പെരിയാർ സംരക്ഷണം; രണ്ടാഴ്ചക്കകം നടപടി അറിയിക്കണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: പെരിയാർ നദി സംരക്ഷണവുമായി ബന്ധപ്പെട്ട പ്രായോഗിക പരിഹാരങ്ങൾ രണ്ടാഴ്ചക്കകം അറിയിക്കണമെന്ന് സർക്കാറിനോട് ഹൈകോടതി. കുഴിക്കണ്ടം തോട് ശുചീകരണ നടപടികൾ ഈ കാലയളവിൽ പൂർത്തീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, എം.ബി. സ്നേഹലത എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. പെരിയാർ, കുഴിക്കണ്ടം തോട് മലിനീകരണം തടയാൻ നടപടി ആവശ്യപ്പെട്ട് നൽകിയ ഹരജികളിലാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
ഹരജി പരിഗണിക്കവെ ചീഫ് സെക്രട്ടറിയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഓൺലൈനിൽ ഹാജരായി. ഇതുമായി ബന്ധപ്പെട്ട പല വിഷയങ്ങളും സർക്കാറിന്റെ പരിഗണനയിലുള്ളതാണെന്നും ബന്ധപ്പെട്ട കോടതി ഉത്തരവുകളും നടപടികളും പരിശോധിക്കാൻ സമയം അനുവദിക്കണമെന്നും ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടു. കോടതി ഉത്തരവുകളെ തുടർന്ന് ഉന്നതതല സമിതി രൂപവത്കരിച്ചിട്ടും കുഴിക്കണ്ടം തോടിന്റെ കാര്യത്തിൽ അടിസ്ഥാനപരമായ മാറ്റങ്ങളുണ്ടായിട്ടില്ലെന്ന് ഹരജിക്കാർ ചൂണ്ടിക്കാട്ടി.
നടപടികൾ ആരംഭിച്ചിട്ടുണ്ടെങ്കിലും വലിയ പുരോഗതിയുണ്ടായിട്ടില്ലെന്ന് സർക്കാറും സമ്മതിച്ചു. കേന്ദ്ര സർക്കാറിന്റെ സഹായം ആവശ്യമുള്ളതായും സംസ്ഥാന സർക്കാർ അറിയിച്ചു. പെരിയാർ ജലം മാത്രം ആശ്രയിക്കുന്ന ജനങ്ങളുടെ ദുരവസ്ഥയെക്കുറിച്ച് ബോധ്യമുള്ളതിനാലാണ് നദിയിലെ വെള്ളം ശുദ്ധമായി ഒഴുകണമെന്ന കാര്യത്തിൽ തങ്ങൾ താൽപര്യം പുലർത്തുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.
സംയോജിത നദീതട സംരക്ഷണ-മാനേജ്മെന്റ് പദ്ധതി പെരിയാർ നദിയുടെ കാര്യത്തിൽ പ്രാവർത്തികമല്ലെന്ന് ഹരജി പരിഗണിക്കവേ സർക്കാർ അറിയിച്ചു. തുടർന്ന് ഏകീകൃത അതോറിറ്റിയോ ഫലപ്രദമായ മറ്റേതെങ്കിലും സ്ഥാപനമോ വേണമെന്നത് ഗൗരവമായി പരിഗണിക്കാൻ കോടതി നിർദേശിച്ചു. ഹരജി ഓണാവധിക്ക് ശേഷം സെപ്റ്റംബർ പത്തിന് പരിഗണിക്കാൻ മാറ്റി. ഇതിനിടയിൽ നിർദേശങ്ങൾ നൽകാനാണ് സർക്കാറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.