ജില്ല പഞ്ചായത്ത് കറുകുറ്റി ഡിവിഷൻ; കറുകുറ്റിയിൽ പാരമ്പര്യ പോരാളികളുടെ പോരാട്ടം
text_fieldsഷൈജോ, സാബു, ലാലു
അങ്കമാലി: അങ്കമാലി ബ്ലോക്ക് പഞ്ചായത്തിലെ കിടങ്ങൂർ, മൂക്കന്നൂർ, കറുകുറ്റി ഡിവിഷനുകളും പാറക്കടവ് ബ്ലോക്ക് പഞ്ചായത്തിന്‍റെ കുത്തിയതോട്, പാറക്കടവ്, പുളിയനം, കുറുമശ്ശേരി ഡിവിഷനുകളും ഉൾപ്പെട്ടതാണ് കറുകുറ്റി ജില്ല പഞ്ചായത്ത് ഡിവിഷൻ. 83259 വോട്ടർമാരാണുള്ളത്. കറുകുറ്റി ഡിവിഷനിലെ മൂക്കന്നൂർ, കറുകുറ്റി, പാറക്കടവ് എന്നീ മൂന്ന് ഗ്രാമ പഞ്ചായത്തുകളിലും നിലവിൽ യു.ഡി.എഫിനാണ് ഭരണം. കഴിഞ്ഞ മൂന്ന് ടേമിലും യു.ഡി.എഫിനെ പിന്തുണച്ച ഡിവിഷനാണിത്. അതേ സമയം ഏഴ് ബ്ലോക്ക് ഡിവിഷനുകളിൽ കഴിഞ്ഞ ടേമിൽ നാലെണ്ണം യു.ഡി.എഫിനേയും മൂന്നെണ്ണം എൽ.ഡി.എഫിനേയുമാണ് പിന്തുണച്ചത്.
ഇത്തവണ വിദ്യാർഥി പ്രസ്ഥാനങ്ങളിലൂടെ വളർന്ന രാഷ്ട്രീയ പാരമ്പര്യമുള്ളവരാണ് പ്രധാന പോരാളികൾ. എൽ.ഡി.എഫിൽ നിന്ന് സി.പി.എമ്മിലെ സി.എം. സാബുവും, യു.ഡി.എഫിൽ നിന്ന് കോൺഗ്രസിലെ ഷൈജോ പറമ്പിയുമാണ് പ്രധാനമായും ഏറ്റുമുട്ടുന്നത്.
ഷൈജോ പറമ്പി (യു.ഡി.എഫ്)
കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രസ്ഥാനങ്ങളിലൂടെ വളർന്ന് മണ്ഡലം പ്രസിഡന്‍റും, നിയോജകമണ്ഡലം പ്രസിഡന്‍റ് സ്ഥാനങ്ങളിലെത്തിയ ഷൈജോ പറമ്പി നിലവിൽ കറുകുറ്റി ഗ്രാമപഞ്ചായത്ത് വൈസ്. പ്രസിഡന്‍റും, ഡി.സി.സി ജനറൽ സെക്രട്ടറിയുമാണ്. ട്രേഡ് യൂനിയൻ രംഗത്തും നേതൃനിരയിലുള്ള ഷൈജോ ഐ.എൻ.ടി.യു.സി യുവജനവിഭാഗം സംസ്ഥാന സെക്രട്ടറിയായിരുന്നു.
നിലവിൽ കാലടി - അതിരപ്പിള്ളി പ്ലാന്‍റേഷനിലെ ഐ.എൻ.ടി.യു.സി യൂനിയൻ ജനറൽ സെക്രട്ടറിയും, ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്‍റും, എ.ഐ.ഡബ്ല്യു.സി സംസ്ഥാന സെക്രട്ടറിയും, ബി.എസ്.എൻ.എൽ ബോർഡ് മെമ്പറുമാണ്. മികച്ച കായിക താരവും, കായിക പ്രേമിയും, സംഘാടകനുമായ ഷൈജോ ജില്ല സ്പോർട്സ് കൗൺസിൽ അംഗവും, കേരള സെവൻസ് ഫുട്ബോൾ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്‍റും, ജില്ല പ്രസിഡന്‍റുമായിരുന്നു. 13 വർഷം യുവജന പ്രസ്ഥാനമായ സി.എൽ.സിയുടെ അതിരൂപത പ്രസിഡന്‍റായിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ച രണ്ട് തവണയും വിജയിച്ചു.
സി.എം. സാബു (എൽ.ഡി.എഫ്)
പാറക്കടവ് കുറുമശ്ശേരി ചീരകത്തിൽ പരേതനായ സി.പി മാത്യുവിന്‍റേയും, റീനയുടേയും മകനായ സാബു1987 ൽ കളമശ്ശേരി ഗവ.ഐ.ടി.ഐയിൽ എസ്.എഫ്.ഐ യൂനിറ്റ് ജോ. സെക്രട്ടറിയായാണ് രാഷ്ട്രീയ ജീവിതത്തിന് തുടക്കം കുറിച്ചത്. എറണാകുളം മഹാരാജാസ് കോളജ് ഈവനിങ് കോളജ് ചെയർമാൻ, യൂനിവേഴ്സിറ്റി യൂനിയൻ കൗൺസിലർ, എം. ജി. യൂനിവേഴ്സിറ്റി യൂനിയൻ എക്സിക്യൂട്ടീവ് അംഗം എന്നിങ്ങനെ പ്രവർത്തിച്ചു.
എസ്.എഫ്.ഐ എറണാകുളം ഏരിയ സെക്രട്ടറി, ജില്ല സെക്രട്ടറിയേറ്റംഗം എന്നീ ചുമതലകളും വഹിച്ചു. പിന്നീട് ജോലി ആവശ്യാർഥം അയർലണ്ടിലെത്തി.
അവിടെ ആദ്യമായി രൂപവത്കരിച്ച മലയാളി ഇടതുപക്ഷ കൂട്ടായ്മയായ ‘സോഷ്യൽ ഫോറ’ത്തിന്‍റെ (ക്രാന്തി) സ്ഥാപക സെക്രട്ടറിയായും, അങ്കമാലി സ്വദേശികളുടെ കൂട്ടായ്മയായ ‘നെടുമ്പാശ്ശേരി ഫാമിലീസ് ഇൻ അയർലന്‍റ്’ സെക്രട്ടറിയായും പ്രവർത്തിച്ചു.
നാട്ടിൽ തിരിച്ചെത്തി 2019-2024 കാലയളവിൽ പാറക്കടവ് സർവിസ് സഹകരണ ബാങ്ക് പ്രസിഡന്‍റുമായി. മൂന്ന് വർഷമായി സി.പി.എം പാറക്കടവ് ലോക്കൽ കമ്മിറ്റി അംഗമാണ്.
ലാലു പൈനാട് (എൻ.ഡി.എ)
കറുകുറ്റി പൈനാടത്ത് കുടുംബാംഗമായ ലാലു പൈനാടത്താണ് എൻ.ഡി.എ സ്ഥാനാർഥി. കറുകുറ്റി ലയൺസ് ക്ലബ് സെക്രട്ടറിയാണ്.
ഒന്നര മാസം മുമ്പ് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖറിൽനിന്നാണ് അംഗത്വം ലഭിച്ചത്. തെരഞ്ഞെടുപ്പിൽ ആദ്യമായാണ് ലാലു മത്സരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

