ഓണവിപണിയിൽ കസവിൻ തിളക്കം
text_fieldsകൊച്ചി നഗരത്തിലെ ഓണക്കച്ചവടം
കൊച്ചി: തിരുവോണ നാൾ അടുത്തതോടെ നോക്കുന്നിടത്തെല്ലാം പൂക്കളുടെയും കസവിന്റെയും പൊൻതിളക്കമാണ്. കസവു സാരിയും കസവുമുണ്ടുമണിഞ്ഞ് എല്ലാവരും തിരുവോണത്തിനെ വരവേൽക്കാനൊരുങ്ങുമ്പോൾ വസ്ത്രവിപണിയിൽ പൊൻതിളക്കം. ഒരു വർഷത്തിലെ പകുതി ശതമാനത്തോളം വസ്ത്ര കച്ചവടം നടക്കുന്ന കാലം കൂടിയാണ് ഓണവിപണി. തിരുവോണം വെള്ളിയാഴ്ച ആണെങ്കിലും ഓണക്കച്ചവടം കുറച്ചു ദിവസം കൂടി നീളും.
കൊച്ചി നഗരത്തിൽ ബ്രോഡ്വേയിലെ ചെറുതും വലുതുമായ വസ്ത്രസ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് വിൽപന സജീവമായിട്ടുള്ളത്. ഇതുകൂടാതെ വൻകിട വസ്ത്രാലയങ്ങൾ, ഷോപ്പിങ് മാളുകൾ എന്നിവിടങ്ങളിലും ഓണവിപണി സജീവമാണ്. ചിങ്ങമാസം തുടങ്ങുന്നതിനു മുമ്പേ ഓണക്കോടിയുടെ വിൽപന തുടങ്ങിയിരുന്നു. ഓണനാളുകൾ അടുത്തതോടെ വിപണിയിൽ തിരക്കേറി. ഉത്രാടനാളായ വ്യാഴാഴ്ച വരെ ഓണക്കോടിക്കായുള്ള പാച്ചിലിലായിരിക്കും പലരും.
കസവുസാരി, സെറ്റും മുണ്ടും, ദാവണി, പട്ടുപാവാടയും ബ്ലൗസും, കസവുമുണ്ടും ഷർട്ടും എന്നിങ്ങനെയാണ് ഓണക്കോടിയായി വിപണിയിലിറങ്ങുന്നത്. കസവു കോടികൾ മാത്രമല്ല, മറ്റു തുണിത്തരങ്ങൾ വാങ്ങുന്നവരുമുണ്ട്. കോളജുകളിലും സ്ഥാപനങ്ങളിലുമെല്ലാം ഓണാഘോഷത്തിനായി ഒരുപോലുള്ള വസ്ത്രങ്ങൾ ഒറ്റ സെറ്റായി വാങ്ങുന്നവരുണ്ട്.
250 രൂപ മുതൽ മുകളിലേക്കാണ് മുണ്ടിന്റെ വില. വഴിയോരക്കടകളിലാണെങ്കിൽ ഇതിലും കുറയും. 500 രൂപക്കു മുകളിൽ കൊടുത്താൽ നല്ല കസവു സാരിയും സെറ്റും മുണ്ടുമെല്ലാം കിട്ടും. സാരിയിൽ മ്യൂറൽ ചിത്രപ്പണികൾ ചെയ്തതിനാണ് ഇത്തവണയും ജനപ്രീതി കൂടുതൽ. ഇത്തരം ഇനങ്ങൾക്ക് വിലയൽപ്പം കൂടും.
ഷർട്ടിന് 500ഉം അതിനു മുകളിലും നൽകണം. ഓഫ് വൈറ്റ് നിറത്തിലുള്ള പാവാടയും ഒറ്റ നിറത്തിലുള്ള ബ്ലൗസും ഷാളുമാണ് ദാവണിയിൽ ട്രെൻഡിങ് ആയി നിൽക്കുന്നത്. ഓണക്കാലത്ത് കച്ചവടം പൊടിപൊടിക്കുന്നതിനാൽ വഴിയോര കച്ചവടക്കാരും സജീവമാണ്. കടകളിലുള്ളതിനേക്കാൾ വിലക്കുറിച്ചു കിട്ടുന്നുവെന്നതാണ് പ്രത്യേകത. തമിഴ്നാട്ടിൽ നിന്നുള്ളവർ വരെ ഇത്തരത്തിൽ വിൽപനക്കെത്തിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.