കായലുകളിൽ പായൽ നിറയുന്നു; നീക്കം ചെയ്യാൻ വാങ്ങിയ വീഡ് ഹാർവെസ്റ്റ് എവിടെ?
text_fieldsഇടക്കൊച്ചി കായലിൽ നിറയുന്ന പോളപായൽ
പള്ളുരുത്തി: കായലുകളിലും തോടുകളിലും പോള പായലുകൾ നിറയുന്നു. വരും ദിവസങ്ങളിൽ പായൽ നിറഞ്ഞ് പരമ്പരാഗത തൊഴിലാളികളുടെ മത്സ്യ ബന്ധനവും ജല വാഹന യാത്രയും തടസ്സപ്പെടുമെന്നിരിക്കെ പ്രാരംഭത്തിൽ തന്നെ പായൽ നീക്കം ചെയ്യാനുള്ള ഒരു നടപടിയും അധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടാകാത്തതിൽ പ്രതിഷേധം ഉയരുന്നു.
കായലുകളിലും തോടുകളിലും മാത്രമല്ല ഒഴുകിയെത്തുന്ന പായൽക്കൂട്ടം ഫോർട്ടുകൊച്ചി കടപ്പുറത്ത് അടിഞ്ഞ് തീരവും വൃത്തിഹീനമാകുകയാണ്. ഈ അവസ്ഥയിൽ കഴിഞ്ഞ കൗൺസിൽ കാലത്ത് കൊച്ചി കോർപറേഷൻ കായലുകളിലെയും തോടുകളിലെയും പായലും കളകളും നീക്കുന്നതിന് കൊട്ടിഘോഷിച്ച് ഇറക്കിയ വീഡ് ഹാർവെസ്റ്റ് എവിടെയെന്ന ചോദ്യം നാട്ടുകാർ ഉയർത്തുന്നു. ജല വാഹനമടക്കമുള്ള ഈ ആധുനിക യന്ത്രം ഉദ്ഘാടനം ചെയ്ത ശേഷം കുറഞ്ഞ ദിവസങ്ങളിൽ മാത്രമേ പായൽ നീക്കം നടത്തിയിട്ടുള്ളുവെന്നാണ് ആരോപണം.
2024 നവംബറിലാണ് വീഡ് ഹാർവെസ്റ്റ് വാങ്ങുന്നതിന് കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡ് തുക അനുവദിച്ചത്. പ്രവര്‍ത്തന മെയിന്റനന്‍സ് കരാറാറോടെ അഞ്ച് വര്‍ഷത്തേക്ക് നിര്‍മാണ കമ്പനിയെ തന്നെ ഏല്‍പ്പിക്കുകയാണെന്നാണ് അന്നത്തെ മേയർ എം. അനിൽകുമാർ വൃക്തമാക്കിയത്.
നിര്‍മാണവും പ്രവര്‍ത്തനവും മെയിന്റനന്‍സും അടക്കം മൊത്തം ചെലവ് 13.92 കോടിയായിരുന്നു. നഗരസഭ ഏറ്റെടുത്ത് ഒടുവില്‍ കട്ടപ്പുറത്തിരുന്നു പോവാതിരിക്കാനാണ് സി.എസ്.എം.എൽ വഴി നിര്‍മാണ കമ്പനികളെ തന്നെ ഏല്പ്പിക്കുന്നതെന്നായിരുന്നു മേയർ പറഞ്ഞത്. കൊച്ചി നഗരസഭ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ വാങ്ങി കൂട്ടിയ കാലമായിരുന്നു കഴിഞ്ഞ കൗണ്‍സില്‍ കാലം.
എം. അനില്‍കുമാര്‍ മേയറായിരുന്ന അക്കാലത്ത് ഇപ്പോഴത്തെ മേയര്‍ മിനിമോള്‍ പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷയുമായിരുന്നു. കായലുകളിൽ പായൽ നിറഞ്ഞ് തൊഴിലിടം ഇല്ലാതാകുമ്പോൾ വേദനയോടെ മത്സ്യതൊഴിലാളികളും ചോദിക്കുകയാണ് പായൽ നീക്കുന്ന വീഡ് ഹാർവെസ്റ്റര്‍ എവിടെ എന്ന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

