾ എന്നിവരും വലിയ പിന്തുണ നൽകിയതായി മേയർ കൂട്ടിച്ചേർത്തു.
ശുചിത്വമിഷനും വലിയ പങ്ക്...
സ്വച്ഛ് സർവേക്ഷൻ ദേശീയ ശുചിത്വ സർവേയുടെ ഘടകങ്ങൾക്കനുസൃതമായി നഗരസഭാതലത്തിൽ നടപ്പാക്കേണ്ട പ്രവർത്തനങ്ങൾ സമന്വയിപ്പിച്ചതിലും നിലവിലുള്ള പ്രവർത്തനങ്ങളെ ഏകോപിപ്പിച്ച് മുന്നോട്ടു കൊണ്ടുപോകുന്നതിലും ശുചിത്വ മിഷൻ നിർണായക പങ്ക് വഹിച്ചു.
മികച്ച മുന്നേറ്റത്തിന് നഗരസഭാ ചെയർമാൻമാരുടെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും പൂർണ്ണ പിന്തുണ ഉറപ്പാക്കിയതും വിജയം സുനിശ്ചിതമാക്കി. കലക്ടർ എൻ.എസ്.കെ. ഉമേഷ്, ജില്ല പഞ്ചായത്ത് പ്രസിഡൻറ് മനോജ് മൂത്തേടൻ, തദ്ദേശ സ്വയം ഭരണ വകുപ്പ് മുൻ ജോയിന്റ് ഡയറക്ടർ കെ.ജെ. ജോയ്, ശുചിത്വ മിഷൻ ജില്ലാ കോഓർഡിനേറ്റർ ഡോ. ശീതൾ ജി. മോഹൻ തുടങ്ങിയവർ നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.