ഓർമയാകുമോ കൊച്ചിയുടെ ചീനവല?
text_fieldsഫോർട്ട്കൊച്ചി: കൊച്ചിയെന്ന് കേൾക്കുമ്പോൾ സഞ്ചാരികളുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്ന ദൃശ്യങ്ങളിലൊന്ന്, നീണ്ട കരങ്ങളാൽ മാടിവിളിക്കുന്ന, തലയെടുപ്പോടെ നിൽക്കുന്ന ചീനവലകളാണ്. കൊച്ചിയുടെ കൈയൊപ്പായി വിശേഷിപ്പിക്കപ്പെടുന്ന ഇവ വിസ്മൃതിയിലാവുകയാണോയെന്ന ചോദ്യം ഉയരുകയാണിന്ന്. തീരത്ത് 22 ചീനവലകൾ ഉണ്ടായിരുന്നിടത്ത് അവശേഷിക്കുന്നത് എട്ടെണ്ണം മാത്രമാണ്. അറ്റകുറ്റപ്പണികൾക്ക് ഭീമമായ തുക വേണ്ടതിനാൽ ഉടമകൾ പലരും ചീനവല ഉപേക്ഷിക്കുകയാണ്. മത്സ്യ ലഭ്യതക്കുറവും പ്രതിസന്ധി സൃഷ്ടിക്കുന്നു. ചീനവലകൾ സംരക്ഷിക്കുന്ന കാര്യത്തിൽ സർക്കാറും ടൂറിസം വകുപ്പും അലംഭാവം കാണിക്കുകയാണെന്ന് ട്രാവൽ ഗൈഡുകൾ അടക്കം അഭിപ്രായപ്പെടുന്നു.
പദ്ധതികൾ ഉണ്ട്; പ്രാവർത്തികമാകുന്നില്ലെന്ന് മാത്രം
12 വർഷത്തോളമായി ചീനവലകളുടെ സംരക്ഷണത്തിനായി പദ്ധതികൾ പ്രഖ്യാപിച്ചിട്ട്. കൊച്ചി കാണാനെത്തിയ ചൈനീസ് അംബാസഡർ ചീനവലകളുടെ ശോച്യാവസ്ഥ കണ്ട് പൈതൃകത്തനിമ നിലനിർത്തി സംരക്ഷിക്കാൻ ഒരുകോടി രൂപയുടെ സഹായം വാഗ്ദാനം ചെയ്തു. പക്ഷേ, അന്നത്തെ ഉമ്മൻ ചാണ്ടി സർക്കാറിന് അതൊരു നാണക്കേടായി തോന്നി, സ്നേഹപൂർവം ചൈനീസ് സഹായവാഗ്ദാനം നിരസിച്ചു. തുടർന്ന് സർക്കാർ ഖജനാവിൽനിന്ന് പണമെടുത്ത് ചീനവല നവീകരണത്തിന് ഒന്നരക്കോടിയുടെ പദ്ധതിയൊരുക്കുകയായിരുന്നു.
ചീനവലകളുടെ കൈകൾക്കായുള്ള നീളമുള്ള തേക്കിൻതടികൾ അന്വേഷിച്ച് ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലാവധി കഴിഞ്ഞു. പിന്നീട് വന്ന ഒന്നാം പിണറായി സർക്കാർ തുക രണ്ടുകോടിയാക്കി ഉയർത്തി. ചീനവലയുടെ പ്രധാന ഭാഗമായ കളസാന്തിക്ക് വേണ്ടിയുള്ള തമ്പകം, തേക്ക് മുതലായ മരങ്ങൾ എത്തിച്ചെങ്കിലും നവീകരണ ജോലികൾ ഇഴഞ്ഞുനീങ്ങി.
രണ്ടാം പിണറായി സർക്കാർ അധികാരമേറ്റയുടൻ ടൂറിസം പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ആദ്യമെത്തിയത് ഫോർട്ട് കൊച്ചിയിലായിരുന്നു. ഫോർട്ട്കൊച്ചി മഹാത്മാഗാന്ധി കടപ്പുറം മോടിപിടിപ്പിക്കൽ, ചീനവല നവീകരണം അടക്കം ഒട്ടേറെ പദ്ധതികൾ പ്രഖ്യാപിച്ചു. പിന്നെ ചീനവല ഉടമകളെ ഉൾപ്പെടുത്തി നവീകരണത്തിന് സബ് കമ്മിറ്റിയടക്കം രൂപവത്കരിച്ചു. പദ്ധതിയിൽ വിശ്വാസമർപ്പിച്ച് ഫണ്ട് അനുവദിച്ച് കിട്ടുമെന്ന ഉറപ്പിൽ നാലര ലക്ഷത്തോളം രൂപ കടം വാങ്ങിയും പലിശക്കെടുത്തും സ്വരൂപിച്ച പണംകൊണ്ട് വിൻസെൻറ് എന്ന വ്യക്തി ചീനവല നവീകരിച്ചു.
എം.എൽ.എ, ജില്ല കലക്ടർ അടക്കമുള്ളവരെത്തി കൊട്ടിഗ്ഘോഷിച്ച് ഉദ്ഘാടനം ചെയ്തെങ്കിലും വർഷങ്ങൾ പലതുപിന്നിട്ടിട്ടും ഇതുവരെ ചെലവഴിച്ച പണം സർക്കാറിൽനിന്ന് വിൻസെൻറിന് കിട്ടിയിട്ടില്ല. തീരത്തെ മറ്റൊരു ചീനവല ഉടമയും സർക്കാറിന്റെ ഉറപ്പിൽ ഒരുലക്ഷം രൂപ മുടക്കി കുറ്റികൾ സ്ഥാപിച്ചെങ്കിലും ഫണ്ട് ലഭിക്കാത്തതിനാൽ ഒന്നരവർഷത്തോളമായി തുടർജോലികൾ നിർത്തി വെച്ചിരിക്കുകയാണ്.
നിർമാണത്തിന് കൊണ്ടുവന്ന തടികൾ നശിക്കുന്നു
ചീനവലകളുടെ നവീകരണത്തിന് വനംവകുപ്പിന്റെ സഹകരണത്തോടെ തേക്ക്, തമ്പകം അടക്കമുള്ള തടികൾ കാടുകളിൽനിന്ന് കൊണ്ടുവന്ന് കമാലക്കടവിൽ പലഭാഗങ്ങളിലായി ഇട്ടിരിക്കുകയാണ്. വർഷങ്ങൾ പലത് പിന്നിട്ടെങ്കിലും നിർമാണ പ്രവർത്തനങ്ങൾ നിലച്ചിരിക്കുന്നതിനാൽ ഇവയെല്ലാം വെയിലും മഴയുമേറ്റ് നശിക്കുകയാണ്.
പ്രതിസന്ധികൾ ഏറെ; സർക്കാർ സഹായം അനിവാര്യം
അഞ്ച് നൂറ്റാണ്ട് മുമ്പാണ് ചീനവലകൾ ആദ്യമായി സ്ഥാപിച്ചതെന്നാണ് പറയപ്പെടുന്നത്. നീളമുള്ള തേക്കിൻകഴകൾകൊണ്ടാണ് പ്രധാന ഭാഗങ്ങൾ നിർമിക്കുന്നത്. ചീനവലകൾ നവീകരിക്കുമ്പോൾ, തേക്കിൻകഴകൾക്ക് ഭീമമായ തുക നൽകേണ്ടി വരുന്നതിനാൽ പകരം ഇരുമ്പുപൈപ്പുകൾ ആശ്രയിക്കുകയാണ്. നീളമേറിയ തേക്ക് ലഭിക്കുന്നതിനുള്ള പ്രയാസവും ഈ മാറ്റത്തിന് വഴിവെക്കുന്നു. ഇത് ചീനവലകളുടെ പൈതൃകത്തനിമ ചോർത്തുന്നു. പൊതുവെ മത്സ്യലഭ്യത കുറഞ്ഞ അവസ്ഥയാണ്. പായലുകൾ അടിക്കടി അടിയുന്നത് വല കീറുന്നതിന് ഇടയാക്കുന്നു. മീൻ ലഭ്യത കുറഞ്ഞതോടെ തൊഴിലാളികളെ കിട്ടാതായതും ഒരുപ്രശ്നമാണ്. ഇതുമൂലം വല വലിച്ചുകയറ്റാൻ മോട്ടോറുകൾ ഘടിപ്പിക്കുകയാണ്. ഇതെല്ലാം കണക്കിലെടുത്താണ് ഉടമകൾ ചീനവലകൾ ഉപേക്ഷിച്ചുവരുന്നത്. എന്നാൽ, ഫോർട്ട്കൊച്ചിയുടെ അടയാളമായ ചീനവലകൾ സംരക്ഷിക്കേണ്ടത് സർക്കാറിന്റെ, പ്രത്യേകിച്ച് ടൂറിസം വിഭാഗത്തിന്റെ ഉത്തരവാദിത്തമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.